ന്യൂഡൽഹി ∙ മഹാരാഷ്ട്രയിൽ സുസ്ഥിരമായ സർക്കാർ ഉടൻ അധികാരത്തിൽ വരുമെന്ന് കോൺഗ്രസ് – എൻ.സി.പി നേതാക്കൾ അറിയിച്ചു.. സർക്കാർ രൂപീകരണം സംബന്ധിച്ച്. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നും വ്യാഴാഴ്ച ചർച്ച തുടരുമെന്നും കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ അറിയിച്ചു.
എൻ.സി.പി നേതാവ് ശരദ് പവാർ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സർക്കാർ രൂപീകരണം സംബന്ധിച്ച ചർച്ചകൾക്ക് കോൺഗ്രസ് മുൻകൈയെടുത്തത്. കൂടിക്കാഴ്ചയിൽ, അടുത്ത തവണ പവാറിന് രാഷ്ട്രപതി പദം വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. രാജ്യസഭയിൽ കഴിഞ്ഞ ദിവസം മോദി എൻ.സി.പിയെ അഭിനന്ദിച്ചതും അദ്ദേഹത്തെ ഒപ്പം നിർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ.
ശിവസേനയുമായി സഖ്യത്തിന് ആദ്യം വിമുഖത കാട്ടിയിരുന്ന സോണിയാ ഗാന്ധി പിന്നീട് പച്ചക്കൊടി കാട്ടിയതോടെയാണ് ചർച്ചകൾക്ക് വേഗത കൈവന്നത്. ബുധനാഴ്ച സോണിയാ ഗാന്ധിയുമായി കൂടികാഴ്ച നടത്തിയ മുസ്‌ലിം ലീഗ് നേതാക്കൾ, ശിവസേനയുമായുള്ള സഖ്യത്തിൽ എതിർപ്പ് അറിയിച്ചതായാണ് വിവരം.
മുഖ്യമന്ത്രിപദം ശിവസേനയും എൻ.സി.പിയും പങ്കിടുന്ന ഫോർമുലയാണ് ചർച്ചയിലുള്ളത്. ആദ്യ ഊഴത്തിൽ ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും. ധാരണപ്രകാരം രണ്ടു ഉപമുഖ്യമന്ത്രിമാരിൽ ഒരാൾ കോൺഗ്രസിൽ നിന്നാവും. വിരുദ്ധ ധ്രുവങ്ങളിലായിരുന്ന മൂന്നു രാഷ്ട്രീയ കക്ഷികളും തമ്മിലുള്ള ഏകോപനത്തിന് സമിതി രൂപീകരിക്കും. ധാരണയുടെ ഭാഗമായി തീവ്രഹിന്ദുത്വ നിലപാട് മയപ്പെടുത്താൻ ശിവസേന തയാറായേക്കും.