ന്യൂഡൽഹി: ''നായയായി ജനിച്ചു, സൈനികനായി വിരമിച്ചു "- സൈന്യത്തിന്റെ ഭാഗമായിരുന്ന നായ്ക്കളുടെ വിരമിക്കലിനെക്കുറിച്ച് സി.ഐ.എസ്.എഫ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വികാരനിർഭരം കുറിച്ച വരികളാണിത്. സി.ഐ.എസ്.എഫിൽ എട്ട് വർഷം സേവനമനുഷ്ഠിച്ച ഏഴ് നായ്ക്കൾക്ക് മെഡലും സർട്ടിഫിക്കറ്റുകളും നൽകിയാണ് ഇന്നലെ സൈന്യം ആദരിച്ചത്. ഇവരെ ആദരിച്ച ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ഡൽഹി മെട്രോയുമായി ബന്ധപ്പെട്ട സുരക്ഷാ സന്നാഹത്തിന്റെ ഭാഗമായിട്ടായിരുന്നു നായ്ക്കളുടെ സേവനം.
ചരിത്രത്തിൽ ആദ്യമായിട്ടാണ് സൈനിക സേവനം നടത്തിയ നായ്ക്കൾക്കായി ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചത്. ഏല്പിക്കുന്ന ജോലിയോട് അവർ പ്രകടിപ്പിക്കുന്ന സമർപ്പണത്തെക്കുറിച്ചും ശ്രദ്ധയെക്കുറിച്ചും ചടങ്ങിൽ സൈനികോദ്യോഗസ്ഥർ അഭിനന്ദിച്ച് സംസാരിച്ചു. ഇവരെ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ജി.ഒയ്ക്കാണ് കൈമാറിയത്.