ന്യൂഡൽഹി: ഹോസ്റ്റൽ ഫീസ് വർദ്ധനയെ തുടർന്നുണ്ടായ ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ വിദ്യാർത്ഥികളുടെ പ്രക്ഷോഭത്തിൽ എത്രയും വേഗം പരിഹാരം കാണണമെന്ന് നിർദ്ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സർവകലാശാലയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മന്ത്രി രമേഷ് പൊക്രിയാലുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു, ഇതിന് ശേഷമാണ് അദ്ദേഹം ഇങ്ങനെ ഒരു നിർദ്ദേശം നൽകിയതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സോഷ്യൽ മീഡിയയിലും മറ്റും സമരത്തിന് പ്രാധാന്യം ലഭിക്കുന്നതായി കണ്ടാണ് വിഷയത്തിൽ നടപടി സ്വീകരിക്കുന്നതിനായി അമിത് ഷാ രമേഷ് പൊക്രിയാലുമായി കൂടിക്കാഴ്ച നടത്തിയതെന്ന് 'ദ പ്രിന്റും' റിപ്പോർട്ട് ചെയ്യുന്നു.
കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഡൽഹി പൊലീസ് തങ്ങളെ മർദ്ദിച്ചുവെന്നും അനാവശ്യമായി ഉപദ്രവിച്ചുവെന്നും വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. ശേഷം കേന്ദ്ര മാനവ വിഭവശേഷി വകുപ്പുമായി വിദ്യാർത്ഥികൾ കൂടിക്കാഴ്ച നടത്തി. എന്നാൽ യൂണിവേഴ്സിറ്റി വി.സി തങ്ങളുമായി ചർച്ച നടത്താതെ സമരത്തിൽ നിന്നും പിന്മാറില്ല എന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. അതേസമയം കലാപമുണ്ടാക്കാൻ ശ്രമിച്ചു, പൊതുമുതൽ നശിപ്പിച്ചു എന്നീ കുറ്റങ്ങൾ ആരോപിച്ചുകൊണ്ട് ഡൽഹി പൊലീസ് വിദ്യാർത്ഥികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഇത് കൂടാതെ, യൂണിവേഴ്സിറ്റി അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് നൂറു മീറ്റർ പരിധിയിൽ പ്രതിഷേധങ്ങൾ പാടില്ലെന്ന കോടതി നിർദ്ദേശം വിദ്യാർത്ഥികൾ ലംഘിച്ചുവെന്ന് ആരോപിച്ചുകൊണ്ട് സർവകലാശാല അധികൃതരും ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.