തിരുവനന്തപുരം: കെ.എസ്.യുവിന്റെ നിയമസഭാ മാർച്ചിനിടെ ഷാഫി പറമ്പിൽ എം.എൽ.എയ്ക്ക് പൊലീസ് മർദ്ദനമേറ്റ സംഭവത്തിലുള്ള പ്രതിപക്ഷ പ്രതിഷേധം നിയമസഭയിൽ ഇന്നലെ നാടകീയ രംഗങ്ങളാണ് സൃഷ്ടിച്ചത്. സംഭവം സഭാനടപടികൾ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്ന വി.ടി. ബൽറാമിന്റെ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കുമ്പോഴായിരുന്നു അസാധാരണ നടപടികൾ. വിദ്യാർത്ഥി സമരത്തിനു നേരെ നരനായാട്ടാണ് പൊലീസ് നടത്തിയതെന്ന് ബൽറാം പറഞ്ഞു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെ കയറ്റിയ വാഹനം തടഞ്ഞ നാലു വിദ്യാർത്ഥികളെ 25 പൊലീസുകാർ വളഞ്ഞിട്ട് തല്ലി. ഒരു വിദ്യാർത്ഥിയുടെ കൈവിരൽ അറ്റുപോകാറായ നിലയിലാണ്. സി.ഐയും എസ്.ഐയും സമാധാനപരമായാണ് മാർച്ചിനെ നേരിട്ടത്. കന്റോൺമെന്റ് അസി. കമ്മിഷണർ സുനീഷ്ബാബുവാണ് രംഗം വഷളാക്കിയത്. ''നിന്റെ എം.എൽ.എയ്ക്ക് രണ്ടെണ്ണം കിട്ടിയപ്പോൾ മതിയായില്ലേടാ...''എന്നായിരുന്നു ആക്രോശമെന്നും ബൽറാം പറഞ്ഞു. കെ.എസ്.യു മാർച്ച് അക്രമാസക്തമായപ്പോഴാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയതെന്നും, സമാധാനാന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ഇ.പി. ജയരാജൻ മറുപടിനൽകി. പൊലീസിനെ കയറൂരി വിടുന്നില്ല. ജനാധിപത്യ പ്രതിഷേധത്തെ അടിച്ചമർത്തുന്നത് സർക്കാർ നയമല്ല. പൊലീസിന് വീഴ്ചയുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും ജയരാജൻ പറഞ്ഞു. എന്നാൽ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തശേഷം അന്വേഷണം മതിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ക്രൂരമനോഭാവമുള്ള പൊലീസുകാർ രാഷ്ട്രീയ യജമാനന്മാർക്ക് ദാസ്യപ്പണി ചെയ്യുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. തുടർന്ന്, ഷാഫിയുടെ ചിത്രങ്ങളുള്ള പ്ലക്കാർഡുകളും രക്തംപുരണ്ട ബനിയനും ഉയർത്തിക്കാട്ടി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കുന്നതിനിടെയാണ് 5 പ്രതിപക്ഷ എം.എൽ.എമാർ ഡയസിൽ കയറി സ്പീക്കറുടെ കസേരയ്ക്കടുത്തെത്തിയതും, സ്പീക്കർ ഒന്നും പറയാതെ എഴുന്നേറ്റ് പോയതും. ഈ സമയം ഭരണപക്ഷം പ്രതിപക്ഷത്തിനെതിരെ മുദ്രാവാക്യം വിളികളുമായി ട്രഷറി ബെഞ്ചിനടുത്തെത്തി. ഇരുപക്ഷവും ആക്രോശങ്ങളും മുദ്രാവാക്യവുമായി നേർക്കുനേർ നിലകൊണ്ടു.
ഇതിനിടെ, സഭയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി. 11.14ന് കക്ഷിനേതാക്കളെ സ്പീക്കർ ചർച്ചയ്ക്ക് വിളിച്ചു. 11.45ന് സ്പീക്കർ വീണ്ടും സഭയിലെത്തിയെങ്കിലും പൊലീസുദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടു മതി അന്വേഷണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായി ചെന്നിത്തല അറിയിച്ചു. ശിക്ഷിച്ചിട്ടാണോ അന്വേഷണമെന്ന് ചോദിച്ച മന്ത്രി ജയരാജൻ, അന്വേഷണ റിപ്പോർട്ടിന് അനുസരിച്ചുള്ള നടപടികളുണ്ടാവുമെന്ന് ഉറപ്പ് നൽകിയെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല. വീണ്ടും നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കിയതോടെ, നടപടികൾ വേഗത്തിലാക്കി സഭ പിരിഞ്ഞു.