കോഴിക്കോട്: മുസ്ലീം തീവ്രവാദികളും സി.പി.എമ്മും ഇരട്ടപെറ്റ മക്കളെപോലെയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.തീവ്രവാദ സംഘടനകളെ എന്നും കൈയയച്ച് സഹായിക്കുന്നവരാണ് സി.പി.എമ്മുകാര്‍. തീവ്രവാദ കേസുകള്‍ അട്ടിമറിക്കുകയാണ് ഇടതു സർക്കാർ. പൊലീസ് ആസ്ഥാനത്തെ ഇ-മെയില്‍ കേസ്, ഹൈക്കോടതി മാര്‍ച്ചിന്റെ മറവിലുണ്ടായ തീവ്രവാദ ആക്രമണം. വാട്ട്‌സ് ആപ്പ് ഹര്‍ത്താല്‍, എസ്.എഫ്.ഐ നേതാവ് അഭമന്യുവിനെ വധിച്ച കേസിലെ ഗൂഢാലോചന അന്വേഷിക്കാതെ മുസ്ലിം തീവ്രവാദികളെ രക്ഷിച്ചത് തുടങ്ങി നിരവധി കേസുകള്‍ അട്ടിമറിച്ചിട്ടുണ്ട്.കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ പഞ്ചായത്ത് ഭരണം സി.പി.എമ്മും എസ്.ഡി.പി.ഐ യും ചേര്‍ന്നാണ്. കോന്നിയിലും വട്ടിയൂര്‍ക്കാവിലും സി.പി.എമ്മും എസ്.ഡി.പി.ഐ യും ധാരണയിലായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഐ.എസ് റിക്രൂട്ട്‌മെന്റ് നടക്കുന്നത് കേരളത്തിലാണ്. അതാകട്ടെ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലും. യു.എ.പി.എ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ വീട്ടിൽ ആദ്യം ഓടിയെത്തിയ നേതാവാണ് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ. പ്രതികൾക്ക് നിയമസഹായം നൽകിയത് സി.പി.എം ജില്ലാ കമ്മിറ്റിയാണ്. മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നത് സി പി എമ്മാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.