തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനുമായുള്ള ബന്ധത്തെ ചൊല്ലി തിരഞ്ഞെടുപ്പ് സമയത്ത് നേരിട്ട വിവാദങ്ങളെ പാടെതള്ളി തിരുവനന്തപുരം കോർപ്പറേഷൻ മേയർ കെ.ശ്രീകുമാർ രംഗത്ത്. കടകംപള്ളി സുരേന്ദ്രനുമായുള്ള ബന്ധത്തെ മഹനീയമായ ഒരു കാര്യമായിട്ടാണ് താൻ കാണുന്നതെന്നും, അദ്ദേഹം തന്റെ രാഷ്‌ട്രീയ നേതാവാണെന്നും മേയർ പ്രതികരിച്ചു. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മേയർ.

kadakampally-k-srikumar

മേയറുടെ വാക്കുകൾ-

'രാഷ്‌ട്രീയപ്രവർത്തനത്തിൽ എന്റെ നേതാവായി എക്കാലവും പ്രവർത്തിച്ചിട്ടുള്ള ആളാണ് കടകംപള്ളി സുരേന്ദ്രൻ. പേട്ടയാണ് ഞങ്ങളുടെ പ്രവർത്തന കേന്ദ്രം. 45 വർഷക്കാലമായി രാഷ്‌ട്രീയ പ്രവർത്തന രംഗത്ത് എന്റെ നേതാവായി നിന്ന് പ്രവർത്തിച്ചിട്ടുള്ളയാളാണ് കടകംപള്ളി. യാദൃശ്‌ചികമായിട്ടാണ് എന്റെ മകളെ അദ്ദേഹത്തിന്റെ മകൻ വിവാഹം ചെയ്‌തത്. അതൊരു മഹനീയ കാര്യമായിട്ടാണ് ഞാൻ കാണുന്നത്. കാരണം ഞങ്ങൾ അത്രയ്‌ക്കും ആത്മ സുഹൃത്തുക്കൾ കൂടിയായിട്ടുള്ളവരാണ്. നേരിട്ടറിയാവുന്ന രണ്ട് കുടുംബങ്ങൾ. ആ കുടുംബങ്ങളിലേക്ക് ഞങ്ങളുടെ കുട്ടികളെ സുരക്ഷിതമായി വിവാഹം കഴിച്ച് അയക്കുക എന്നു പറഞ്ഞാൽ അതിൽപരം സന്തോഷം വേറെയുണ്ടോ? പക്ഷേ അതുവച്ചുകൊണ്ട് ബാക്കി കാര്യങ്ങളെ എല്ലാം വിലയിരുത്താൻ ശ്രമിക്കുന്നത് നല്ലതാണോ എന്നതാണ് എന്റെ മറുചോദ്യം'.