salim-kumar-mammootty

ഉദ്‌ഘാടനത്തിന് ഏതുനടനെ വിളിക്കണമെന്ന് ചോദിച്ചാൽ ന്നുകിൽ മമ്മൂട്ടിയെ വിളിക്കൂ, അല്ലെങ്കിൽ ജഗദീഷിനെയോ കുഞ്ചാക്കോ ബോബനെയോ എന്നായിരിക്കും തന്റെ സജഷനെന്ന് നടൻ സലിം കുമാർ. ചങ്ങനാശേരി എസ്.ബി കോളജിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു സലിം കുമാറിന്റെ പരാമർശം. പുതുതലമുറയിൽ മദ്യപിക്കാത്ത പുകവലിക്കാത്ത ഒരാളെ താൻ കണ്ടിട്ടുണ്ടെങ്കിൽ അത് ചാക്കോച്ചനാണെന്നും താരം വ്യക്തമാക്കി.

'മദ്യപിക്കാത്ത പുകവലിക്കാത്ത ഒരാളെ ഞാൻ പുതുതലമുറയിൽ കണ്ടത് കുഞ്ചാക്കോ ബോബനെ മാത്രമാണ്. അവൻ ഈ കോളേജിന്റെ സന്തതിയാണ്. മയക്കു മരുന്നിനെതിരായ സത്യപ്രതിജ്ഞയ്‌ക്ക് എന്നെ ഒരു പാർട്ടി വിളിച്ചിരുന്നു. ഞാൻ വരില്ലെന്നാണ് അവരോട് പറഞ്ഞത്. കാരണം ഞാൻ സിഗരറ്റ് വലിക്കും. സിഗരറ്റ് മയക്കു മരുന്ന് അല്ലെങ്കിൽ പോലും അതൊരു മയക്കു മരുന്ന് തന്നെയാണ്. ഞാൻ പറഞ്ഞു, ഒന്നുകിൽ നിങ്ങൾ മമ്മൂട്ടിയെ വിളിക്കൂ. അല്ലെങ്കിൽ നിങ്ങൾ ജഗദീഷിനെ വിളിക്കൂ. അതുമല്ലെങ്കിൽ നിങ്ങൾ കുഞ്ചാക്കോ ബോബനെ വിളിക്കൂ. അവരാണ് എനിക്ക് സ‌ജസ്റ്റ് ചെയ്യാനുള്ളത്. പ്രേംനസീർ സാറിനെ എനിക്ക് അറിയില്ല, പക്ഷേ കേട്ടിടത്തോളം അദ്ദേഹവും വളരെ നല്ലവനാണ്. കാരണം ഒരുപടം പൊട്ടിക്കഴിഞ്ഞാൽ മറ്റുള്ള നടന്മാർ ആ പ്രൊഡ്യൂസറുടെ അടുത്തേക്ക് തിരിഞ്ഞു നോക്കില്ല. നസീർ സാറൊക്കെ വീണ്ടും ഒരു ഡേറ്റുണ്ടാക്കി അവരെ രക്ഷപ്പെടുത്താനുള്ള വഴി നോക്കിയിരുന്നു'- സലിം കുമാർ പറഞ്ഞു .

സമൂഹമാദ്ധ്യമങ്ങളിൽ തുടർച്ചയായി വരുന്ന വ്യാജ മരണവാർത്തകളെക്കുറിച്ചും സലിം കുമാർ പ്രതികരിച്ചു. 'എനിക്കൊരു അസുഖം പിടിച്ചപ്പോൾ വാട്ട്സാപ്പിലൂടെയും ഫെയ്സ്ബുക്കിലൂടെയും ആളുകൾ എന്റെ പതിനാറടയിന്തിരം നടത്തി. അങ്ങനെ സ്വന്തം മരണം കണ്ടു കണ്ണു തള്ളിപ്പോയ ഒരാളാണ് ഞാൻ. അൽ സലിം കുമാർ,' ഇതായിരുന്നു താരത്തിന്റെ പ്രതികരണം.

സ്വന്തം ഗുരുവിനെ മാതാപിതാക്കൾക്ക് തുല്യരായി കണ്ടാണ് വിദ്യാർത്ഥികൾ വളരേണ്ടതെന്ന ഉപദേശവും സലിം കുമാർ നൽകി. വഴി തെറ്റി അല്ലെങ്കിൽ വൈകി സ്വന്തം വീട് കണ്ടെത്താൻ പ്രയാസപ്പെടുന്ന സഹോദരിക്ക് തണലായിട്ട് ശക്തിയായിട്ടാണ് പുതുതലമുറയിലെ ആൺകുട്ടികൾ വളരേണ്ടത്. ദാഹിച്ചു കേഴുന്ന വയസന് തൊണ്ടയിലെ നീരായി മാറണം. വെയിലത്ത് തണലായി മാറുകയാണ് യുവത്യം ചെയ്യണ്ടതെന്നും സലിം കുമാർ വിദ്യാർത്ഥികളെ ഉപദേശിച്ചു.