കോഴിക്കോട്: മുസ്ലിം തീവ്രവാദികളും സി.പി.എമ്മും പ്രവർത്തിക്കുന്നത് ഇരട്ടപെറ്റ മക്കളെപോലെയെന്ന ആരോപണവുമായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ. തീവ്രവാദ സംഘടനകളെ കയ്യയച്ച് സഹായിച്ചിട്ടുള്ള നിലപാടാണ് സി.പി.എമ്മിന്റേതെന്നും ജനങ്ങളെ കബളിപ്പിക്കാനുള്ള അടവുമാത്രമാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ ബോധോദയമെന്നും സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് വച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
മുസ്ലീം തീവ്രവാദത്തിന്റെ കാര്യത്തിൽ സി.പി.എം ഇപ്പോൾ സ്വീകരിക്കുന്ന നിലപാട് ഇരട്ടത്താപ്പാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.പാർട്ടിയുടെ സഖാക്കൾ യു.എ.പി.എ കേസിൽ കുടുങ്ങിയപ്പോഴുള്ള, ജനരോക്ഷം മറികടക്കാനുള്ള അടവുനയം മാത്രമാണ് സി.പി.എമ്മിന്റെ ഇപ്പോഴത്തെ മലക്കം മറിച്ചിലെന്നും സുരേന്ദ്രൻ ആരോപിച്ചു.
മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകത്തിലെ ഗൂഡാലോചന അന്വേഷിക്കാതിരുന്നത് സി.പി.എമ്മിന്റെ തീവ്രവാദികളോടുള്ള മൃദുസമീപനം കൊണ്ടാണ്. സർക്കാരിന്റെ ഒത്താശയോടെയാണ് കേസ് അട്ടിമറിക്കപ്പെട്ടത്. സി.പി.എം - എസ്.ഡി.പി.ഐ സഖ്യം പലയിടത്തുമുണ്ട്. ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ബിനു, ഷിബിൻ എന്നിവരുടെകൊലപാതകക്കേസുകൾ അട്ടിമറിക്കപ്പെട്ടത് ഇരുപാർട്ടികളും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ്. സുരേന്ദ്രന്‍ ആരോപിച്ചു.
ഇസ്ളാമിക ഭീകരവാദികളാണ് മാവോയിസ്റ്റുകളാണെന്നുള്ള സി.പി.എം കോഴിക്കോട് ജില്ലാസെക്രട്ടറി പി.മോഹനന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ. അതിനിടെ താൻ ഇസ്ളാമിക തീവ്രവാദികളെന്ന് ഉദ്ദേശിച്ചത് പോപ്പുലർ ഫ്രണ്ടിനെയും, എൻ.ഡി.എഫിനെയുമാണെന്ന് പറഞ്ഞുകൊണ്ട് പി. മോഹനൻ രംഗത്ത് വന്നിരുന്നു. താൻ തന്റെ നിലപാടിൽ ഉറച്ച് നിൽക്കുന്നതായും മോഹനൻ പറഞ്ഞു.