sabarimala-supreme-court

ന്യൂഡൽഹി: നൂറ് വർഷം കാത്തിരുന്നാലും ശബരിമലയിൽ സർക്കാർ നിയമനിർമ്മാണം നടത്തില്ലെന്ന് സുപ്രീം കോടതി. വർഷത്തിൽ 50 ലക്ഷത്തിലധികം തീർത്ഥാടകർ വരുന്ന ശബരിമലയെ മറ്റു ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശബരിമലയ്‌ക്കു വേണ്ടി പ്രത്യേക നിയമം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട ഹ‌ർജി പരിഗണിക്കവെയാണ് ജസ്‌റ്റിസ് രമണ ഇക്കാര്യം വ്യക്തമാക്കിയത്. വനിതകൾക്ക് ദേവസ്വം ബോർഡിൽ മൂന്നിലൊന്ന് സംവരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ച സർക്കാരിനോട്, ഏഴംഗബെഞ്ച്,​ ശബരിമലയിൽ യുവതികൾ പ്രവേശിക്കണ്ട എന്ന് ഉത്തരവിടുകയാണെങ്കിൽ ഇത് എങ്ങനെ പ്രായോഗികമാവുകയെന്നും ചോദിച്ചു.

ശബരിമലയ്‌ക്ക് പ്രത്യേക നിയമം നിർമ്മിക്കുമെന്ന് രണ്ട് മാസം മുമ്പ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അതനുസരിച്ച് ഇന്ന് കേസ് സുപ്രീം കോടതി പരിഗണിച്ചപ്പോൾ നിയമത്തിന്റെ ഒരുകരട് സർക്കാർ കോടതിയ്‌ക്ക് കൈമാറുകയാണ് ചെയ്‌തത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ ആക്‌ട് സംബന്ധിച്ചുള്ളതായിരുന്നു ഇത്. തുടർന്നാണ് ജസ്‌റ്റിസ് രമണ സംസ്ഥന സർക്കാരിന്റെ അഭിഭാഷകനോട് ശബരിമലയെ മറ്റു ക്ഷേത്രങ്ങളുമായി താരതമ്യപ്പെടുത്തരുതെന്ന് പറഞ്ഞത്. പ്രതിവർഷം ഏതാണ്ട് 50 ലക്ഷത്തോളം പേർ ദർശനം നടത്തുന്ന ക്ഷേത്രമാണ് ശബരിമലയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ‌്തു.

സംസ്ഥാന സർക്കാർ ഇന്ന് കോടതിയ്‌ക്ക് കൈമാറിയ ആക്‌ടിന്റെ കരടിൽ വനിതകൾക്ക് ദേവസ്വം ബോർഡിൽ മൂന്നിലൊന്ന് സംവരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചിരുന്നു. അപ്പോഴാണ് ഏഴംഗബെഞ്ച്,​ ശബരിമലയിൽ യുവതികൾ പ്രവേശിക്കണ്ട എന്ന ഉത്തരവിടുകയാണെങ്കിൽ ഇത് പ്രായോഗികമാവുകയെന്നും,​ ഭരണസമിതിയിലെ വനിതകൾക്ക് ശബരിമലയിലെത്താൻ കഴിയുകയെന്നും ചോദിച്ചത്.

സംസ്ഥാനസർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ ജി. പ്രകാശ്, ലിംഗനീതിയാണ് തങ്ങൾ ഇക്കാര്യത്തിൽ സ്വീകരിക്കുന്നതെന്ന സർക്കാരിന്റെ നിലപാട് കോടതിയെ അറിയിക്കുകയും ചെയ‌്തു.എന്നാൽ പ്രത്യേക നിയമം സംബന്ധിച്ച് തനിക്ക് സംസ്ഥാന സർക്കാരിൽ നിന്ന് കൂടുതലായി അറിയേണ്ടതായിട്ടുണ്ടെന്ന് പറഞ്ഞ ജസ്‌റ്റിസ് രമണ, കേസ് ഇന്നുതന്നെ പരിഗണിക്കുന്നതിനായി മാറ്റി വച്ചു. സംസ്ഥാന സർക്കാരിന്റെ മുതിർന്ന അഭിഭാഷകൻ ജെ.ബി ഗുപ്‌തയോട് ഹാജരാകുവാൻ അദ്ദേഹം നിർദേശിക്കുകയും ചെയ്‌തു.

കേസ് പരിഗണിച്ചപ്പോൾ തന്നെ ജസ്‌റ്റിസ് രമണ ആദ്യം പറഞ്ഞ വാചകം 100 വർഷം കാത്തിരുന്നാലും സർക്കാർ ഈ വിഷയത്തിൽ നിയമനിർമ്മാണം നടത്തില്ല എന്നാണ്. കേസ് മാറ്റിവയ്‌ക്കണമെന്ന് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഇത്. നിലവിലെ ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്‌ഡെയ്‌ക്ക് ശേഷം സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്‌റ്റിസാണ് രമണ.