പനാജി : ഒരു ദിവസം രാത്രി ഇറ്റലിയിലെ തെരുവിലൂടെ ഞാൻ കാറോടിച്ചു പോവുകയായിരുന്നു. അപ്പോൾ ഒരു കുഞ്ഞ് കരയുന്നു. അഞ്ചെട്ട് വയസ് പ്രായം വരും. അവനെ ഉപേക്ഷിച്ചു പോയാൽ തെരുവ് നായ്ക്കൾ കടിച്ചുകീറും. ഒരു നിമിഷം ആലോചിച്ചു. ഒടുവിൽ കാർ നിറുത്തി. ഞാനവനെ വണ്ടിയിൽ കയറ്റി. പൊലീസിനെ ഏൽപ്പിച്ചു. അച്ഛനും അമ്മയും നഷ്ടപ്പെട്ട ഒരു അഭയാർത്ഥിക്കുഞ്ഞായിരുന്നു അവൻ. ആ സംഭവം മനസിൽ കിടന്നു.അതിൽ നിന്നാണ് ഡെസ്പൈറ്റ് ദ ഫോഗ് എന്ന സിനിമ പിറന്നത്.-- വിഖ്യാത യൂറോപ്യൻ ചലച്ചിത്ര സംവിധായകൻ ഗോരാൻ പാസ്ജെവിക് സംസാരിക്കുകയായിരുന്നു. ഇഫിയിലെ ഉദ്ഘാടന ചിത്രമായ ഡെസ്പൈറ്റ് ദ ഫോഗ് ലോകമെമ്പാടുമുള്ള അഭയാർത്ഥികൾക്ക് സമർപ്പിച്ച ചിത്രമാണ്.
തെരുവിൽ നിന്ന് ലഭിക്കുന്ന അഭയാർത്ഥിക്കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോകുമ്പോൾ നേരിടേണ്ടി വരുന്ന പ്രതിസന്ധികളിലൂടെയും സംഘർഷങ്ങളിലൂടെയുമാണ് പാസ്ജെവിക് കഥ പറയുന്നത്. അഭയാർത്ഥികളുടെ ജീവിതം ദയനീയമാണ്. കുഞ്ഞുങ്ങളുടെ കാര്യം അതിലും കഷ്ടം. ആരും സ്വന്തം വീടും നാടും വിട്ടുപോകാൻ ആഗ്രഹിക്കുന്നില്ല. പാസ്ജെവിക് വിശദീകരിച്ചു.
ഇറ്റലിയിലേക്ക് വരാൻ ശ്രമിച്ച് മെഡിറ്ററേനിയൻ കടലിൽ മുങ്ങിമരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഞാൻ സെർബിയക്കാരനാണ്. സിനിമ നിർമ്മിക്കാൻ എന്റെ നാട്ടിൽ പണമില്ലാത്തതിനാലാണ് ഞാൻ ഇറ്റലിയിൽ ചെന്ന് അവരുടെ സഹകരണത്തോടെ സിനിമയെടുക്കുന്നത്. ആ നിലയ്ക്ക് ഞാനുമൊരു അഭയാർത്ഥിയാണ്. എങ്കിലും അഭയാർത്ഥികളോടുള്ള ഇറ്റലിയുടെ സമീപനം ക്രൂരമാണെന്ന് എനിക്ക് പറയാതിരിക്കാനാവില്ല. സ്പെയിനും ഗ്രീസും വ്യത്യസ്തമല്ല. ലോകം അഭയാർത്ഥികളുടെ വേദന കാണാതിരിക്കരുത്. ആ പ്രശ്നത്തെ ദയാവായ്പോടെ സമീപിക്കണം. പരിഹാരം കാണണം. അതിനുള്ള ഒരു സന്ദേശം കൂടിയാണ് തന്റെ ചിത്രമെന്ന് പാസ്ജെവിക് പറഞ്ഞു.
ഇന്ത്യയോട് പ്രണയം
18 കഥാചിത്രങ്ങളും അനേകം ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുള്ള പാസ്ജെവിക് ദേവ്ഭൂമി എന്ന ടൈറ്റിലിൽ ഇന്ത്യയിൽ വച്ചും ഒരു ചിത്രമെടുത്തിട്ടുണ്ട്. അതേക്കുറിച്ച് അദ്ദേഹമിങ്ങനെ പറഞ്ഞു.- ഇന്ത്യയ്ക്കുള്ള എന്റെ ലൗവ് ലെറ്ററാണ് ദേവ്ഭൂമി. നാലുവർഷം മുമ്പ് ഇഫിയിൽ അന്താരാഷ്ട്ര ജൂറിയുടെ ചെയർമാനായി ഞാൻ വന്നിരുന്നു. അപ്പോൾ ജൂറിയിലെ മറ്റൊരു അംഗമായ ഇന്ത്യൻ നടൻ വിക്ടർ ബാനർജിയാണ് ഇന്ത്യയിൽ വച്ചൊരു സിനിമയെടുക്കാൻ പ്രേരിപ്പിച്ചത്. ബാനർജി നായകനായി.ഗീതാഞ്ജലി താപ്പയായിരുന്നു നായിക. ഹിമാലയത്തിലായിരുന്നു ചിത്രീകരണം. ആമസോൺ പ്രൈമിൽ ചിത്രം ലഭ്യമാണെന്നും പാസ്ജെവിക് പറഞ്ഞു.