മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങളും ആവശ്യങ്ങളും പൊതുസമൂഹത്തിനു മുൻപാകെ അവതരിപ്പിക്കുന്നതിനും പരിഹാരം കാണുന്നതിനുമായാണ് ലോക മത്സ്യത്തൊഴിലാളി ദിനം ആചരിക്കുന്നത്. ലോകത്തിലെ 12 മത്സ്യ ജൈവവൈവിദ്ധ്യ സമ്പന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.
ലോകത്തൊട്ടാകെ അറിയപ്പെടുന്ന 26000 മത്സ്യ ഇനങ്ങളിൽ 2700 ഇനം മത്സ്യങ്ങളും ഇന്ത്യയിൽ കണ്ടുവരുന്നുണ്ട്. ഇന്ത്യയിലെ കടൽമത്സ്യ ഇനങ്ങളുടെ ഏകദേശം 30 ശതമാനവും ശുദ്ധജല മത്സ്യങ്ങളുടെ 25 ശതമാനവും കേരളത്തിലാണ് കണ്ടുവരുന്നത്.
മത്സ്യസമ്പത്തിന്റെ വർദ്ധന
ഫിഷറീസ് വകുപ്പിന്റെ നിരന്തരമായ ശ്രമങ്ങളിലൂടെ സമുദ്രമത്സ്യ ഉത്പാദനത്തിൽ നടപ്പുസാമ്പത്തിക വർഷം വർദ്ധനയുണ്ടായി എന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. 2012-13ൽ 53.06 മെട്രിക് ടൺ ആയിരുന്ന മത്സ്യ ഉത്പാദനം 2018- 19 ൽ 60.97 മെട്രക് ടൺ ആയി വർദ്ധിച്ചിട്ടുണ്ട്.
മത്സ്യപ്രജനന കേന്ദ്രങ്ങൾ
കേരളത്തിലെ കായലുകളിൽ ശാസ്ത്രീയ പ്രജനന കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിന്റെ ഭാഗമായി കൊല്ലം ജില്ലയിൽ അഷ്ടമുടി കായലിൽ അഞ്ച് മത്സ്യപ്രജനന കേന്ദ്രങ്ങൾ ആരംഭിച്ചു. പെരിനാട്, തൃക്കരുവ, അഷ്ടമുടി, പേരയം പഞ്ചായത്തുകളിലായാണ് ഈ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുള്ളത്.
സീഡ് ആക്ട്
ഗുണമേന്മയുള്ള മത്സ്യക്കുഞ്ഞുങ്ങൾ കർഷകർക്ക് ലഭ്യമാക്കുന്നതിനായി സീഡ് ആക്ടിന്റെ നിബന്ധനകൾ കർശനമായി നടപ്പാക്കി വരുന്നു. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നതും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്നതുമായ എല്ലാ മത്സ്യകുഞ്ഞുങ്ങളെയും ശാസ്ത്രീയമായി പരിശോധിച്ച് അവയുടെ ഗുണനിലവാരം നിർണയിക്കാനുള്ള നടപടികളാണ് സീഡ് ആക്ട് വഴി നടപ്പാക്കുന്നത്.
മത്സ്യത്തൊഴിലാളി ഇൻഷ്വറൻസ്
മത്സ്യത്തൊഴിലാളികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക അദാലത്തുകൾ നടത്തുകയും യുണൈറ്റ്ഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയുമായി ചേർന്ന് മത്സ്യബന്ധന യാനങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾക്കും മത്സ്യത്തൊഴിലാളികളുടെ ജീവനും സംരക്ഷണം നൽകുന്നഇൻഷ്വറൻസ് പദ്ധതി വിജയകരമായി നടപ്പാക്കി വരുന്നു.
ആർ.സി.ഇ.പിക്കെതിരെ പ്രതിഷേധം
മത്സ്യത്തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിനും മത്സ്യസമ്പത്തിന്റെ ഫലപ്രദമായ വിനിയോഗത്തിനും ആർ.സി.ഇ.പി. കരാർ എതിരാകുമെന്നതിനാൽ ശക്തമായ പ്രതിഷേധമാണ് സംസ്ഥാന സർക്കാർ കേന്ദ്ര നടപടിക്കെതിരെ നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ആർ.സി.ഇ.പി. കരാർ ഒപ്പിടുന്നതിൽ നിന്നും കേന്ദ്ര സർക്കാർ പിന്നോട്ട് പോയിട്ടുണ്ട്.
ഓഫ്ഷോർ ബ്രേക്ക് വാട്ടർ പദ്ധതി
പരമ്പരാഗത തീരസംരക്ഷണ മാർഗങ്ങളിൽ നിന്ന് വേറിട്ട് ഓഫ്ഷോർ ബ്രേക്ക് വാട്ടർ തീരസംരക്ഷണ പദ്ധതിയുടെ പ്രാരംഭഘട്ടമായി 700 മീറ്റർ നീളത്തിൽ പൂന്തുറയിൽ പദ്ധതി ആരംഭിക്കുന്നതിനായി നടപടികൾ ആരംഭിച്ചു.
540 ചതുരശ്രയടി ഭവനം
ഇടതു സർക്കാർ അധികാരത്തിൽ വരുന്നതുവരെ 350 ചതുരശ്രയടിയുള്ള ഭവനങ്ങളാണ് മത്സ്യത്തൊഴിലാളികൾക്ക് നൽകി വന്നിരുന്നത്. എന്നാൽ ഇടതുപക്ഷ സർക്കാർ ഇത് 550 ചതുരശ്ര അടിയായി വർദ്ധിപ്പിച്ചിട്ടുണ്ട്.
ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുമ്പോൾ ഭവനനിർമ്മാണത്തിന് രണ്ടുലക്ഷം രൂപയുടെ ധനസഹായമാണ് ലഭിച്ചിരുന്നത്. എന്നാൽ ഇത് നാലുലക്ഷമാക്കി. 6619 ഭവനങ്ങൾക്കായി 176 കോടി രൂപ . 2016-17 വർഷം 3149 വീടുകൾക്ക് രണ്ടുലക്ഷം രൂപ നിരക്കിൽ ധനസഹായ വിതരണം ചെയ്തിട്ടുണ്ട്.
സ്കൂൾവരാന്തയിൽ നിന്ന് ഫ്ളാറ്റിലേക്ക്
കടലാക്രമണം മൂലം തീരപ്രദേശങ്ങളിൽ നിന്ന് സ്കൂളുകളിലേക്ക് മാറ്റി പാർപ്പിക്കപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഫ്ളാറ്റ് സമുച്ചയങ്ങൾ നിർമ്മിച്ചു നൽകുന്ന പദ്ധതി ആരംഭിച്ചത് ഇടതുപക്ഷ സർക്കാരാണ്. കൊല്ലം, തിരുവനന്തപുരം, മലപ്പുറം, ആലപ്പുഴ, കണ്ണൂർ എന്നിവിടങ്ങളിലെ ഏഴ് ഫ്ളാറ്റു സമുച്ചയങ്ങളിലായി 722 മത്സ്യത്തൊഴിലാളികളെയാണ് പുനരധിവസിപ്പിക്കുന്നത്.
മുട്ടത്തറ ഫ്ളാറ്റ്
ഫ്ളാറ്റ് സമുച്ചയങ്ങളുടെ ആദ്യ ഘട്ടമായി മുട്ടത്തറയിൽ നിർമ്മിച്ച 192 ഫ്ളാറ്റുകൾ ഇന്ത്യയ്ക്കു തന്നെ മാതൃകയാണ്. സ്കൂൾ വരാന്തകളിൽ നിന്ന് 192 മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് എല്ലാ സൗകര്യങ്ങളുമുള്ള ഫ്ളാറ്റ് സമുച്ചയത്തിലേക്ക് മാറി താമസിച്ചത്.
50 മീറ്ററിനുള്ളിലെ 239 കുടുംബങ്ങളെ പുനരധിവസിപ്പിച്ചു. തീരപ്രദേശത്തു താമസിക്കുന്ന 239 കുടുംബങ്ങൾക്ക് സ്ഥലം വാങ്ങി ഭവനനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി പുനരധിവാസം സാദ്ധ്യമാക്കിയിട്ടുണ്ട്. ഇതിനായി 23 കോടി 90 ലക്ഷം രൂപ ചെലവഴിച്ചു.
പുനർഗേഹം പദ്ധതി - 18865 കുടുംബങ്ങൾ - 2450 കോടി രൂപയുടെ പദ്ധതി -
കടൽ തീരത്തുനിന്നും 50 മീറ്റർ ദൂരത്ത് കടലാക്രമണ ഭീഷണി നേരിടുന്ന ബാക്കിയുള്ള
18865 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വിവിധ ഘട്ടങ്ങളിലാണ്.
ശുചിത്വ സാഗരം പദ്ധതി
കടലിൽ അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മത്സ്യബന്ധന യാനങ്ങൾ വഴി കരയിലെത്തിച്ച് ചെറുകഷണങ്ങളാക്കി റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ശുചിത്വ സാഗരം പദ്ധതിക്ക് ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര സഭയുടെയും പ്രത്യേക പരാമർശം ലഭിച്ചിട്ടുണ്ട്. ശക്തികുളങ്ങര, നീണ്ടകര ഹാർബറുകൾ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന പദ്ധതി വഴി 25000 കിലോ പ്ലാസ്റ്റിക് കരയിലെത്തിച്ച് റോഡ് നിർമ്മാണത്തിന് ഉപയോഗിക്കാൻ കഴിഞ്ഞിട്ടുണ്ട്. മത്സ്യവിഭവ സംരക്ഷണം, ജലാശയങ്ങളുടെ സംരക്ഷണം എന്നിവയ്ക്കായി നിരവധി നപടികൾ ഇതിനകം തന്നെ സ്വീകരിച്ചിട്ടുണ്ട്.
മറൈൻ ആംബുലൻസ്
മത്സ്യബന്ധനത്തിനിടയിൽ കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് ശുശ്രൂഷ നൽകുന്നതിനും അവരെ ഉടൻ തന്നെ കരയിലെത്തിക്കുന്നതിനുമുള്ള മറൈൻ ആംബുലൻസ് ഉടനെ നിലവിൽ വരും.
കടൽ സമ്പത്തിന്റെ സംരക്ഷണം, മത്സ്യത്തൊഴിലാളികളുടെ അവകാശ സംരക്ഷണം, മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പുരോഗതി, മത്സ്യത്തൊഴിലാളികളുടെ ജീവനും സമ്പത്തിനുമുള്ള സംരക്ഷണം, ശുദ്ധമായ മത്സ്യം ലഭിക്കുന്നതിനുള്ള സാധാരണക്കാരായ ഉപഭോക്താക്കളുടെ അവകാശം എന്നിങ്ങനെ മത്സ്യബന്ധന മേഖലയിലെ വിവിധ ഘടകങ്ങളെ സംയോജിപ്പിച്ച് പുതിയൊരു മാനം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ .