maharashtra

മുംബയ്: തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാളുകൾ പിന്നിട്ടിട്ടും രാഷ്‌ട്രീയ കരുനീക്കങ്ങളിൽ പകച്ച് മഹാരാഷ്‌ട്ര. ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിച്ച് വൈരികളായ എൻ.സി.പിയ്‌ക്കും കോൺഗ്രസിനുമൊപ്പം ചേർന്ന് സർക്കാരുണ്ടാക്കാനുള്ള തീവ്രശ്രമത്തിലാണ് ശിവസേന. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള എൻ.സി.പി നേതാവ് ശരദ് പവാറിന്റെ കൂടിക്കാഴ്‌ച പുതിയ സംഭവവികാസങ്ങൾക്കും വഴി തുറന്നിട്ടുണ്ട്. സംസ്ഥാനത്തെ അസ്വസ്ഥരായ കർഷക സമൂഹത്തെ പ്രതിനിധീകരിച്ചാണ് താൻ പ്രധാനമന്ത്രിയെ കാണാൻ പോയതെന്ന് പവാർ പ്രതികരിച്ചെങ്കിലും എൻ.സി.പിയിലെ അണികൾ പോലും അത് വിശ്വസിച്ച മട്ടില്ല.

അൻപത് മിനുട്ടോളം നീണ്ട കൂടിക്കാഴ്‌ചയാണ് പ്രധാനമന്ത്രിയുമായി പവാർ നടത്തിയത്. കൂടിക്കാഴ്‌ചയെ കുറിച്ച് ട്വിറ്ററിൽ പവാർ കുറിച്ചത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, സംസ്ഥാനത്ത് പെയ്‌ത കനത്ത മഴയിൽ നാശനഷ്‌ടങ്ങൾ സഭവിച്ച കർഷകരുടെ കാര്യത്തിൽ പ്രധാനമന്ത്രി എത്രയും വേഗം ഇടപെടണമെന്നും, മറ്റൊന്ന് പവാർ നേതൃത്വം കൊടുക്കുന്ന പൂനെയിലെ വസന്ത്ദാദ ഷുഗർ ഇൻസ്‌റ്റിറ്റ്യൂട്ടിൽ നടക്കുന്ന കോൺഫറൻസിലേക്ക് മോദിയെ ക്ഷണിച്ചുകൊണ്ടുള്ളതും.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പവാറിന്റെ നടപടി തങ്ങളുടെ നീക്കങ്ങൾക്ക് തിരിച്ചടിയാകുമോ എന്നാണ് കോൺഗ്രസും ശിവസേനയും ഉറ്റുനോക്കുന്നത്. ബി.ജെ.പിയെ ഒഴിവാക്കി കോൺഗ്രസിനോടും എൻ.സി.പിയോടും കൂട്ടുകൂടാനുള്ള നീക്കത്തിൽ ശിവസേനയിലെ 17 എം.എൽ.എമാർക്ക് അതൃപ്‌തിയുണ്ടെന്ന റിപ്പോർട്ടും പുറത്തു വരുന്നുണ്ട്. പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറയെ കാണാൻ ഇവർ അനുമതി തേടിയെങ്കിലും ഇതുവരെയും അനുമതി ലഭിച്ചിട്ടില്ല.