തിരുവനന്തപുരം: വി.ഐ.പികളുടെ യാത്രയ്ക്കായി അരമണിക്കൂറിലേറെ തലസ്ഥാനത്തെ റോഡുകൾ അടച്ചിടുന്നത് അവസാനിപ്പിച്ച്, ഡൽഹി മോഡലിൽ പ്രത്യേക യാത്രാ-സുരക്ഷാ പദ്ധതിയൊരുക്കാൻ പൊലീസ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹം കടത്തിവിടാൻ 35 മിനിട്ട് നഗരറോഡുകൾ അടച്ചിട്ടത് വിവാദമായതിന് പിന്നാലെയാണ് ഈ നടപടി. ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള സുരക്ഷയും യാത്രാസൗകര്യങ്ങളും വേണ്ടെന്ന് ഗവർണറും മുഖ്യമന്ത്രിയും തന്നെ അറിയിച്ചതായും വി.ഐ.പികളുടെ യാത്രയ്ക്ക് ഡൽഹി മോഡൽ സംവിധാനമേർപ്പെടുത്തുമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ 'സിറ്റികൗമുദി'യോട് പറഞ്ഞു.
വി.ഐ.പികളുടെ വാഹനവ്യൂഹം കടന്നുപോകാൻ പരമാവധി അഞ്ചു മിനിട്ട് മാത്രം മറ്റ് വാഹനങ്ങളെ നിയന്ത്രിക്കുന്നതാണ് ഡൽഹിയിലെ സംവിധാനം. തലസ്ഥാനത്ത് പ്രധാന റോഡുകളിലെ യു-ടേൺ സംവിധാനം ഒഴിവാക്കുകയും ഇടറോഡുകളിലെ ഗതാഗതം നിയന്ത്രിക്കുകയും ചെയ്താൽ പ്രശ്നങ്ങൾ ഒഴിവാകുമെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇതിനായി പ്രോട്ടോക്കോൾ ഉണ്ടാക്കണം. ഡൽഹിയിലെ വി.ഐ.പി നീക്കങ്ങളും പൊലീസ് ഒരുക്കുന്ന സംവിധാനങ്ങളും നേരിൽ കണ്ട് മനസിലാക്കാൻ ട്രാഫിക്, സെക്യൂരിറ്റി എസ്.പിമാരടക്കം 10 ഉദ്യോഗസ്ഥരെ ഉടൻ ഡൽഹിയിലേക്ക് അയയ്ക്കും. വി.ഐ.പികൾക്കായി ദീർഘനേരം റോഡ് അടച്ചിടുന്നത് ഒഴിവാക്കാൻ ഡൽഹി പൊലീസ് നിരവധി നടപടികളെടുക്കുന്നുണ്ട്. എല്ലാ ദിവസവും രാവിലെ വി.ഐ.പി യാത്രകളെക്കുറിച്ചും റോഡ് അടച്ചിടുന്നതിനെക്കുറിച്ചും പൊലീസ് ബുള്ളറ്റിൻ പുറപ്പെടുവിക്കുന്നുണ്ട്.
ജനങ്ങൾക്ക് ട്വിറ്റർ, ഫേസ്ബുക്ക്, വാട്സ്ആപ് തുടങ്ങിയ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ അറിയിപ്പ് നൽകും. ദീർഘനേരം റോഡ് അടച്ചിടേണ്ട സാഹചര്യമുണ്ടായാൽ ആ റോഡ് ഒഴിവാക്കി മറ്റ് വഴികൾ തിരഞ്ഞെടുക്കണമെന്നും നിർദ്ദേശിക്കും. ഈ സന്ദേശങ്ങൾ എഫ്.എം റേഡിയോകളിലൂടെ ജനങ്ങളിലെത്തിക്കും. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കേണ്ട റോഡുകളും ഇടറോഡുകളും നേരത്തേ എല്ലാ ഉദ്യോഗസ്ഥരെയും അറിയിക്കും. സുരക്ഷാപ്രശ്നങ്ങളുണ്ടായാൽ വി.ഐ.പികളെ 'കവർ' ചെയ്ത് സംരക്ഷണം നൽകേണ്ടതെങ്ങനെയെന്നും പ്രോട്ടോക്കോളുണ്ടാക്കും. ഇവയെല്ലാം പാലിക്കുന്നതെങ്ങനെയെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനവും നൽകും. ഇതിനായി ഡൽഹി പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.
വി.ഐ.പികളുടെ യാത്രയ്ക്കായി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനോട് സർക്കാരിനും എതിർപ്പുണ്ടെന്ന് ബെഹ്റ പറഞ്ഞു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. എന്നാൽ വിമാനത്താവളത്തിലേക്കും തലസ്ഥാനത്തെ വിവിധയിടങ്ങളിലേക്കും ഗവർണറുടെയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയ്ക്ക് സുരക്ഷിതപാത ഒരുക്കാതിരിക്കാനാവില്ല. ഇവ രണ്ടും കൂടി പരിഗണിച്ചാവും തുടർനടപടികൾ. അംഗീകൃത ആംബുലൻസുകൾക്ക് പൊലീസ് സ്റ്റിക്കറുകൾ നൽകും. വി.ഐ.പികൾക്കായി റോഡ് അടച്ചിട്ടാലും ഈ ആംബുലൻസുകളെ പരിശോധനയില്ലാതെ കടത്തിവിടും. വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ ഗതാഗത നിയന്ത്രണം ഒഴിവാക്കാനുള്ള പദ്ധതികളും പുതിയ സംവിധാനത്തിലുണ്ടാവും.
വി.ഐ.പി സുരക്ഷ കുറയില്ല
മാവോയിസ്റ്റുകളുടേതടക്കം ഭീഷണി നേരിടുന്ന മുഖ്യമന്ത്രിക്ക് പഴുതടച്ച സുരക്ഷ തുടരും. ഇസഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രി പൊതുപരിപാടികളിലും യാത്രകളിലും 28 കമാൻഡോകളുടെ വലയത്തിലാണ്. കമാൻഡോ വാഹനങ്ങൾക്ക് പുറമേ പൊലീസ് വാഹനങ്ങളും ആംബുലൻസും ഫയർഫോഴ്സും ബോംബ് - ഡോഗ് സ്ക്വാഡുകളുമെല്ലാം മുഖ്യമന്ത്രിയെ യാത്രകളിൽ അനുഗമിക്കുന്നുണ്ട്. അദ്ദേഹം സഞ്ചരിക്കുന്ന പാതകൾ മുൻകൂട്ടി അടച്ചിടുന്നുണ്ട്. മുഖ്യമന്ത്രിയുടെ വാഹനം കമാൻഡോകളുടെ വാഹനവലയത്തിലാണ്. വാഹനത്തിനടുത്തേക്ക് മറ്റൊരു വാഹനവും അടുപ്പിക്കില്ല. ഇസഡ് കാറ്റഗറി സുരക്ഷാമാനദണ്ഡപ്രകാരം മുഖ്യമന്ത്രി പൊതുചടങ്ങുകളിൽ ജനങ്ങളിൽ നിന്ന് 200 മീറ്ററെങ്കിലും അകലെയായിരിക്കണം. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ എന്നിവരെത്തുമ്പോൾ പാതകൾ വടംകെട്ടി അടച്ചിടുകയാണ് പതിവ്.
തന്റെ യാത്രകൾക്കിടയിൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ 2011ൽ അനുവദിച്ച ഇസഡ് കാറ്റഗറി സുരക്ഷ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഒഴിവാക്കിയിരുന്നു.