കോട്ടയം: ആമ്പൽ വസന്തം വേമ്പനാട്ട് കായലിലേയ്ക്ക് . നോക്കെത്താ ദൂരം ആമ്പൽപൂക്കൾ നിറഞ്ഞ കായലിൽ കാറ്റടിക്കുമ്പോൾ ചുവന്ന തിരമാലകൾ പോലെ തോന്നും. മനസു നിറക്കുന്ന ഈ കാഴ്ച കാണാൻ സഞ്ചാരികളുടെ വരവായി.
തിരുവാർപ്പ് മലരിക്കലും, പനച്ചിക്കാട് അമ്പാട്ടും , തൃക്കോതമംഗലം മുണ്ടുപാടത്തും , കുറിച്ചി ആറായിരം പാടശേഖരങ്ങളിലുമായി 1500 ഏക്കറോളംനേരത്തേ ആമ്പൽ പൂക്കൾ വിരിഞ്ഞത് വാർത്താ പ്രാധാന്യം നേടിയിരുന്നു. കൃഷിക്ക് വയൽ ഒരുക്കുന്നതിന്റെ ഭാഗമായി ഇവിടുത്തെ ആമ്പൽ മരുന്നടിച്ചു നശിപ്പിച്ചതിന് പിറകേയാണ് വേമ്പനാട്ടുകായലിൽ ആമ്പൽ വസന്തമായത്. പ്രളയം കൊണ്ടു വന്ന എക്കൽ അടിഞ്ഞ് കായലിന്റെ പല പ്രദേശങ്ങളിലും ആഴം കുറഞ്ഞതാണ് ഇക്കുറി ഇത്രയേറെ ആമ്പൽ പടരാൻ കാരണം.
ഇതു കാണാനെത്തുന്ന ടൂറിസ്റ്റുകൾക്ക് സൗകര്യമൊരുക്കാനുള്ള പരിശ്രമത്തിലാണ് ഉത്തരവാദിത്വ ടൂറിസം മിഷൻ. ആമ്പൽ കൂടുതൽ വിരിഞ്ഞു നിൽക്കുന്ന രാവിലെ 6 മുതൽ 9.30 വരെ സഞ്ചാരികൾക്ക് കായലിൽ സഞ്ചരിക്കാനായി അമ്പതിൽപരം ശിക്കാരവള്ളങ്ങൾ ഒരുക്കിക്കഴിഞ്ഞു.
ശിക്കാര വള്ളത്തിൽ യാത്ര രണ്ട് പേർക്ക് 900 രൂപ
(പ്രഭാത ഭക്ഷണമടക്കം)
ക്രിസ്മസ്, പുതുവർഷ ടൂറിസത്തിന് ഈ വർഷം ആമ്പൽ വസന്തം കരുത്ത് പകരും. പത്തു മുതൽ അമ്പതു പേർക്കു വരെ കയറാവുന്ന വലിയ ശിക്കാര വള്ളങ്ങൾ ഒരുക്കിയതിനാൽ സഞ്ചാരികൾക്ക് സുരക്ഷിതമായി ആമ്പലിനടുത്തെത്തി സൗന്ദര്യം ആസ്വദിക്കാം. പ്രഭാത ഭക്ഷണമടക്കം ഒരുക്കിയിട്ടുണ്ട്. രണ്ട് പേരേ ഉള്ളൂവെങ്കിലും ചെറിയ ശിക്കാര വള്ളങ്ങളിൽ കയറി ആമ്പൽപൂക്കൾക്കിടയിലൂടെ യാത്ര ചെയ്യാം.
ഭഗത്, കോഓർഡനേറ്റർ,
കുമരകം ഉത്തരവാദിത്വ ടൂറിസം