തിരുവനന്തപുരം: ജില്ലാ കലോത്സവത്തിന്റെ രണ്ടാം നാൾ അപ്രതീക്ഷിതമായെത്തിയ മഴ മത്സരങ്ങളുടെ മാത്രമല്ല കാണികളുടെ താളംകൂടി തെറ്റിച്ചു. പ്രധാനവേദിക്ക് മുന്നിലേക്ക് മഴവെള്ളം പാഞ്ഞെത്തിയതോടെ കാണികളും മത്സരാർത്ഥികളുമെല്ലാം ഓട്ടപ്പാച്ചിലായി.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് തകർപ്പൻ മഴ പെയ്തത്. പ്രധാന വേദി ഉൾപ്പെടെ പുറത്തെ വേദികളിലെല്ലാം വെള്ളക്കെട്ടായി. മത്സരങ്ങൾ ആസ്വദിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെടെയുള്ളവർ കുടുങ്ങി.
ചാല ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്താണ് പ്രധാന വേദി. മഴ പെയ്താൽ അകത്തേക്ക് വെള്ളം കയറാത്ത രീതിയിൽ അവിടെ ഒരു മൺതിട്ടപോലും ഉണ്ടാക്കിയിരുന്നില്ല.
ഇതോടെ പ്രധാനവേദിയുടെ കവാടത്തിൽ തന്നെ വെള്ളക്കട്ടായി. ചെളിവെള്ളത്തിൽ ചവിട്ടിയിരുന്നാണ് വിധികർത്താക്കൾ പോലും മത്സരം വീക്ഷിച്ചത്.
ചാല സ്കൂളിലെ മൈതാനത്തിന് നടുവിലാണ് പ്രധാനവേദി. വേദിയുടെ നിർമ്മാണം നടക്കുന്ന സമയത്തും മഴപെയ്തിരുന്നു. കനത്ത മഴപെയ്താൽ മത്സരങ്ങൾ നിറുത്തിവയ്ക്കേണ്ട സ്ഥിതിവരുമെന്നും അതിനാൽ സദസിൽ വെള്ളം കയറാത്ത വിധം നാലു വശവും ഉയർത്തണമെന്നും ചിലർ അന്ന് നിർദ്ദേശിച്ചിരുന്നതാണ്. എന്നാൽ ഒന്നും നടന്നില്ല.
ഭക്ഷണം കഴിക്കാൻ ക്യൂ നിന്ന വിദ്യാർത്ഥികളെയും മഴ ചതിച്ചു. ചാല ഹൈസ്കൂളിലായിരുന്നു ഭക്ഷണപ്പുരയും കഴിക്കാനുള്ള സ്ഥലവും ഒരുക്കിയിരുന്നത്. ഇരുന്ന് കഴിക്കേണ്ട സ്ഥലമാകെ വെള്ളം നിറഞ്ഞ് കുളമായി. ഉച്ചയ്ക്കുശേഷമുള്ള നൃത്ത മത്സരങ്ങൾക്കായി വിദ്യാർത്ഥികൾ മേക്കപ്പിട്ട് കഴിഞ്ഞപ്പോഴായിരുന്നു മഴ. രാവിലെ മഴയുടെ യാതൊരു ലക്ഷണവും ഇല്ലാത്തതിനാൽ പലരും കുട കരുതിയിരുന്നില്ല. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു റോഡ് മുറിച്ച് കടന്ന് ഹൈസ്കൂളിൽ എത്തിയാൽ മാത്രമേ ഭക്ഷണം കിട്ടൂ. മഴ നനഞ്ഞാൽ മേക്കപ്പ് പോകുമെന്ന് പേടിച്ച് ചിലരൊക്കെ ക്ളാസിനുള്ളിൽ തന്നെയിരുന്ന് ബിസ്കറ്റൊക്കെ കഴിച്ച് വിശപ്പടക്കി. അര മണിക്കൂർ കഴിഞ്ഞ് മഴ തോർന്നപ്പോഴാണ് അല്പം ആശ്വാസമായത്. പക്ഷേ വേദിക്ക് മുന്നിലെ ചെളിക്കെട്ടിന് മാത്രം പരിഹാരമായില്ല.
ഭക്ഷണം മേശമേൽ വിളമ്പണ്ടേ?
വിദ്യാർത്ഥികളെ ഏറെ നേരം ക്യൂ നിറുത്തിച്ചാണ് കലോത്സവത്തിന് ഇപ്പോൾ ചോറും കറികളും വിളമ്പുന്നത്. എന്നാൽ പലർക്കും ബുഫെ മാതൃകയിലുള്ള ഈ രീതിയോട് എതിർപ്പാണ്.
കഴിഞ്ഞ രണ്ടു തവണയായി ഇതാണ് രീതി. കഴിഞ്ഞ തവണ പ്രളയവുമായി ബന്ധപ്പെട്ട് ചെലവു ചുരുക്കി നടത്തിയ മേളയായതിനാൽ എതിർപ്പ് ഉയർന്നില്ല. എന്നാൽ ഇതൊരു പതിവാക്കാനാണ് അധികൃതരുടെ ശ്രമം. ചോറും സാമ്പാറും പുളിശേരിയും രസവുമെല്ലാം ഒരുമിച്ച് വാങ്ങണം.
പായസം വാങ്ങാൻ എച്ചിൽ പാത്രവുമായി വീണ്ടും ക്യൂവിൽ നിൽക്കണം. കുട്ടികളെ കസേരയിൽ ഇരുത്തി സദ്യ വിളമ്പണമെന്നാണ് പൊതുഅഭിപ്രായം. വാഴയില ക്ഷാമം, വിളമ്പാനുള്ള സൗകര്യം എന്നിവ കണക്കിലെടുക്കുമ്പോൾ സംഘാടകർക്ക് സൗകര്യം ബുഫെയാണ്.