കോട്ടയം: പതിനൊന്നുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ കസ്റ്റഡിയിൽ. ഉഴവൂർ കാലത്തിൽ വീട്ടിൽ വാടകയ്‌ക്കു താമസിക്കുന്ന രാമപുരം നെപ്പിച്ചുഴ കന്നത്തിൽ വീട്ടിൽ കൊച്ചുരാമന്റെ മകൾ സൂര്യ രാമനെ (11) കൊലപ്പെടുത്തിയ കേസിൽ അമ്മ സാലിയാണ് (43) പിടിയിലായത്. അരീക്കര എസ്.എൻ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് സൂര്യ.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം പുറത്തറിഞ്ഞത്. രാവിലെ സ്‌കൂളിൽ പോകേണ്ടെന്ന് മക്കളായ സൂര്യയോടും സ്വരൂപിനോടും സാലി പറഞ്ഞിരുന്നു. എന്നാൽ സ്വരൂപ് സ്‌കൂളിൽ പോയി. വൈകിട്ട് സ്വരൂപ് വീട്ടിലെത്തിയപ്പോൾ അകത്തു കടക്കാൻ സാലി സമ്മതിച്ചില്ല. സഹോദരിയെക്കുറിച്ചു ചോദിച്ചപ്പോഴാണ് താൻ മകളെ കൊലപ്പെടുത്തിയ വിവരം സാലി പറഞ്ഞത്. സാലി നേരത്തെ മാനസിക അസ്വാസ്ഥ്യത്തിന് മരുന്നു കഴിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കുട്ടികളുടെ അച്ഛൻ രാമൻ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. സംഭവസമയത്ത് ഇയാൾ വീട്ടിലുണ്ടായിരുന്നില്ല.
സ്വരൂപ് ബഹളം വച്ചതോടെ അയൽവാസികൾ ഒാടിയെത്തി പൊലീസിൽ അറിയിച്ചു. സൂര്യയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.