
ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക മേഖല വീണ്ടും താഴേക്കെന്ന് റിപ്പോർട്ടുകൾ. 2019-20 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ വളർച്ചാ നിരക്ക് അഞ്ച് ശതമാനമായി കുറഞ്ഞതായാണ് പുറത്തുവരുന്ന കണക്കുകൾ. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക വിദഗ്ദ്ധ സംഘമടക്കമാണ് ഇത്തരത്തിലുള്ള പ്രവചനം നടത്തിയിരിക്കുന്നത്. ഈ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ രാജ്യത്തിന്റെ വളർച്ചാ നിരക്ക് അഞ്ച് ശതമാനത്തിന് താഴേക്ക് പോകുമെന്ന് പ്രമുഖ ഫിനാൻഷ്യൽ ഹോള്‍ഡിംഗ് കമ്പനിയായ നൊമുറ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ നൊമുറയ്ക്കൊപ്പം പ്രമുഖ ധനകാര്യ സ്ഥാപനമായ കാപിറ്റൽ എക്കണോമിക്‌സും സമാനമായ വിശകലനത്തിലാണ് എത്തിയിരിക്കുന്നത്.
രാജ്യത്തെ വ്യാവസായിക ഉൽപാദനത്തിൽ സെപ്തംബറിൽ ഇടിവ് നേരിട്ടിരുന്നു. തുടർച്ചയായി ഇത് രണ്ടാം മാസത്തിലാണ് രാജ്യത്തെ ഫാക്ടറി ഉൽപാദനത്തിൽ ഇടിവ് റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ വളർച്ചാമുരടിപ്പ് കൂടുതൽ ശ്വാസം മുട്ടിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സെപ്തംബർ പാദത്തിലെ ജി.ഡി.പി വളർച്ചാ നിരക്ക് ജൂണിൽ അവസാനിച്ച ഒന്നാം പാദത്തെക്കാൾ കൂടുതൽ താഴേക്ക് പോകുമെന്നാണ് കണക്കാക്കുന്നത്.

സെപ്തംബറിൽ അവസാനിച്ച പാദത്തിലെ വളർച്ച 4.2 മുതൽ 4.7 ശതമാനം വരെയാണ് ഇവർ കണക്കാക്കുന്നത്. നവംബർ 29നാണ് വളർച്ച കണക്കുകൾ സർക്കാർ പുറത്തിറക്കുക. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി) ഡാറ്റക്കായുള്ള അടിസ്ഥാന വർഷം 2012 ആക്കിയതിന് ശേഷം സാമ്പത്തിക വളർച്ച ഏറ്റവും താഴ്ന്ന നിലയിലേക്കെത്തുന്നത് ഇതാദ്യമായിട്ടായിരിക്കും. ജൂൺ വരെയുള്ള മൂന്ന് മാസത്തെ പാദത്തിൽ സാമ്പത്തിക വളർച്ച അഞ്ച് ശതമാനത്തിലേക്കെത്തിയിരുന്നു.

നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ 4.2 ശതമാനത്തിലേക്ക് ഇടിയുമെന്നാണ് നൊമുറ കണക്കാക്കുന്നത്. ഈ സാമ്പത്തിക വർഷത്തെ പ്രതീക്ഷിത മൊത്ത വളർച്ചാ നിരക്കിലും നൊമുറ കുറവ് വരുത്തി. 5.7 ശതമാനത്തിൽ നിന്നും 4.9 ശതമാനത്തിലേക്കാണ് ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി നിരക്ക് കുറച്ചത്. അവസാനപാദത്തിൽ ഇന്ത്യയുടെ വളർച്ച 4.2 ആണെന്ന് പ്രവചിക്കുന്നതായി നൊമുറ മുഖ്യ സാമ്പത്തിക വിദഗ്ദ്ധൻ സൊനൽ വർമ അറിയിച്ചു. ആഗോള ഡിമാൻഡിൽ ആഭ്യന്തര വായ്പാ വ്യവസ്ഥകൾ ഇപ്പോഴും കർശനമായി തുടരുകയാണെന്നതടക്കമുള്ള കാര്യങ്ങളാണ് വളർച്ച താഴോട്ട് പോകാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

വളർച്ച വർദ്ധിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ വർഷം അഞ്ചു തവണ പലിശ നിരക്ക് കുറച്ചിരുന്നു. കൂടാതെ കമ്പനികൾക്ക് 2000 കോടി ഡോളറിന്റെ നികുതി ആനുകൂല്യം ഉൾപ്പെടെയുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായി. ഡിസംബറിൽ ആർ.ബി.ഐ നിരക്കിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് പറഞ്ഞു. അത്തരം നിരക്ക് വെട്ടിക്കുറക്കലുകൾ വേഗത്തിലുള്ള പുനരുജ്ജീവനത്തിന് സഹായിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നൊമുറ കണക്കാക്കുന്ന വളർച്ച നിരക്കിനോട് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും പൊരുത്തപ്പെടുന്നു. 4.2 ശതമാനം വളർച്ചയാണ് അവരും പറയുന്നത്.
അതേസമയം, 2020ൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ വളർച്ചാ മുന്നേറ്റം ഉണ്ടാകുമെന്ന പ്രതീക്ഷ കുറവാണെന്നാണ് എസ്.ബി.ഐ റിപ്പോർട്ട് പറയുന്നത്. സമ്പദ് വ്യവസ്ഥയിലെ ഡിമാൻഡ് മാന്ദ്യം ഇപ്പോഴും പ്രാധാന്യമർഹിക്കുന്നതാണെന്നും ഇത് വീണ്ടെടുക്കാൻ കൂടുതൽ സമയമെടുക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.