കഥാകൃത്തായ ഉണ്ണി ആറിന്റെ ആദ്യ നോവലായ 'പ്രതി പൂവൻകോഴി' സംവിധായകൻ റോഷൻ ആൻഡ്രൂസ് സിനിമയാക്കുന്നു എന്ന വാർത്ത വന്നിട്ട് അധികനാളുകളായിട്ടില്ല. മഞ്ജു വാരിയർ ആണ് ചിത്രത്തിൽ നായികയാകുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ താൻ നോവലല്ല സിനിമയാക്കുന്നതെന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ. 'പ്രതി പൂവങ്കോഴി' എന്ന നോവലിന്റെ പേര് മാത്രമാണ് റോഷൻ ആൻഡ്രൂസ് തന്റെ സിനിമയ്ക്ക് നൽകുന്നത്. എന്നാൽ കഥ ഉണ്ണി ആറിന്റേത് തന്നെയാണ്. താനും തന്റെ ഭാര്യയുമായും ബന്ധപ്പെട്ട സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം എന്നും സംവിധായകൻ സൂചന നൽകുന്നു. നോവലിന്റെ പേര് മാത്രം കടമെടുക്കുമ്പോൾ പ്രേക്ഷകരെ വഞ്ചിക്കുന്നത് പോലെയാകില്ലേ എന്ന് ഉണ്ണി ആർ ആശങ്കപ്പെട്ടപ്പോൾ സിനിമ ഇറങ്ങും മുൻപ് താൻ പ്രേക്ഷകരോട് ഇക്കാര്യം തുറന്നു പറയുമെന്ന് കഥാകൃത്തിനോട് പറഞ്ഞതായും റോഷൻ ആൻഡ്രൂസ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റോഷൻ ആൻഡ്രൂസ് ഈ വിവരം പങ്കുവച്ചത്.
റോഷൻ ആൻഡ്രൂസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
'പ്രതി പൂവൻകോഴി എന്ന നോവലല്ല ഈ സിനിമ : റോഷൻ ആൻഡ്രൂസ്
വളരെ യാദൃശ്ചികമായാണ് ഞാൻ പ്രതി പൂവൻകോഴി എന്ന സിനിമയുടെ കഥ കേൾക്കുന്നത്. ഞാനും ഉണ്ണി ആറും ഒന്നിക്കുന്ന ഡീഗോ ഗാർസ്യ എന്ന സിനിമയുടെ പ്രാരംഭ ചർച്ചകൾക്കിടയിലാണ് ഉണ്ണി ആർ എന്നോട് ഒരു കഥ പറയുന്നത് .കഥ കേട്ടപ്പോൾത്തന്നെ ഞാൻ ഇത് ചെയ്യുന്നു എന്ന് തീരുമാനിച്ചു. പക്ഷേ മറ്റ് ചില കമ്മിറ്റ്മെന്റ്സ് ഉള്ളതുകൊണ്ട് ഒന്നും പറയാതെ ഞങ്ങൾ പിരിഞ്ഞു.ഈ കഥ ഞാൻ എന്റെ ഭാര്യയോട് പറഞ്ഞു. അവൾ കുറച്ച് നേരം ഒന്നും മിണ്ടാതിരുന്നിട്ട് പറഞ്ഞു, നിങ്ങൾ ഉടൻ ഈ പടം ചെയ്യണം. ഞാൻ ചോദിച്ചു.
അതെന്താ? ഈ കഥ ഞങ്ങളുടേതായതു കൊണ്ട്.അപ്പോൾത്തന്നെ പുള്ളിക്കാരനെ വിളിച്ച് ഞാൻ പറഞ്ഞു ,നമുക്കിത് ഉടൻ ചെയ്യാമെന്ന്.പടത്തിന് എന്ത് പേരിടണമെന്ന് ഒരു തീരുമാനം അപ്പോഴും ഉണ്ടായില്ല. ഉണ്ണി ആറിന്റെ പ്രതി പൂവൻകോഴി എന്ന ടൈറ്റിലും നോവലും എനിക്കിഷ്ടമാണ്. ഞാൻ ചോദിച്ചു ,ഈ ടൈറ്റിൽ എടുക്കട്ടെ എന്ന്? പുള്ളിക്കാരൻ കുറച്ച് നേരം ആലോചിച്ച്,താടിയിലൊക്കെ പിടിച്ചിട്ട് ചോദിച്ചു ,നിർബന്ധമാണോ? നിർബ്ബന്ധമാണ് ഞാൻ പറഞ്ഞു. വായനക്കാരെ തെറ്റിദ്ധരിപ്പിക്കും പോലെ ആകില്ലേ? ഞാൻ അവരോട് സിനിമ ഇറങ്ങും മുമ്പ് സത്യം പറഞ്ഞോളാം പോരേ? പുള്ളി തലയാട്ടി. അതുകൊണ്ട് ആ നോവലല്ല ഈ സിനിമ ഇത് മറ്റൊരു കഥയാണ്.'
അതേസമയം, ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ ഇന്ന് പുറത്തിറങ്ങി. മോഹൻലാൽ തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറക്കിയത്. ശ്രീഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്.