p-mohanan

കോഴിക്കോട്: ഇസ്ളാമിക തീവ്രവാദി സംഘടനകൾ എന്ന് താൻ പറഞ്ഞത് എൻ.ഡി.എഫിനെയും പോപ്പുലർ ഫ്രണ്ടിനെയും ഉദ്ദേശിച്ചാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ വിശദീകരിച്ചു.മാവോയിസ്റ്റുകൾക്ക് വെള്ളവും വളവും നൽകുന്നത് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മുസ്ളിം തീവ്രവാദി സംഘടനകളാണെന്നും പൊലീസ് ഇക്കാര്യം പരിശോധിക്കണമെന്നും താമരശേരിയിലെ ഒരു പൊതുയോഗത്തിൽ മോഹനൻ പ്രസംഗിച്ചിരുന്നു. അതിനെതിരെ മുസ്ളീം സംഘടനകൾ രംഗത്ത് വന്നതോടെ വിവാദമായ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇന്നലെ വിശദീകരണം നൽകിയത്.

പൊതുയോഗത്തിലെ പ്രസംഗത്തിൽ ഞാൻ വിമർശിച്ചത് തീവ്രവാദി സംഘടനകളെയാണ്. മുസ്ളിം തീവ്രവാദി സംഘടനകൾ എന്ന് പറഞ്ഞാൽ എൻ.ഡി.എഫും പോപ്പുലർ ഫ്രണ്ടുമാണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്.

ഞങ്ങൾ എപ്പോഴും അവരെയാണ് തീവ്രവാദി സംഘടനകളായി കാണുന്നത്. അവരെയാണ് ഞാൻ ഉദ്ദേശിച്ചത്. അതെങ്ങനെ മറ്റ് വ്യാഖ്യാനങ്ങളിലേക്ക് പോകും. മുസ്ളിം സമുദായത്തിൽ ഭൂരിപക്ഷം വരുന്ന, ജനപിന്തുണയുള്ള സാമുദായിക സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമുണ്ട്. അവരെല്ലാം തീവ്രവാദത്തെ ശക്തമായി എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ഹിന്ദുത്വ തീവ്രവാദം എന്ന് ഉപയോഗിക്കാറുണ്ട്. അത് കോടാനുകോടി ഹിന്ദുക്കൾക്ക് ബാധകമാണോ. അത് ആർ.എസ്.എസിനും മറ്റും മാത്രമാണ് ബാധകമാകുന്നത്. ഇസ്ളാമിക തീവ്രവാദം എന്നത്കൊണ്ട് കൃത്യമായി ഉദ്ദേശിക്കുന്നത് എൻ.ഡി.എഫിനെയും പോപ്പുലർ ഫ്രണ്ടിനെയുമാണ്. അവരെയാണ് ഞാൻ വിമർശിച്ചത് - പി. മോഹനൻ പറഞ്ഞു.