സുൽത്താൻ ബത്തേരി: ക്ലാസ് മുറിയിലെ മാളത്തിൽ കയറിക്കൂടിയ പാമ്പിന്റെ കടിയേറ്റ് പത്തു വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. സർവജന ഹൈസ്‌കൂളിൽ അദ്ധ്യാപിക ക്ലാസെടുത്തുകൊണ്ടിരിക്കെ ഇന്നലെ വൈകിട്ട് മൂന്നര മണിയോടെയാണ് സംഭവം.
അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറീൻ (10) ആണ് മരിച്ചത്. അഭിഭാഷകരായ പുത്തൻകുന്ന് ചിറ്റുരിലെ ഞെണ്ടൻവീട്ടിൽ അബ്ദുൾ അസീസിന്റെയും സജ്‌നയുടെയും മകളാണ്. സഹോദരങ്ങൾ: അമിയ ജെബിൻ, ആഖിൽ.
ക്ലാസ് മുറിയിലെ തറയിലുള്ള മാളത്തിനടുത്തു നിന്നു കാലിൽ എന്തോ തട്ടിയതായി കുട്ടി ടീച്ചറോട് പറഞ്ഞപ്പോൾ സിമന്റ് അടർന്നുള്ള ഭാഗം കൊണ്ടതാകുമെന്നാണ് സംശയിച്ചത്. വൈകാതെ രക്തം കട്ടപിടിച്ച് കുട്ടി അവശനിലയിലായി. തുടർന്ന് വീട്ടുകാരെ വിവരമറിയിച്ച് ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില തീരെ വഷളായതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടമാർ നിർദ്ദേശിച്ചു. അവിടേക്ക് കൊണ്ടുപോകുന്നതിനിടെ വൈത്തിരിയ്ക്ക് സമീപം ചേലോട് വച്ച് അന്ത്യം സംഭവിക്കുകയായിരുന്നു.