തിരുവനന്തപുരം: മെഗാസ്റ്റാർ മമ്മൂട്ടിയെ കാണാൻ ജനം റോഡിലിറങ്ങി. പാളയത്തെ ഗതാഗതം താറുമാറിലായി. റോഡിൽ തലങ്ങും വിലങ്ങും വാഹനങ്ങളും ജനങ്ങളും നിറഞ്ഞതോടെ കുരുക്കൊഴിവാക്കാൻ പൊലീസിന് പിടിപ്പതു പണിയായി.
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് പാളയം യൂണിവേഴ്സിറ്റി ഓഫീസ് പരിസരത്ത് സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന സിനിമയുടെ ഷൂട്ടിംഗിനായി മമ്മൂട്ടിയും സംഘവുമെത്തിയത്. താരം ഷൂട്ടിംഗിനായി എത്തിയ വിവരം പെട്ടെന്ന് പരന്നു. ഇതോടെ മമ്മൂട്ടിയെ കാണാൻ ആളുകൾ പാളയത്തേക്ക് പ്രവഹിച്ചു. ആശാൻ സ്ക്വയർ മുതൽ എ.കെ.ജി സെന്റർ വരെയുള്ള റോഡ് ജനത്തെക്കൊണ്ട് നിറഞ്ഞു. ഇതേസമയം യൂണിവേഴ്സിറ്റി കോമ്പൗണ്ടിനകത്തെ കാരവാനിലായിരുന്നു മമ്മൂട്ടി. പ്രിയതാരത്തെ കാണാമെന്ന പ്രതീക്ഷയിൽ ആളുകൾ റോഡിൽനിന്ന് മാറാൻ കൂട്ടാക്കാതെ നിന്നതോടെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ വാഹനങ്ങളെക്കൊണ്ട് റോഡ് ബ്ലോക്കായി. നിയമസഭയ്ക്ക് മുന്നിൽ വിവിധ സമരങ്ങൾ നടക്കുന്നതു കാരണം വഴിതിരിച്ചുവിട്ട വാഹനങ്ങളും ആശാൻ സ്ക്വയറിലേക്കെത്തി. കിഴക്കേകോട്ടയിൽനിന്നും അണ്ടർപാസ് വഴിയും പേട്ട ഭാഗത്തുനിന്നും എത്തിയ വാഹനങ്ങൾ തലങ്ങും വിലങ്ങുമായി റോഡിൽ കിടന്നു. ഇതിനിടെ കെ.എസ്.യുവിന്റെ മാർച്ചും യൂണിവേഴ്സിറ്റി ഓഫീസിനു മുന്നിലേക്കെത്തി. ഷൂട്ടിംഗ് കാണാൻ യൂണിവേഴ്സിറ്റി കോമ്പൗണ്ടിനകത്തും മതിലിനു പുറത്തും ആളുകൾ നിറഞ്ഞു. യൂണിവേഴ്സിറ്റി കോളേജിന്റെ മതിലിന്റെ പരിസരത്ത് വിദ്യാർത്ഥികളും തടിച്ചുകൂടി.
റോഡിൽ നിറുത്തിയിട്ട കേരള സ്റ്റേറ്റ് ഒന്നാം നമ്പർ കാറിനകത്തായിരുന്നു മുഖ്യമന്ത്രിയായി അഭിനയിക്കുന്ന മമ്മൂട്ടിയുടെ സീൻ ചിത്രീകരിക്കേണ്ടിയിരുന്നത്. ഇതിനായി മറ്റൊരു കാറിൽ മമ്മൂട്ടിയെ കാറിനടുത്ത് എത്തിച്ച് ഒന്നാം നമ്പർ കാറിലേക്ക് കയറ്റി. കനത്ത പൊലിസ് ബന്തവസിലായിരുന്നു ഷൂട്ട്. കാറിനടുത്തേക്ക് ആളുകളെ കടത്തിവിട്ടില്ല. ഇതുകാരണം മമ്മൂട്ടിയെ അടുത്തു കാണാനോ ഫോട്ടോ എടുക്കാനോ ആരാധകർക്കായില്ല. എങ്കിലും പ്രതീക്ഷയോടെ ആളുകൾ റോഡിൽനിന്ന് പോകാതെ കൂടിനിന്നു.
റോഡിൽവച്ച് എടുക്കേണ്ട രംഗങ്ങൾ ചിത്രീകരിക്കുന്ന സൗകര്യത്തിനായി ഇടയ്ക്കിടെ വാഹനങ്ങൾ കടത്തിവിട്ടും തടഞ്ഞുമായിരുന്നു ഷൂട്ടിംഗ്. റോഡ് ബ്ലോക്ക് ചെയ്തുള്ള ഷൂട്ടിംഗിനെതിരെ വാഹന യാത്രക്കാർ പ്രതിഷേധിച്ചു. ഒരു വശത്തുകൂടെ വാഹനങ്ങൾ കടത്തിവിട്ടെങ്കിലും പിന്നീട് അതും പ്രായോഗികമാകാത്ത സ്ഥിതിയായി. ഒന്നര മണിക്കൂറിലേറെ തത്സ്ഥിതി തുടർന്നു. ഒടുവിൽ മഴ പെയ്തതോടെയാണ് ജനം പിന്മാറിയത്.
ബോബി സഞ്ജയ് തിരക്കഥയെഴുതുന്ന ചിത്രത്തിൽ കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് കഴിഞ്ഞ ആഴ്ച സെക്രട്ടേറിയറ്റിൽ നടന്നിരുന്നു.
ഇന്നത്തെ ചിത്രീകരണം പടിഞ്ഞാറക്കോട്ടയ്ക്ക് അടുത്തുള്ള മിത്രാനികേതനിലും പരിസരങ്ങളിലുമായിരിക്കും.
ഇച്ചായിസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ബോബി സഞ്ജയിന്റെ രചനയിൽ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്ണിന്റെ ചിത്രീകരണം ഡിസംബർ 20 വരെ തലസ്ഥാനത്ത് തുടരും. ഡിസംബർ അഞ്ചിന് മമ്മൂട്ടിയുടെ രംഗങ്ങൾ പൂർത്തിയാകും.സലിംകുമാർ, ജോജു ജോർജ്, രഞ്ജിത്ത്, മുരളിഗോപി, ശങ്കർ രാമകൃഷ്ണൻ, നിമിഷ സജയൻ, ഗായത്രി അരുൺ എന്നിവരാണ് മറ്റ് താരങ്ങൾ. വൈദിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.