1. ശബരിമലയ്ക്കായി പ്രത്യേക നിയമം കൊണ്ടു വരാത്തതില്‍ സംസ്ഥാന സര്‍ക്കാരിന് വിമര്‍ശനവും ആയി സുപ്രീംകോടതി. ശബരിമലയ്ക്ക് മാത്രമായി പ്രത്യേക നിയമം വേണം എന്ന് ജസ്റ്റിസ് രമണ. മറ്റ് ക്ഷേത്രങ്ങളും ആയി ശബരിമലയെ ബന്ധപ്പെടുത്തരുത്. വര്‍ഷത്തില്‍ 50 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ വരുന്ന സ്ഥലമാണ് ശബരിമല എന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി വിഷയത്തില്‍ ഇന്ന് തന്നെ മറുപടി വേണം എന്നും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബോര്‍ഡ് ഭരണ സമിതിയില്‍ വനിതകളെ ഉള്‍പ്പെടുത്തുന്നതിനും കോടതിയുടെ വിമര്‍ശനം. യുവതികളെ ജീവനക്കാരായി നിയമിക്കുന്നത് എങ്ങനെ എന്ന് കോടതി. ഏഴംഗ ബെഞ്ചിന്റെ വിധി എതിരായാല്‍ എന്ത് ചെയ്യും എന്നും കോടതിയുടെ ചോദ്യം. പന്തളം രാജകുടുംബം നല്‍കിയ പരാതിയില്‍ ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിരീക്ഷണങ്ങള്‍.
2. വാളയാര്‍ കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. പ്രാഥമിക അന്വേഷണത്തില്‍ ഗുരുതര വീഴ്ച എന്ന് സര്‍ക്കാര്‍. കേസില്‍ തുടരന്വേഷണവും വിചാരണയും നടത്തണം. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ചയും അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെയും പ്രോസിക്യൂഷന്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി സംവദിക്കുകയോ കൂടിക്കാഴ്ച നടത്തുകയോ ചെയ്തിട്ടില്ല എന്നും, മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തിയ രഹസ്യ സാക്ഷിമൊഴികള്‍ പോലും ഉപയോഗപ്പെടുത്താന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
3. മരണപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാളുടെ രഹസ്യ ഭാഗത്ത് പീഡനം നടന്നുവെന്ന് സംശയിക്കുന്ന തരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും പൊലീസ് മുഖവിലയ്ക്ക് എടുത്തില്ല. രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണത്തിലും നിരവധി അസ്വാഭാവികതകള്‍ ഉണ്ടായിരുന്നു. ഇതിലും കടുത്ത വീഴ്ചയാണ് ഉണ്ടായതെന്ന് അപ്പീലില്‍ പറയുന്നു. ഇത്തരത്തില്‍ പ്രാഥമിക അന്വേഷണത്തില്‍ തന്നെ വലിയ പോരായ്മകള്‍ സംഭവിച്ചു എന്ന് സമ്മതിച്ചു കൊണ്ടുള്ളതാണ് സര്‍ക്കാര്‍ ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന അപ്പീല്‍. പ്രതികളെ വെറുതെ വിട്ട നടപടിയ്‌ക്കെതിരെ തുടരന്വേഷണവും വിചാരണയും ആവശ്യമാണെന്ന് കാട്ടി പെണ്‍കുട്ടികളുടെ അമ്മയും ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ആറ് പ്രതികളെ വെറുതെ വിട്ട നടപടിയ്‌ക്കെതിരെ ആറ് അപ്പീലായി തന്നെയാണ് പരാതികള്‍ സമര്‍പ്പിച്ചിരിക്കുന്നത്.
4. കേരള സര്‍വകലാശാലയിലെ മോഡറേഷന്‍ മാര്‍ക്ക് തട്ടിപ്പിനെക്കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണര്‍ എം.എസ്. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടങ്ങി. കേസ് രജിസ്റ്റര്‍ ചെയ്യുക, സൈബര്‍ സെല്‍, ഫോറന്‍സിക് ഡയറക്ടറുടെ സൈബര്‍ യൂണിറ്റ് എന്നിവയുടെ സഹായത്തോടെ പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം. ഒരാഴ്ചയ്ക്കകം പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കും എന്ന് അന്വേഷണസംഘം അറിയിച്ചു. സര്‍വകലാശാല സീല്‍ ചെയ്തിരുന്ന ഇ.എസ് സെക്ഷനിലെ വിവാദ സോഫ്റ്റ്‌വെയറിലെ മുഴുവന്‍ ഡേറ്റയും ക്രൈംബ്രാഞ്ചും സൈബര്‍ സെല്ലും പരിശോധിച്ചു.
5. 2016 മുതലുള്ള ബാക്ക് അപ് നല്‍കാന്‍ കമ്പ്യൂട്ടര്‍ സെന്ററിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മോഡറേഷന്‍ മാര്‍ക്ക് രേഖപ്പെടുത്തുമ്പോള്‍ സോഫ്റ്റ്‌വെയറില്‍ നേരത്തേയും തകരാര്‍ ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. മാര്‍ക്ക് വ്യത്യാസം വന്ന എല്ലാ കുട്ടികളുടെയും വിവരങ്ങള്‍ പ്രത്യേകമായി പരിശോധിക്കും. 2016 മുതല്‍ 19 വരെയുള്ള ബിരുദ പരീക്ഷകളുടെ മാര്‍ക്കിലാണ് ക്രമക്കേട് കണ്ടെത്തിയത്. എത്ര വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് തിരുത്തിയെന്ന കൃത്യമായ കണക്ക് സര്‍വകലാശാലയുടെ പക്കലില്ല. 16 പരീക്ഷകളില്‍ 12ലും ക്രമക്കേട് നടന്നതായാണ് കണ്ടെത്തല്‍.
6. ഇന്നലെ നടന്ന കെ.എസ്.യു നിയമസഭാ മാര്‍ച്ചില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അടക്കമുള്ള നേതാക്കള്‍ക്ക് എതിരെ ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തര വേളയില്‍ പ്ലക്കാര്‍ഡും ബാനറും ആയി പ്രതിപക്ഷം. ചോദ്യോത്തര വേള നിറുത്തിവയ്ക്കണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാം എന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ചോദ്യോത്തര വേളയില്‍ ഷാഫി പറമ്പിലിന്റെ രക്തം പുരണ്ട വസ്ത്രം ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
7. ഇന്നലെ വളയാര്‍ കേസ്, കേരളാ യൂണിവേഴ്സിറ്റി മോഡറേഷന്‍ തട്ടിപ്പ് എന്നിവയില്‍ നടപടി ആവശ്യപ്പെട്ട് കെ.എസ്.യു നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷഭരിതം ആയിരുന്നു. പൊലീസ് ബാരിക്കേഡുകള്‍ പ്രവര്‍ത്തകര്‍ മറികടന്ന് കൊണ്ടായിരുന്നു കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് കോണ്‍ഗ്രസിന്റെ നേതൃത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. തലയില്‍ സാരമായ പരിക്കേറ്റ കെ.എസ്.യു പ്രസിഡന്റ് അഭിജിതിനെ സ്‌കാനിംഗിനും വിധേയം ആക്കിയിരുന്നു.
8. സര്‍ക്കാര്‍ പുതുതായി കൊണ്ട് വരുന്ന ബില്‍ഡിംഗ് റൂള്‍സ,് സംസ്ഥാനത്തിന്റെ വികസനത്തിന് തടസ്സം ആകുമെന്ന് വാണിജ്യ വ്യവസായ മേഖലയിലെ സംഘടനകള്‍. സംസ്ഥാനത്ത് നിക്ഷേപക സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക എന്ന സര്‍ക്കാരിന്റെ മുന്‍കാല സമീപനങ്ങള്‍ക്ക് വിരുദ്ധമാണ് പുതിയ കേരള മുന്‍സിപാലിറ്റി ആന്‍ഡ് പഞ്ചായത്ത് ബില്‍ഡിംഗ് റൂള്‍സ് 2019. 130 ദിവസം വരെ നിര്‍മ്മാണ അനുമതി നീട്ടിക്കൊണ്ടു പോകാന്‍ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. പുതിയ നിയമങ്ങള്‍ വരുന്നതോടെ മേഖലയില്‍ പുതിയ നിക്ഷേപങ്ങള്‍ ഇല്ലാതാകും എന്നും ഭാരവാഹികള്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.