നയതന്ത്രത്തിൽ തീരുമാനങ്ങൾക്കല്ല അത് എടുക്കുന്നതിനുള്ള വേഗതയ്ക്കാണ് പ്രാധാന്യം. കഴിഞ്ഞ ഞായറാഴ്ച ശ്രീലങ്കയിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ത്യയെ സംബന്ധിച്ച് അത്ര ശുഭകരമായിരുന്നില്ല. ചൈനയോട് എന്നും ആഭിമുഖ്യം പുലർത്തിയിരുന്ന രാജപക്‌സെ സഹോദരൻമാരുടെ കൈകളിലേക്ക് ദ്വീപ് ഭരണം ചുരുങ്ങിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള നയതന്ത്ര വിദഗ്ദ്ധർ ശ്രീലങ്കയുടെ തിരഞ്ഞെടുപ്പ് ഫലത്തെ ഇന്ത്യ ചൈന ബന്ധവുമായി കൂട്ടിച്ചേർത്താണ് വിശകലനം ചെയ്തതെന്നും ശ്രദ്ധേയമാണ്.
ചൈനയുടെ വിജയമെന്ന രീതിയിൽ ശ്രീലങ്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തെ വിശകലനം ചെയ്യവേയാണ് ഇന്ത്യ സുപ്രധാനമായ നയതനന്ത്ര നീക്കം നടത്തിയത്. സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസം കഴിയവേ ന്യൂഡൽഹിയിൽ നിന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നേരിട്ട് ശ്രീലങ്കയിൽ പറന്നിറങ്ങുകയായിരുന്നു. നേരിട്ട് അഭിനന്ദനം അറിയിക്കുവാനാണ് എത്തിയതെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുമ്പോഴും ഡൽഹിയുടെ സന്ദേശം കൃത്യമായി എത്തിക്കുവാനായിരിക്കും അദ്ദേഹത്തിന്റെ ദൗത്യം. ചൊവ്വാഴ്ച വൈകിട്ട് കൊളംബോയിലെത്തിയ ജയ്ശങ്കർ ബുധനാഴ്ച രാവിലെയോടെ ഡൽഹിയിലേക്ക് മടങ്ങുകയാണുണ്ടായത്. ശ്രീലങ്കൻ പ്രസിഡന്റിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള നരേന്ദ്ര മോദിയുടെ സന്ദേശം കൈമാറാനാണ് നേരിട്ട് വിദേശകാര്യ മന്ത്രിയെ അയച്ചതെന്നാണ് കരുതുന്നത്. ഈ മാസം 29ന് ഇന്ത്യ സന്ദർശിക്കുമെന്ന് ഗോതാബയ രാജപക്‌സെ അറിയിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ശ്രീലങ്കൻ രാഷ്ട്രപതിയായി ചുമതല എടുത്ത ശേഷം അദ്ദേഹം സന്ദർശിക്കുന്ന ആദ്യ വിദേശ രാഷ്ട്രം ഇന്ത്യയാവും.
അയൽ രാജ്യങ്ങളുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്നതിൽ മോദി സർക്കാർ എടുക്കുന്ന മിന്നൽ നീക്കങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. ബന്ധവൈരികളായിട്ടും അഫ്ഗാനിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങവേ അപ്രതീക്ഷിതമായി പാകിസ്ഥാനിലെത്തി അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ കാണുവാൻ ഇന്ത്യൻ പ്രധാനമന്ത്രി തയ്യാറായിരുന്നു.
മങ്ങുമോ ചൈനയുടെ സന്തോഷം
ശ്രീലങ്കയുടെ മുൻ പ്രസിഡന്റായിരുന്ന മഹീന്ദ രാജപക്‌സെയുടെ സഹോദരൻ ഗോതാബയ രാജപക്‌സെയുടെ തിരഞ്ഞെടുപ്പ് വിജയത്തെ സ്വന്തം വിജയം എന്ന രീതിയിലായിരുന്നു ചൈനീസ് മാദ്ധ്യമങ്ങൾ അവതരിപ്പിച്ചത്. തിരഞ്ഞെടുപ്പിൽ ഗാതാബയ രാജപക്‌സെ മത്സരിക്കാനുള്ള കാരണം തന്നെ അദ്ദേഹത്തിന്റെ സഹോദരനും മുൻപ് രണ്ടു തവണ ശ്രീലങ്കയുടെ പ്രസിഡന്റുമായ മഹീന്ദ രാജപക്‌സെയ്ക്ക് മത്സരിക്കാൻ കഴിയാതിരുന്നതിനാലാണ്. രണ്ടു തവണയിൽ കൂടുതൽ ഒരാൾക്ക് ശ്രീലങ്കയുടെ പ്രസിഡന്റാവാനാവില്ലെന്ന നിയമമാണ് അദ്ദേഹത്തിന് തടസമായത്. എന്നാൽ സഹോദരന്റെ വിജയത്തിലൂടെ അധികാരത്തിൽ പേരില്ലെങ്കിലും തീരുമാനങ്ങളെടുക്കാൻ ഇനി മഹീന്ദ രാജപക്‌സെക്കാവും. അതിനാൽ തന്നെ തങ്ങളുടെ താത്പര്യങ്ങൾ മുൻപത്തെപ്പോലെ ശ്രീലങ്കയിൽ നടപ്പിലാക്കാനാവുമെന്ന് ചൈന കരുതുന്നുമുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം അദ്ദേഹത്തെ നേരിട്ട് ടെലിഫോണിലൂടെ ആശംസകളറിയിച്ച ഇന്ത്യൻ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ക്ഷണം ഗോതാബയ രാജപക്‌സെ സ്വീകരിക്കുകയും ആദ്യ വിദേശ സന്ദർശനത്തിന്റെ ദിവസം കുറിക്കുകയും ചെയ്തതോടെ ഇന്ത്യയുടെ നയതന്ത്ര നീക്കത്തെ പ്രകീർത്തിക്കുകയാണ് നയതന്ത്ര വിദഗ്ദ്ധരിപ്പോൾ.
A warm meeting with Sri Lanka President @GotabayaR. Conveyed PM @narendramodi’s message of a partnership for shared peace, progress, prosperity & security. Confident that under his leadership, #IndiaSriLanka relations would reach greater heights. pic.twitter.com/pDxZf0ZM3A
— Dr. S. Jaishankar (@DrSJaishankar) November 19, 2019