ന്യൂഡൽഹി: അമ്പതാം ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉത്‌ഘാടന ചടങ്ങിന് കൊഴുപ്പ് കൂട്ടാനെത്തി ബോളിവുഡ് സൂപ്പർ നടൻ അമിതാഭ് ബച്ചനും സ്റ്റൈൽ മന്നൻ രജിനീകാന്തും. മേള അതിന്റെ സുവർണജൂബിലി ആഘോഷിക്കുന്ന വേളയിൽ ഇരുവർക്കും ഐക്കൺ ഒഫ് ദ ജൂബിലി അവാർഡ് നൽകി സംഘാടകർ ആദരിച്ചു. ചലച്ചിത്ര സംവിധായകനും ധർമ പ്രൊഡക്‌ഷൻസ് ഉടമയുമായ കരൺ ജോഹറാണ് ചടങ്ങിൽ അവതാരകന്റെ റോൾ ഏറ്റെടുത്തത്. അമിതാഭ് ബച്ചൻ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. 2014-ലെ 45-ാം അന്താരാഷ്ട്ര മേളയിലായിരുന്നു ഇതിനുമുൻപ് ബച്ചനും രജിനികാന്തും ഒന്നിച്ച് പങ്കെടുത്തിട്ടുള്ളത്.

goa-film-festival

176 രാജ്യങ്ങളിൽ നിന്നും 90ലേറെ സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. നവംബർ 20ന് ആരംഭിച്ച് 28 വരെ മേള നീളും. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും ചടങ്ങിൽ പങ്കെടുത്തിരുന്നു. തീയേറ്ററിൽ റിലീസ് ചെയ്ത ശേഷം 50 വർഷം പിന്നിടുന്ന 11 സിനിമകളും മേളയിൽ പ്രദർശിപ്പിക്കും. 50 വനിതാ സംവിധായകരുടെ 50 സിനിമകളും ചലച്ചിത്ര മേളയിൽ ഇക്കുറി പ്രത്യേകമായി പ്രദർശിപ്പിക്കുന്നുണ്ട്. മലയാളത്തിൽ നിന്നും 3 ചിത്രങ്ങളും ഇക്കുറി മേളയിലുണ്ട്. പാർവതി തിരുവോത്ത് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ഉയരെ, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്, ടി. കെ രാജീവ് കുമാറിന്റെ കോളാമ്പി എന്നിവയാണ് മലയാളത്തിൽ നിന്നുമുള്ള ചിത്രങ്ങൾ.ഓസ്കർ നോമിനേഷൻ ലഭിച്ച നാല് ചലച്ചിത്രങ്ങളും ഇത്തവണത്തെ മേളയിലുണ്ട്.