പനാജി : ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ അമ്പതാം എഡിഷൻ അമിതാഭ് ബച്ചൻ ഇന്നലെ ഗോവയിൽ ഉദ്‌ഘാടനം ചെയ്‌തു. ശ്യാമപ്രസാദ് മുഖർജി സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ മുഖ്യാതിഥിയായിരുന്നു. 'അഭിനയജീവിതത്തിൽ തനിക്ക് എന്നും പ്രചോദനം നടൻ അമിതാഭ് ബച്ചനാണെന്ന് ' ഇഫിയുടെ സുവർണജൂബിലി പുരസ്‌കാരം ബച്ചനിൽ നിന്ന് സ്വീകരിച്ചുകൊണ്ട് നടൻ രജനികാന്ത് പറഞ്ഞു. പുരസ്‌കാരം തന്റെ ചലച്ചിത്ര സംവിധായകർക്കും നിർമ്മാതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും ആരാധകർക്കും തമിഴ്‌മക്കൾക്കും സമർപ്പിക്കുകയാണെന്ന് രജനികാന്ത് പറഞ്ഞു. ഭാര്യ ലതയോടൊപ്പമാണ് രജനികാന്ത് ചടങ്ങിനെത്തിയത്.

ഇഫിയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് വിഖ്യാത ഫ്രഞ്ച് നടി ഇസബല്ല ഊപ്പർട്ട് പ്രകാശ് ജാവദേക്കറിൽ നിന്ന് സ്വീകരിച്ചു. പത്തുലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ചടങ്ങിൽ ഷാജി എൻ. കരുൺ,​ പ്രിയദർശൻ തുടങ്ങിയവർ പങ്കെടുത്തു. സംവിധായകൻ കരൺ ജോഹർ അവതാരകനായിരുന്നു. അഭിനയ ജീവിതത്തിൽ അൻപത് വർഷം പൂർത്തിയാക്കിയ അമിതാഭ് ബച്ചനെ ചടങ്ങിൽ ആദരിച്ചു. അമിതാഭ് ബച്ചന് രജനികാന്താണ് പുരസ്‌കാരം നൽകിയത്. 'മാതാപിതാക്കളുടെ ആശീർവാദത്തിൽ തുടങ്ങിയ തന്റെ കരിയർ പ്രേക്ഷകർ നൽകിയ സ്‌നേഹത്തിൽ പടുത്തുയർത്തിയതാണെന്ന് ബച്ചൻ പറഞ്ഞു. രജനികാന്ത് തന്നിൽ എന്നും വിസ്‌മയം ജനിപ്പിച്ച നടനാണ്. രജനികാന്ത് തനിക്കും ഒരു പ്രചോദനമാണെ'ന്ന് അമിതാഭ് ബച്ചൻ പറഞ്ഞു.

ഉദ്‌ഘാടന ചടങ്ങിനോടനുബന്ധിച്ച് ശങ്കർ മഹാദേവൻ അവതരിപ്പിച്ച സംഗീതവിരുന്നും ഉണ്ടായിരുന്നു.

കേന്ദ്രമന്ത്രിക്ക് ഗോബാക്ക് വിളി

മാണ്ഡോവി നദീജലം പങ്കിടുന്ന വിഷയത്തിൽ കർണാടകത്തിന് അനുകൂലമായ സമീപനം സ്വീകരിച്ച ജാവദേക്കർക്കെതിരെ ഉദ്‌ഘാടന ചടങ്ങിനിടെ ഗോബാക്ക് വിളി മുഴങ്ങി. ഗോവയിലെ ചില സംഘടനാ പ്രവർത്തകരാണ് ജാവദേക്കറുടെ പ്രസംഗത്തിനിടെ മുദ്രാവാക്യം മുഴക്കിയത്. ഇവരെ പൊലീസ് കസ്റ്രഡിയിലെടുത്തു.