ന്യൂയോർക്ക്: മൈക്രോസോഫ്‌റ്രിന്റെ സി.ഇ.ഒയും ഇന്ത്യൻ വംശജനുമായ സത്യ നദേല ഫോർച്യൂണിന്റെ ഈവർഷത്തെ ബിസിനസ് പേഴ്‌സൺ ഒഫ് ദ ഇയർ പട്ടികയിൽ ഒന്നാംസ്ഥാനം സ്വന്തമാക്കി. പ്രതിസന്ധികളും വെല്ലുവിളികളും തരണം ചെയ്‌ത്, മികച്ച ആശയങ്ങളിലൂടെ വിജയം കൊയ്‌ത 20 ബിസിനസ് പ്രമുഖരാണ് പട്ടികയിലുള്ളത്. 2014 മുതൽ മൈക്രോസോഫ്‌റ്രിനെ നയിക്കുന്ന നദേല ആദ്യമായാണ് ഫോർച്യൂൺ ബിസിനസ് പേഴ്‌സൺ ഒഫ് ദ ഇയർ പട്ടം ചൂടുന്നത്.
മാസ്‌റ്രർകാർഡിന്റെ സി.ഇ.ഒ അജയ് ബാംഗാ എട്ടാംസ്ഥാനത്തും അരിസ്‌റ്റ നെറ്ര്‌വർക്ക്സ് മേധാവി ജയശ്രീ വി. ഉള്ളാൽ 18-ാം സ്ഥാനത്തുമുണ്ട്. ഇരുവരും ഇന്ത്യൻ വംശജരാണ്. ധനകാര്യ മേഖലയിലെ ഉയർന്ന വളർച്ചാ നിരക്കുള്ള സ്ഥാപനമായി മാസ്‌റ്രർകാർഡിനെ മാറ്രിയതാണ് അജയ് ബംഗായുടെ മികവെന്ന് ഫോർച്യൂൺ അഭിപ്രായപ്പെട്ടു. ഈവർഷം കമ്പനിയുടെ ഓഹരിവില ഉയർന്നത് 40 ശതമാനമാണ്. ഓപ്പൺ-സോഴ്‌സ് ക്ളൗഡ് സോഫ്‌റ്ര്‌വെയർ, എതർനെറ്ര് സർവീസസ് എന്നിവയിൽ അരിസ്‌റ്റയെ മാർക്കറ്റ് ലീഡറാക്കി വളർത്തിയ മികവാണ് ജയശ്രീ ഉള്ളാലിന് പട്ടികയിൽ ഇടം നേടിക്കൊടുത്തത്.