തിരുവനന്തപുരം: ജില്ലാ സകൂൾ കലോത്സവത്തിലെ പ്രധാന ഇനങ്ങളിലൊന്നായ നാടകത്തിന് സെൻട്രൽ സ്കൂളിൽ സംഘാടകർ ഒരുക്കിയ വേദി കണ്ട് മത്സരാർത്ഥികൾ ഞെട്ടി!. നാടകത്തിന് കൊണ്ടു വന്ന സാധനങ്ങൾ വയ്ക്കാനിടമില്ല. പിന്നിൽ കർട്ടൻ കെട്ടിയിട്ടില്ല. യു.പി. വിഭാഗത്തിലെ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും പ്രതിഷേധവുമായി രംഗത്തെത്തി. ഇവിടെ നാടകം കളിക്കാനാവില്ലെന്ന് വ്യക്തമായതോടെ പുതിയവേദി അന്വേഷിച്ച് സംഘാടകർ നെട്ടോട്ടമോടി. കഴിഞ്ഞ ദിവസം വേദികൾ തമ്മിൽ മാറ്റിയാണ് ഇംഗ്ലീഷ് സ്കിറ്റിന്റെ പ്രശ്നം പരിഹരിച്ചത്. എന്നാൽ നാടകത്തിനാകട്ടെ, മറ്റൊരു വലിയവേദി കണ്ടെത്തായില്ല. പ്രധാനവേദി മാത്രമാണ് ഇതിനെക്കാൾ സൗകര്യമുള്ളത്. അവിടെയാകട്ടെ നൃത്ത ഇനങ്ങൾ നടക്കുന്നു.
മറ്റൊരു സ്കൂൾ കണ്ടെത്താമെന്നായി തീരുമാനം. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കൂടി ഇടപെട്ട് മത്സരവേദിയില്ലാത്ത എസ്.എം.വി സ്കൂളിലെ ആഡിറ്റോറിയത്തിലേക്ക് മത്സരം മാറ്റി. അടിയന്തരമായി കർട്ടനും ഉച്ചഭാഷിണികളും അടക്കമുള്ള സൗകര്യങ്ങളൊരുക്കി. മത്സരാർത്ഥികളും സംഘാടകരും എത്തിയപ്പോഴാണ് മത്സരം എസ്.എം.വിയിലേക്ക് മാറ്റിയ വിവരം സ്കൂൾ അധികൃതർ അറിഞ്ഞത്. സ്കൂളിൽ ക്ലാസ് നടക്കുന്നതിനാൽ ഗേറ്റുകൾ അടച്ചിട്ടിരുന്നു. രാവിലെ 9.30ന് തുടങ്ങേണ്ട യു.പി വിഭാഗം നാടകമത്സരം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആരംഭിച്ചത്. ഇതോടെ ഹൈസ്കൂൾ വിഭാഗം നാടകം തുടങ്ങാൻ വൈകി. രാവിലെ ഏഴോടെ ഒരുങ്ങിനിന്ന യു.പി വിഭാഗം കുട്ടികൾ വലഞ്ഞു. പലർക്കും ആഹാരംപോലും കഴിക്കാനായില്ല. പ്രതിഷേധത്തെ തുടർന്ന് ഒമ്പതാം നമ്പർ വേദി പൊളിച്ചുമാറ്റി.
ആദ്യം രംഗത്തെത്തിയത്
'പരാതി പ്രളയം"
ആദ്യ ദിവസം മുതലേ വേദികളെക്കുറിച്ച് പരാതികൾ ഉയർന്നിരുന്നു. ചൊവ്വാഴ്ച അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിലെ വേദി 11ന് ബലക്കുറവുണ്ടെന്ന് കണ്ടെത്തിയതിനാൽ ഇംഗ്ലീഷ് സ്കിറ്റ് മത്സരം ഇതേ സ്കൂളിലെ ഒമ്പതാം നമ്പർ വേദിയിലേക്ക് മാറ്റിയിരുന്നു. രണ്ടാം ദിവസം നാടകത്തെക്കുറിച്ചാണ് പരാതിയുയർന്നത്. ഒമ്പതാം നമ്പർവേദിയിൽ നാടകം നടക്കില്ലെന്ന് കണ്ടതോടെ എസ്.എം.വി സ്കൂളിൽ പുതിയവേദി കണ്ടെത്തി അവിടേക്ക് മാറ്റി.
പ്രധാനവേദി ഒഴിച്ചുള്ള മറ്റ് വേദികൾക്കെല്ലാം വലിപ്പം കുറവാണെന്നാണ് പ്രധാന പരാതി. സാധാരണ പ്രധാന മൂന്ന് വേദികൾ 24 അടി വീതിയിലും നീളത്തിലും നിർമ്മിക്കാറുണ്ട്. നാടകം, സംഘനൃത്ത ഇനങ്ങൾ എന്നിവ പ്രധാനവേദിക്കൊപ്പം ഇവിടങ്ങളിലാണ് നടക്കുന്നത്. എന്നാൽ ഇത്തവണ വേദികളെല്ലാം ചെറുതായിരുന്നു. മൂന്ന് വേദികൾ വലിപ്പം കൂട്ടി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണെന്ന് പ്രോഗ്രാം കമ്മിറ്റി വ്യക്തമാക്കി.
നൃത്ത മത്സരങ്ങൾ നടക്കുന്ന രണ്ടാം നമ്പർവേദിയടക്കമുള്ളവ കുട്ടികൾക്ക് സുരക്ഷിതമല്ല. വേദിയുടെ വശങ്ങൾ മറച്ചിരിക്കുന്നത് തുണികളും പ്ലാസ്റ്റിക് ഷീറ്റുകളും കൊണ്ടാണ്. സംഘാടകരും മത്സരാർത്ഥികളും അടക്കമുള്ളവർക്ക് അപകടമുണ്ടാക്കുന്ന തരത്തിലാണ് നിർമ്മാണം. ആദ്യ ദിവസം 11-ാം നമ്പർ വേദിയിലെ പലക കൊണ്ട് വിദ്യാർത്ഥിക്ക് പരിക്കേറ്റിരുന്നു.
ഇന്ന് ഒമ്പതാം വേദി
തീർത്ഥപാദ മണ്ഡപത്തിൽ
നാടക മത്സരങ്ങൾക്ക് വേണ്ടത്ര സൗകര്യമില്ലാത്തതിനാൽ അട്ടക്കുളങ്ങര സ്കൂളിലെ ഒമ്പതാം നമ്പർ വേദി ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ തീർത്ഥപാദ മണ്ഡപത്തിലേക്ക് മാറ്റിയതായി ഡി.ഡി.ഇ സി. മനോജ് കുമാർ അറിയിച്ചു. ഇന്ന് നടക്കേണ്ട മൂകാഭിനയം, ഹയർസെക്കൻഡറി വിഭാഗം നാടകം എന്നിവ പുതിയ വേദിയിലായിരിക്കും നടക്കുക.
പവിത്രയുടെ കവിതയ്ക്ക് തമിഴഴക്
തമിഴകത്ത് നിന്നെത്തി തലസ്ഥാനത്തിന്റെ മകളായി കഴിയുന്ന എസ്. പവിത്രയ്ക്ക് തമിഴ് കവിതാരചനയിൽ ഒന്നാം സ്ഥാനം. തെങ്കാശി സ്വദേശികളായ സുബ്രഹ്മണ്യത്തിന്റെയും മംഗലേശ്വരിയുടെയും മകളായ എസ്. പവിത്രയാണ് ഹൈസ്കൂൾ വിഭാഗത്തിൽ വിജയമെഴുതിയത്.
ചാല ഗവൺമെന്റ് ടി.ടി.ഐ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് പവിത്ര. ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ തന്നെ കവിതകൾ എഴുതുമായിരുന്നെങ്കിലും ഇതാദ്യമായാണ് കവിതാരചനയിൽ മത്സരിച്ചത്. കഴിഞ്ഞ കലോത്സവത്തിൽ പദ്യം ചൊല്ലൽ വിഭാഗത്തിൽ മത്സരിച്ച് ബി ഗ്രേഡ് നേടിയിരുന്നു. ചാലയിലെ അംഗാള പരമേശ്വര അമ്മൻകോവിൽ തെരുവിൽ താമസിക്കുന്ന പവിത്രയുടെ അച്ഛൻ സുബ്രഹ്മണ്യം ഡ്രൈവറാണ്. അമ്മ മംഗലേശ്വരി ചാലയിലെ ഒരു പാത്രക്കടയിൽ ജോലി നോക്കുന്നു.
കലോത്സവത്തിനിടെ പി.എസ്.സി പരീക്ഷ !
ഇന്നലെ രാവിലെ ജില്ലാകലോത്സവത്തിന്റെ ഭരതനാട്യം, തിരുവാതിര മത്സരങ്ങൾക്കായെത്തിയ മത്സരാർത്ഥികൾ ആദ്യമൊന്ന് ഞെട്ടി. കാര്യം മറ്റൊന്നുമല്ല, തങ്ങൾക്ക് കഴിഞ്ഞ ദിവസം മേക്കപ്പിനായി അനുവദിച്ചിരുന്ന മുറികളിലൊക്കെ ആശങ്കയുടെ മുഖവുമായി ചേട്ടന്മാരും ചേച്ചിമാരും നിറഞ്ഞിരിക്കുന്നു. കാര്യം അന്വേഷിച്ചപ്പോഴാണ് അറിയുന്നത്, സംഘാടക സമിതി ഓഫീസുകൾ മാത്രമല്ല പ്രോഗ്രാം കമ്മിറ്റി ഓഫീസുകൾ അടക്കമുള്ള ക്ളാസ് മുറികളിലെല്ലാം പി.എസ്.സിയുടെ പരീക്ഷയാണെന്ന്. രാവിലെ 7.30 മുതൽ 8.45 വരെയായിരുന്നു ഓവർസിയർ പരീക്ഷ നടന്നത്. കലോത്സവം തീരുമാനിക്കുന്നതിന് മുമ്പ്തന്നെ പി.എസ്.സി പരീക്ഷയ്ക്ക് സ്കൂൾ അനുവദിച്ചിരുന്നതിനാൽ പരീക്ഷ മാറ്റിവയ്ക്കാനാകാത്ത സ്ഥിതിയായിരുന്നു. ഇതോടെ ചിലങ്കയും താളവും മുഴങ്ങേണ്ട റിഹേഴ്സൽ മുറികളിൽ മത്സരാർത്ഥികളുടെ ആധിക്കൊപ്പം പരീക്ഷയുടെ ആധിയുമായി. പരീക്ഷ കഴിഞ്ഞ് ഒമ്പത് മണിയോടെ മാത്രമാണ് സംഘാടകർക്ക് ഉൾപ്പെടെ റൂമുകൾ തിരികെ ലഭിച്ചത്. ഇതേതുടർന്ന് മത്സരങ്ങൾ രണ്ട് മണിക്കൂറിലധികം വൈകിയാണ് ആരംഭിച്ചത്.
ബാൻഡ് മത്സരത്തിനും മഴപ്പെരുപ്പം
മാഞ്ഞാലിക്കുളം മൈതാനത്ത് നടന്ന ബാൻഡ് മത്സരത്തെയും മഴ ബാധിച്ചു. വൈകിത്തുടങ്ങിയ മത്സരം മഴകൂടിയെത്തിയതോടെ അല്പനേരം നിറുത്തിവച്ചു. വെള്ളക്കെട്ടായതോടെ ചെളിയിലാണ് തുടർന്ന് മത്സരങ്ങൾ നടന്നത്.