ന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്റ്റർ രാജ്യമാകെ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇക്കാര്യത്തിൽ ഒരു മതവിഭാഗക്കാരും പരിഭ്രമിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭയിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അമിത് ഷാ.
അഭയാർത്ഥികൾക്ക് പൗരത്വം ലഭിക്കുന്നതിനാൽ പൗരത്വ ഭേദഗതി ബിൽ അനിവാര്യമാണ്. പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ രജിസ്റ്ററും വ്യത്യസ്തമാണ്. മതപരമായ വേർതിരിവില്ലാതെ എല്ലാ പൗരന്മാരും പൗരത്വ രജിസ്റ്റർ പട്ടികയിൽ ഉൾപ്പെടും. അതിൽ ആരും ആശങ്കപ്പെടേണ്ടതില്ല. എല്ലാവരും പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടുന്നതിനുള്ള ഒരു നടപടിക്രമം മാത്രമാണിതെന്നും അമിത് ഷാ അറിയിച്ചു.
അതേസമയം ദേശീയ പൗരത്വ രജിസ്റ്റർ ബംഗാളിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ബംഗാളിലെ ആരുടേയും പൗരത്വം ഒരാളും രേഖപ്പെടുത്താൻ പോകുന്നില്ല. വർഗീയ തരംതിരിവുകളുടെ പേരിൽ ജനങ്ങളെ വിഭജിക്കാൻ തന്റെ സർക്കാർ ഒരുക്കമല്ലെന്നും മമത പറഞ്ഞു. അസമിൽ എൻ.ആർ.സി നടപ്പാക്കിയത് വിവാദമായപ്പോൾ അതിനെതിരെ മമത രംഗത്തെത്തിയിരുന്നു.
അസമിൽ പൗരത്വ രജിസ്റ്റർ തയ്യാറാക്കിയപ്പോൾ 19 ലക്ഷം പേരാണ് അതിൽ നിന്ന് പുറത്തായത്. 3.28 കോടി പേർ അപേക്ഷിച്ചപ്പോൾ ഇത്രയും പേര്‍ പട്ടികയിൽ നിന്ന് പുറത്തായത് വലിയ വിവാദങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും വഴിവെച്ചിരുന്നു. പൗരത്വ രജിസ്റ്റർ നടപ്പിലാകുമ്പോൾ അതിൽ നിന്ന് പുറത്താകുന്നവർക്ക് പ്രാദേശികാടിസ്ഥാനത്തിൽ രൂപീകരിക്കുന്ന ട്രൈബ്യൂണലുകളെ സമീപിക്കാനാകുമെന്നും അമിത് ഷാ പറഞ്ഞു. അസമിൽ ഇത്തരം ട്രൈബ്യൂണലുകളിൽ അപേക്ഷ നൽകാൻ കഴിയാത്തവർക്ക് പണം നൽകി സംസ്ഥാന സർക്കാർ സഹായിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.