sakuntala-devi-

ഗണിത ശാസ്ത്രത്തിലെ അദ്ഭുത പ്രതിഭയായിരുന്നു ശകുന്തളാദേവി. സെക്കൻഡുകൾ കൊണ്ട് ഗണിതക്രിയകൾക്ക് ഉത്തരം നൽകിയിരുന്ന ശകുന്തളാദേവിയെ ലോകം ഹ്യൂമൻ കമ്പ്യൂട്ടർ എന്നു വിളിച്ചു. തന്റെ ജീവിതം ഗണിതശാസ്ത്രത്തിനായി ഉഴിഞ്ഞുവെച്ച പ്രതിഭയായിരുന്നു ശകുന്തളാദേവി. കളികളിലൂടെ ഗണിതം പഠിക്കാൻ നിരവധി പുസ്തകങ്ങൾ അവർ രചിച്ചു. കുട്ടികളെ ഗണിതം പഠിപ്പിച്ചു. ഗണിതത്തിൽ ഔപചാരികവിദ്യാഭ്യാസമൊന്നും തന്നെ സിദ്ധിച്ചിട്ടില്ലാത്ത അവർ നിരന്തരമായ അഭ്യാസത്തിലൂടെയാണ് തന്റെ അസാമാന്യമായ കഴിവുകളെ പരിപോഷിപ്പിച്ചുകൊണ്ടിരുന്നത് ..

ഗണിതശാസ്ത്രരംഗത്ത് അവർ അറിയപ്പെടുന്ന പോലെതന്നെ ഒട്ടും അറിയപ്പെടാത്ത മറ്റൊന്നുകൂടി അവരുടെ ജീവിതത്തിലുണ്ട് ഇന്ത്യയിൽ ഐപിസി 377 -ാം വകുപ്പ് റദ്ദാക്കപ്പെട്ടത് 2018 -ലാണ്. എന്നാൽ 1977 -ൽ തന്നെ ശകുന്തളാ ദേവി ഈ ആവശ്യം ശക്തമായി ഉയർത്തിക്കൊണ്ട് നിരവധി ലേഖനങ്ങൾ എഴുതിയിരുന്നു. പ്രസംഗങ്ങൾ നടത്തിയിരുന്നു. ഈ വിഷയത്തെ ആസ്പദമാക്കി അവർ 1977 -ൽ ഒരു പുസ്തകമെഴുതി. 'ദ വേൾഡ് ഓഫ് ഹോമോ സെക്ഷ്വൽസ്'. ആ പുസ്തകത്തിലൂടെ അവർ സ്വവർഗാനുരാഗികൾ ഇന്ത്യയിൽ അനുഭവിക്കുന്ന വിവേചനങ്ങൾ മുഖ്യധാരയുടെ ശ്രദ്ധയിൽ പെടുത്താൻ ശ്രമിച്ചു.

sakuntala-devi

ശകുന്തളാദേവിയെ ഇതിലേക്ക് നയിച്ചത് അവരുടെ ഭർത്താവായിരുന്നു. സിവിൽ സർവീസ് ഉദ്യോഗസ്ഥനായ പാരിതോഷ് ബാനർജിയെയാണ് അവർ വിവാഹം കഴിച്ചുത്.. സ്വവർഗ ലൈംഗികതയെ ഒട്ടുംതന്നെ അംഗീകരിക്കാനാകാത്ത എഴുപതുകളിലാണ് തന്റെ ഭർത്താവ് ഒരു സ്വവർഗാനുരാഗിയാണ് എന്ന സത്യം ശകുന്തളാദേവി മനസിലാക്കുന്നത്. അക്കാര്യം അവരെ മാനസികമായി ഏറെ പിടിച്ചുലച്ചു. എന്നാൽ അതിനെയോർത്ത് കണ്ണീരൊഴുക്കാൻ ശകുന്തളാ ദേവി തയ്യാറായിരുന്നില്ല. അതിനു പകരം, ഒരു പുരുഷൻ സ്വവർഗാനുരാഗിയാകുന്നതിനു പിന്നിൽ പ്രവർത്തിക്കുന്ന ശാരീരികവും മാനസികവുമായ പ്രക്രിയകളെപ്പറ്റി ആഴത്തിൽ പഠിക്കാൻ അവർ ശ്രമിച്ചു. തന്റെ ഭർത്താവിനെ അദ്ദേഹത്തിന്റെ ലൈംഗികതയുടെ പേരിൽ അധിക്ഷേപിക്കാനോ, അദ്ദേഹത്തെ സ്വന്തം ജീവിതത്തിൽ നിന്ന് അടർത്തിമാറ്റാനോ അവർ തുനിഞ്ഞില്ല. പകരം, ഇന്ത്യയിലും വിദേശത്തുമായി തങ്ങളുടെ ലൈംഗികത സമൂഹത്തിൽ നിന്ന് ഒളിച്ചുവെച്ചുകൊണ്ട്, ഏറെ ഗൂഢമായ രീതിയിൽ അതിനെ പ്രകാശിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് ജീവിക്കുന്ന സ്വവർഗാനുരാഗികളെപ്പറ്റി, അവരുടെ ജീവിതചര്യകളെപ്പറ്റി പഠിക്കാൻ ശകുന്തളാ ദേവി ശ്രമിച്ചു. ആ അനുഭവങ്ങളെ അവർ പഠനങ്ങളാക്കി മാറ്റി. അവയാണ് നേരത്തെ പറഞ്ഞ പുസ്കങ്ങളായി മാറിയത്..

ആ ഒരു കാലത്ത് പുസ്തകത്തിനെതിരെ കടുത്ത പ്രതിഷേധങ്ങൾ ഉയർന്നുവെന്നെങ്കിലും, പിൽക്കാലത്ത് LGBTQ ആക്ടിവിസ്റ്റുകൾ ഈ വിലപ്പെട്ട പുസ്തകത്തെ കണ്ടെടുക്കുകയും ഈ വിഷയത്തിലെ ആധികാരിക രേഖകളിൽ ഒന്നായി പുസ്തകം മാറുകയും ചെയ്തു. ഇന്ത്യയിലെ സ്വവർഗ ലൈംഗികതയെപ്പറ്റി നടന്ന ആദ്യത്തെ സമഗ്രപഠനങ്ങളിൽ ഒന്നാണ് ശകുന്തളാ ദേവിയുടെ ഈ പുസ്തകം.

പുസ്തകമിറങ്ങി രണ്ടുവർഷങ്ങൾക്കുളിൽ അവർ വിവാഹമോചിതരായി. അതിനുശേഷം ശകുന്തളാ ദേവി തന്റെ ശിഷ്ടജീവിതം ഗണിതശാസ്ത്രത്തിനായി ഉഴിഞ്ഞുവെച്ചു

book-

2013 ഏപ്രിൽ 21 -ന് തന്റെ 83 -ാമത്തെ വയസ്സിൽ അവർ വാർധക്യസഹജമായ അസുഖങ്ങളാൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. 2013 -ൽ ശകുന്തളയുടെ ശതാഭിഷേകവർഷത്തിൽ ഗൂഗിൾ ശകുന്തളാദേവിയുടെ ബഹുമാനാർത്ഥം ഒരു ഡൂഡിൾ സമർപ്പിക്കുകയുണ്ടായി. ശകുന്തളയുടെ ജീവിതം പ്രമേയമാക്കിക്കൊണ്ട് വിദ്യാബാലൻ അഭിനയിച്ച 'ശകുന്തളാ ദേവി - ഹ്യൂമൻ കമ്പ്യൂട്ടർ' എന്നൊരു ഹിന്ദി ചിത്രം അണിയറയിൽ തയ്യാറാവുന്നുണ്ട്.