anand-bhavan-

അലഹബാദ്: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മഗൃഹത്തിന് 4.35 കോടി രൂപയുടെ ഭവന നികുതി നോട്ടീസ്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലുള്ള ആനന്ദ് ഭവനാണ് ഭീമമായ നികുതി നോട്ടീസ് ലഭിച്ചത്. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ജവഹർലാൽ നെഹ്‌റു സ്മാരക ട്രസ്റ്റാണ് ഗാന്ധി ആനന്ദ് ഭവൻ പരിപാലിക്കുന്നത്.

താമസിക്കാത്ത വസതികളുടെ വിഭാഗത്തിൽ അടയ്ക്കേണ്ട നികുതി 2013 മുതൽ ആനന്ദ് ഭവൻ അടച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. മുനിസിപ്പൽ കോർപറേഷൻ നിയമത്തിലെ വസ്തു നികുതി ചട്ട പ്രകാരമാണ് നോട്ടീസ് നൽകിയതെന്ന് പ്രയാഗ്‌രാജ് മുനിസിപ്പൽ കോർപറേഷൻ ടാക്‌സ് അസസ്‌മെന്റ് ഓഫീസർ പി.കെ. മിശ്ര പറഞ്ഞു.

നികുതി തുക നിശ്ചയിക്കുന്നതിനായി സർവേ സംഘടിപ്പിച്ചിരുന്നുവെന്ന് മിശ്ര പറഞ്ഞു. നികുതി നിർണയവുമായി ബന്ധപ്പെട്ട് എതിരഭിപ്രായങ്ങളും ക്ഷണിച്ചിരുന്നു. എന്നാൽ അങ്ങനെയൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് നികുതി നിർണയം പൂർത്തിയാക്കി നോട്ടീസ് അയയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.