school-athletic
school athletic

പതിനാറ് വർഷത്തിന് കണ്ണൂരിന്റെ മണ്ണിൽ അരങ്ങേറിയ സംസ്ഥാന സ്കൂൾ കായികോത്സവത്തിന് തിരശീല വീഴുമ്പോൾ കേരളത്തിന്റെ കായികരംഗം ശോഭനമാണെന്ന സൂചന തന്നെയാണ് മാങ്ങാട്ടുപറമ്പിലെ യൂണിവേഴ്സിറ്റി സ്റ്രേഡിയത്തിലെ സിന്തറ്റിക് ട്രാക്കും ഫീൽഡും നമ്മോട് പറയുന്നത്.

ഹാട്രിക്ക് കിരീടമെന്ന എറണാകുളത്തിന്റെ സ്വപ്നത്തിന് മേൽ പാലക്കാടൻ കാറ്ര് വീശിയടിച്ചപ്പോൾ അപ്രതീക്ഷിത കുതിപ്പുകളിലൂടെ പുത്തൻനാമ്പുകളുടെ പിറവിക്കും വമ്പൻമാരുടെ ഇടർച്ചകൾക്കും മാങ്ങാട്ടുപറമ്പ് സാക്ഷ്യം വഹിച്ചു. സ്കൂളുകളിൽ കഴിഞ്ഞ തവണത്തെ ചാമ്പ്യൻമാരായ സെന്റ് ജോർജ് അസ്തമിച്ചെങ്കിലും മാർബേസിലിലൂടെ കിരീടം ഇത്തവണയും കോതമംഗലത്തേക്ക് തന്നെ വണ്ടികയറി. കപ്പടിക്കുമെന്ന് കരുതിയ പാലക്കാട് കല്ലടിക്കാർ കഴിഞ്ഞതവണത്തെപ്പോലെ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.

മുൻവർഷങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി ജില്ലാ ചാമ്പ്യൻമാർ 250ൽ കൂടുതൽ പോയിന്റിലേക്ക് കടക്കാതിരുന്നത് ശുഭ സൂചനയാണ്. നിലവിലെ കുത്തകകൾ തക‌ർത്ത് മെഡലുകൾക്ക് കൂടുതൽ പുതിയ അവകാശികൾ ഉണ്ടായി. കൂടുതൽ സ്ഥലങ്ങളിൽ നിന്നും ക്ലബുകളിൽ നിന്നുമെല്ലാം ജേതാക്കൾ എത്തി. ആദ്യ ദിനത്തെ മത്സരങ്ങൾ അവസാനിച്ചപ്പോൾ തന്നെ പോയിന്റ് പട്ടികയിൽ പതിമ്മൂന്ന് ജില്ലകൾ ഇടം പിടിച്ചിരുന്നു.

കുതിപ്പും കിതപ്പും

പുത്തൻ താരോദയങ്ങളും വൻവീഴ്ചകളും അട്ടിമറികളും കണ്ടു. സമീപകാലങ്ങളിലെ സ്കൂൾ കായിക മേളയുടെ മുഖമായിരുന്ന സെന്റ് ജോർജിന്റെ മൊട്ടക്കൂട്ടത്തിന്റെ പ്രാതിനിധ്യം പോലുമില്ലാതിരുന്നു. പരിമിതകൾക്ക് നടുവിലും ചിട്ടയോടെ പരിശീലനം നൽകുന്ന സ്പോർട്സ് അക്കാഡമികളുടെയും ക്ലബുകളുടെയും കരുത്തിൽ പുത്തൻ സ്കൂളുകൾ മെഡൽപ്പട്ടികയിൽ മുൻ സ്ഥാനങ്ങളിലേക്ക് ഉയർന്ന് വന്നപ്പോൾ പ്രമുഖരിൽ പിടിച്ച് നിന്നത് മാർബേസിലും കല്ലടിയും പുല്ലൂരാംപാറയും മാത്രം.

പറളിയും മുണ്ടൂരും കടപുഴകിയപ്പോൾ മുൻ ദേശീയ ഹർഡിൽസ് താരമായ ഹരിദാസ് പരിശീലനം നൽകുന്ന ഒളിമ്പിക് ക്ലബിന്റെ ചിറകിലേറി ബി.ഇ.എം.എച്ച്.എസ്.എസ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കുതിച്ചുയർന്നു. ഇത്തവണ കല്ലടിക്കൊപ്പം പാലക്കാടിന്റെ കിരീടധാരണത്തിൽ പ്രധാന പങ്ക് വഹിച്ചത് ഹരിദാസിന്റെ കുട്ടികളായിരുന്നു.12 കുട്ടികളുമായെത്തി 5 സ്വർണവും 2 വെള്ളിയും 1വെങ്കലവുമാണ് ഒളിമ്പിക് ക്ലബ് നേടിയത്. മുണ്ടൂർ 34-ാമതും പറളി പതിന്നാലാമതുമാണ് പോയിന്റ് പട്ടികയിൽ. എൻ.എച്ച്.എസ്.എസ്. ഇരിഞ്ഞാലക്കുട,​ഹോളിഫാമിലി എച്ച്.എസ്.എസ് കട്ടിപ്പാറ,​ എറണാകുളം മണീട് ഗവൺമെന്റ് എച്ച്.എസ്.എസ്,​ കണ്ണൂർ സി.എച്ച്.എം.എച്ച്.എസ്.എസ് ഇളയാവൂർ,​ തോമസ് മാഷിന്റെ കരുത്തിൽ പൂഞ്ഞാർ എസ്.എം.വി.എച്ച്.എസ്.എസ്- കരുത്തുകാട്ടി കുതിച്ചുയർന്ന ടീമുകളുടെ പട്ടിക നീളുന്നു.

സ്‌പോർട്‌സ്‌ ഹോസ്റ്റലുകളിൽ തിരുവനന്തപുരം സായ്,​ ജി.വി രാജ,കണ്ണൂർ സ്‌പോർട്‌സ് ഡിവിഷൻ, കോതമംഗലം എം.എ കോളജ് സ്‌പോർട്‌സ് ഹോസ്റ്റൽ എന്നിവയും തിളങ്ങി. ഉഷാ സ്കൂൾ മികച്ച തിരിച്ചുവരവ് നടത്തി.

പോരാട്ടം തുടരട്ടെ

തന്റെ അവസാന സംസ്ഥാന സ്കൂൾ കായികമേളയ്ക്കെത്തി ട്രിപ്പിൾ റെക്കാഡ് പ്രകടനവുമായി മടങ്ങിയ ആൻസി സോജനെ കേരളവും രാജ്യവും ഏറെ പ്രതീക്ഷയോടെയാണ് നോക്കുന്നത്. ഉഷാ സ്കൂളിലെ പ്രതിഭാ വർഗീസ്,​ ശാരിക സുനിൽ കുമാർ,​ ജി.വി രാജയിലെ എസ്.അക്ഷയ്,​ കട്ടിപ്പാറയിലെ കെ.പി സനിക,​ സീനിയർ ആൺകുട്ടികളുടെ ലോംഗ് ജമ്പിൽ റെക്കാഡോടെ സ്വർണം നേടിയ ടി ജെ ജോസഫ്, സബ്‌ജൂനിയറിലെ താരോദയം തിരുവനന്തപുരം ശ്രീ അയ്യങ്കാളി മോഡൽ ഗവ. സ്‌കൂളിലെ എം.കെ. വിഷ്ണു,​ പ്രതിസന്ധികളെ മറികടന്ന് ഒന്നുവീതം സ്വർണവും വെള്ളിയും വെങ്കലവും നേടിയ മാർബേസിലിലെ അഭിഷേക് മാത്യു,​ ത്രോയിനങ്ങളിൽ അലക്സ് ജോസഫ്,​ കെസിയ മറിയം ബെന്നി പ്രതീക്ഷയുണർത്തുന്ന പ്രതിഭകളുടെ പട്ടിക നീളുകയാണ്. മികച്ച പരിശീലനവും മാർഗ നിർദ്ദേശവും കിട്ടിയാൽ രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്താൻ ഈ പ്രതിഭകൾക്കാകും.

നോട്ട് ദ പോയിന്റ്

മണിപ്പൂരി താരങ്ങളുടെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് കെ.പി. തോമസ് മാഷ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയത് ഗൗരവത്തോടെ കാണേണ്ടതാണ്. നാല് ദിവസമായി നടന്നമേളയിൽ 393 ഓളം പേർ പരിക്കേറ്രു വീണു. കാലാവസ്ഥയും മത്സരങ്ങളുടെ ആധിക്യവും കണക്കിലെടുത്ത് അടുത്തവർഷം മുതലെങ്കിലും കായികോത്സവത്തിൽ മാറ്റങ്ങൾ ഉണ്ടാകണം.