
കൊളംബോ: മുൻ പ്രസിഡന്റും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ മഹിന്ദ രാജപക്സെശ്രീലങ്കയുടെ പ്രധാനമന്ത്രിയായി ചുമതലയേൽക്കും. റനിൽ വിക്രമസിംഗെപ്രധാനമന്ത്രിപദത്തിൽനിന്ന് രാജിവച്ചതിനെതുടർന്നാണിത്. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിനു ശേഷമായിരുന്നു വിക്രമസിംഗെയുടെ രാജി. അദ്ദേഹം ഇന്ന് സ്ഥാനമൊഴിയും. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ റനിൽ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണൽ പാർട്ടി നേതൃത്വം നൽകിയ സഖ്യത്തിന്റെ സ്ഥാനാർഥി സജിത് പ്രേമദാസ പരാജയപ്പെട്ടിരുന്നു. ശ്രീലങ്ക പൊതുജന പെരുമന പാർട്ടി (എസ്.എൽ.പി.പി) സ്ഥാനാർത്ഥിയും മുൻ പ്രതിരോധ സെക്രട്ടറിയുമായ ഗോതബയ രാജപക്സെയ്ക്കായിരുന്നു ഇക്കഴിഞ്ഞ 17ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം. 52.25 ശതമാനം വോട്ടുകൾ നേടിയാണ് സജിത് പ്രേമദാസയെ ഗോതബയ പരാജയപ്പെടുത്തിയത്. മഹിന്ദ രാജപക്സെയുടെ ഇളയ സഹോദരനാണ് ഗോതബയ. തിങ്കളാഴ്ച അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു.
തിരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ റനിൽ വിക്രമസിംഗെ രാജിവയ്ക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അധികാരമൊഴിയാൻ വിക്രമസിംഗെയ്ക്കുമേൽ സമ്മർദ്ദമുണ്ടായിരുന്നതായാണ് സൂചന. ഗോതബയ രാജപക്സെയുമായി ചൊവ്വാഴ്ച വിക്രമസിംഗെ കൂടിക്കാഴ്ച നടത്തിയിരുന്നു. 2020 ഏപ്രിലിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പു വരെ ഗോതബയ, ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നാണ് വിവരം.