ലക്നനൗ: ബനാറസ് ഹിന്ദു സർവകലാശാലയിലെ സംസ്‌കൃതം അദ്ധ്യാപകൻ ഫിറോസ് ഖാനെതിരെ നടക്കുന്ന എ.ബി.വി.പിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിനെതിരെ പ്രതികരിച്ച് മുൻ ബി.ജെ.പി എം.പിയും നടനുമായ പരേഷ് റാവൽ. ഫിറോസ് ഖാനെതിരെ വിദ്യാർത്ഥികൾ നടത്തുന്ന സമരം തന്നെ ഞെട്ടിപ്പിച്ചുവെന്നും ഭാഷയും മതവും തമ്മിൽ എന്താണ് ബന്ധമെന്നുമാണ് പരേഷ് റാവൽ ചോദിക്കുന്നത്. ട്വിറ്റർ വഴിയാണ് അദ്ദേഹം തന്റെ പ്രതികരണം നടത്തിയിരിക്കുന്നത്.
സംസ്‌കൃത ഭാഷയിൽ പ്രൊഫസർ ഫിറോസ് ഖാന് പി.എച്ച്.ഡിയും ബിരുദാനന്തര ബിരുദവും ഉണ്ടെന്നുള്ള കാര്യം സമരവുമായി തട്ടിച്ച് നോക്കുമ്പോൾ വിരോധാഭാസമാണെന്നും, ദൈവത്തിനെ വിചാരിച്ച് വിദ്യാർത്ഥികൾ ഈ ഭ്രാന്ത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങളുടെ അദ്ധ്യാപകനെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ യുക്തിയുടെ ചുവടുപിടിച്ച് പ്രവർത്തിച്ചിരുന്നുവെങ്കിൽ മഹാഗായകനായ മുഹമ്മദ് റാഫിക്ക് ഭജനകൾ ഒന്നും പാടാൻ സാധികുമായിരുന്നില്ലെന്നും സംഗീതജ്ഞനായ നൗഷാദ് സാബിന് അവയ്ക്കൊന്നും സംഗീതം നൽകാൻ ആകുമായിരുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.
By same logic great singer late Shri Mohammad Rafi ji should not have sung any BHAJANS and Naushad Saab should not have composed it !!!!
ഉത്തർ പ്രദേശിലെ വാരണാസിയിലെ ബനാറസ് ഹിന്ദു സർവകലാശാലയിൽ സംസ്‌കൃതം പ്രൊഫസറായി അദ്ധ്യാപനം ആരംഭിച്ച ഫിറോസിനെതിരെ തിരിഞ്ഞത് സ്വന്തം വിദ്യാർത്ഥികൾ തന്നെയായിരുന്നു. ഫിറോസിന്റെ മതമായിരുന്നു അവരുടെ പ്രശ്നം. മുസ്ലിം മതത്തിൽപ്പെട്ട ഒരാൾ തങ്ങളെ സംസ്‌കൃതം പഠിപ്പിക്കുന്നത് ശരിയല്ലെന്നായിരുന്നു വിദ്യാർത്ഥികളുടെ പക്ഷം. ഇക്കാരണം പറഞ്ഞുകൊണ്ട് ഇവർ സർവകലാശാലയിൽ സമരമിരിക്കുക പോലും ചെയ്തു. ബനാറസ് സർവകലാശായുടെ സ്ഥാപകനായ 'പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ ഒരിക്കലും ഇങ്ങനെയൊരു കാര്യം ആഗ്രഹിക്കില്ല' എന്നതായിരുന്നു അവരുടെ മുദ്രാവാക്യം.
എന്നാൽ സർവകലാശാലയിലെ സാഹിത്യ(സംസ്‌കൃതം) വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിക്ക് കയറിയ ഫിറോസ് ഖാന്റെ നിയമനം പൂർണമായും നിയമങ്ങൾക്ക് വിധേയമായി തന്നെയായിരുന്നു എന്ന് സർവകലാശാല വൈസ് ചാൻസലർ രാകേഷ് ഭട്നഗർ തുറന്നു സമ്മതിച്ചിരുന്നു. ഒരു മുസ്ലിം ആയത് കൊണ്ട് തനിക് സംസ്‌കൃതം പഠിപ്പിക്കാൻ യോഗ്യതയില്ലേ എന്ന് ഫിറോസും ചോദിച്ചിരുന്നു. ഫിറോസിന്റെ കഴിവും യോഗ്യതയും അനുസരിച്ചാണ് അദ്ദേഹത്തെ അദ്ധ്യാപകനായി നിയമിച്ചതെന്ന് വി.സി വിദ്യാർത്ഥികളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടും വിദ്യാർത്ഥികൾ സമരത്തിൽ നിന്നും പിന്മാറാൻ കൂട്ടാക്കിയിട്ടില്ല. ഫിറോസിനെ അദ്ധ്യാപകനായി നിയമിച്ച വി.സിയുടെ ലോഡ്ജിന് മുൻപിൽ സമരമിരിക്കുകയാണ് വിദ്യാർത്ഥികൾ ഇപ്പോൾ.