leggings

സ്‌കൂളിലെ ഡ്രസ് കോഡ് പാലിച്ചില്ലെന്ന് പറഞ്ഞുകൊണ്ട് വിദ്യാർത്ഥിനികളുടെ ലെഗിങ്‌സ് സ്‌കൂൾ അധികൃതർ അഴിപ്പിച്ച സംഭവം വിവാദത്തിലേക്ക്. പശ്ചിമ ബംഗാളിലെ ശാന്തിനികേതന് അടുത്തുള്ള ബോൽപൂരിലെ ബീർബൂം ജില്ലയിലുള്ള സ്‌കൂളിലാണ് സംഭവം നടന്നത്. ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിലാണ് അഞ്ചിനും ഒമ്പതിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളുടെ ലെഗിങ്‌സ് സ്‌കൂളിലെ ടീച്ചർ നിർബന്ധപ്പൂർവ്വം അഴിപ്പിച്ചത്. സ്‌കൂളിന്റെ ഈ നടപടിക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് കുട്ടികളുടെ രക്ഷകർത്താക്കളും മാതാപിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. കാലാവസ്ഥ മാറിയത് കൊണ്ടുള്ള തണുപ്പ് കാരണമാണ് തങ്ങളുടെ പെൺകുട്ടികൾ ലെഗിങ്‌സ് ധരിച്ചതെന്ന് സ്ക്കൂൾ അധികൃതരോട് പറഞ്ഞുവെങ്കിലും അവർ അത് കേൾക്കാൻ കൂട്ടാക്കുന്നില്ലെന്ന് മാതാപിതാക്കളും രക്ഷിതാക്കളും പറയുന്നു.

തുടർന്ന് തങ്ങളുടെ കുട്ടികൾക്കായി ഇവർ സ്‌കൂളിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. നാട്ടുകാരും രക്ഷിതാക്കളുടെ ഒപ്പമാണ് നിലകൊണ്ടത്. എന്നാൽ സ്‌കൂൾ അധികൃതർ തങ്ങൾക്ക് തെറ്റ് സംഭവിച്ചുവെന്ന് സമ്മതിക്കാൻ ഇനിയും തയാറായിട്ടില്ല. സ്‌കൂളിലെ ഡ്രസ് കോഡ് പാലിക്കാത്ത കുട്ടികളുടെ ലെഗിങ്‌സാണ് തങ്ങൾ അഴിപ്പിച്ചതെന്നും സ്‌കൂളിൽ അഡ്മിഷനെടുത്ത സമയത്ത് തന്നെ രക്ഷിതാക്കൾക്കും കുട്ടികൾക്കും യൂണിഫോമിനെക്കുറിച്ചും ഡ്രസ് കോഡിനെക്കുറിച്ചും തങ്ങൾ നിർദ്ദേശം നൽകിയിരുന്നു എന്നാണ് സ്‌കൂളിന്റെ നിലപാട്. ഏതായാലും സംഭവം വിവാദമായതോടെ വിഷയത്തിൽ സ്‌കൂൾ അധികൃതരുടെ പങ്ക് അന്വേഷിക്കാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ജില്ലാ സ്‌കൂൾ ഇൻസ്പെക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.