മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനയുമായി സഹകരിച്ച് സഖ്യസർക്കാർ രൂപീകരിക്കുന്നതിന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അനുമതി നൽകിയതായി സൂചന. മഹാരാഷ്ട്രയിൽ സുശക്തമായ സർക്കാർ രൂപീകരിക്കുമെന്ന് കോൺഗ്രസും എൻ.സി.പിയും അറിയിച്ചു. സർക്കാർ രൂപീകരണം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതായി പൃഥ്വിരാജ് ചവാൻ പറഞ്ഞു. സർക്കാർ രൂപീകരിക്കുന്നതിൽ സഹകരണമാവാമെന്ന് സോണിയയും ശരത് പവാറുമായുള്ള ചർച്ചയിലാണ് തീരുമാനമായതെന്ന് എൻ.സി.പി വൃത്തങ്ങൾ വ്യക്തമാക്കി.
സോണിയാഗാന്ധിയും ശരത് പവാറുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാനത്ത് ഒരു പൊതുമിനിമം പരിപാടിയുടെ അഭിപ്രായത്തിൽ സർക്കാർ രൂപകരിക്കുന്നത് സംബന്ധിച്ച് വലിയ പുരോഗതി ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ. ചർച്ചയ്ക്ക് പിന്നാലെ സർക്കാർ രൂപികരിക്കാൻ സോണിയാ ഗാന്ധി തത്വത്തിൽ അനുമതി നൽകിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം എൻ.സി.പി നേതാക്കൾ വ്യക്തമാക്കി. വൈകാതെ സർക്കാർ രൂപികരിക്കുന്നത് സംബന്ധിച്ച് ശിവസേന നേതാക്കൾ ഗവർണറെ കാണും.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയും ശിവസേനയും സഖ്യമായി മത്സരിച്ചെങ്കിലും മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കണമെന്ന ശിവസേനയുടെ ആവശ്യത്തെ തുടർന്ന് അവർക്ക് സർക്കാർ രൂപവ്തകരിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് എൻ.സി.പിയുടെയും കോൺഗ്രസിന്റെയും പിന്തുണയോടെ ശിവസേന സർക്കാർ രൂപീകരിക്കാൻ നീക്കങ്ങൾ തുടങ്ങിയത്.