ബംഗളൂരു : രാജ്യത്തെ ഐ.ടി മേഖലയിൽ വീണ്ടും ആശങ്കയുടെ കാർമേഘം ഉരുണ്ടുകൂടുന്നു. ഈ വർഷം രാജ്യത്ത് മുപ്പതിനായിരം മുതൽ നാൽപ്പതിനായിരം വരെ ടെക്കികൾക്ക് ജോലി നഷ്ടപ്പെടുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഐ.ടി കമ്പനികളുടെ വളർച്ച വിചാരിച്ച വേഗത കൈവരിക്കാനാവാത്തതിനാൽ ചെലവു ചുരുക്കുന്നതിന്റെ ഭാഗമായിട്ടാണ് മധ്യനിരയിലുള്ള ജീവനക്കാരെ പിരിച്ചുവിടാൻ ഐ.ടി കമ്പനികൾ ഒരുങ്ങുന്നതായി സൂചന ലഭിക്കുന്നത്. ഇൻഫോസിസ് ലിമിറ്റഡിന്റെ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ ടി.വി മോഹൻദാസ് പൈയാണ് മദ്ധ്യനിരയിലുള്ള ഐ.ടി പ്രൊഫഷണലുകൾക്ക് ജോലിനഷ്ടം സംഭവിക്കുമെന്ന മുന്നറിപ്പ് നൽകിയിരിക്കുന്നത്. ഇത്തരം തൊഴിൽ നഷ്ടങ്ങൾ അഞ്ചുവർഷത്തിലൊരിക്കൽ സംഭവിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കനത്ത ശമ്പളം ലഭിക്കുമ്പോഴും അതിന്റെ മൂല്യത്തിനൊത്ത പ്രകടനം കാഴ്ച വയ്ക്കാനാവാത്തവർക്കാണ് ജോലി നഷ്ടമാവുക, കമ്പനികൾ വളർച്ചയുടെ പാതയിലാവുമ്പോൾ ഇത് പ്രകടമാവില്ലെന്നും, എന്നാൽ വളർച്ചാ നിരക്ക് താഴുമ്പോൾ ഉയർന്ന ശമ്പളം വാങ്ങുന്ന ജീവനക്കാരെ പിരിച്ചു വിടേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആദ്യം സൂചന നൽകിയത് പ്രമുഖ ഐ.ടി കമ്പനിയായ കോഗ്നിസന്റായിരുന്നു. പന്ത്രണ്ടായിരം പേരെ പിരിച്ചുവിടുമെന്നാണ് അറിയിച്ചത്. എന്നാൽ ഈ നീക്കത്തിന് പിന്തുണയെന്നോണം ഇൻഫോസിസും പതിനായിരം വരെ ജീവനക്കാരെ പിരിച്ചുവിടുമെന്ന വാർത്ത വന്നതോടെയാണ് ഐ.ടി പ്രൊഫഷണൽസ് ആശങ്കിയിലായത്. കോഗ്നിസന്റിന്റെയും ഇൻഫോസിസിന്റെയും പാത മറ്റു കമ്പനികളും പിന്തുടരുമോ എന്ന ആശങ്കയിലാണ് ടെക്കികൾ. ചെലവ് ചുരുക്കലിന്റെ മറവിൽ ഉയർന്ന ശമ്പളം വാങ്ങുന്ന സീനിയർ ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നതിനും 'പിരിച്ചുവിടൽ' ഐ.ടി കമ്പനികൾ മറയാക്കുന്നതായും ടെക്കികൾ ആരോപിക്കുന്നുണ്ട്