മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം ഡിസംബർ 12ന് കേരളത്തിൽ 400 തിയേറ്ററുകളിൽ റിലീസ് ചെയ്യും. തലസ്ഥാനത്ത് ന്യൂ കോംപ്ളക്സിലെ മൂന്ന് സ്ക്രീനുകളിലും കൈരളി കോംപ്ളക്സിലും ശ്രീപദ്മനാഭ കോംപ്ളക്സിലും കൃപ കോംപ്ളക്സിലും റിലീസ് ചെയ്യുന്ന മാമാങ്കം മൾട്ടിപ്ളക്സുകളിലെല്ലാം ഒന്നിലേറെ സ്ക്രീനുകളിൽ റിലീസ് ചെയ്യാനാണ് തീരുമാനം.
കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച് എം. പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഒരേ സമയം റിലീസ് ചെയ്യും. എല്ലാ ഭാഷകളിലും മമ്മൂട്ടി തന്നെയാണ് ഡബ് ചെയ്തിരിക്കുന്നത്. ഡബ്ബിംഗ് പതിപ്പുകൾ ഉൾപ്പെടെ ലോകമെമ്പാടും ഏറ്റവുമധികം സ്ക്രീനുകളിൽ ഒരേസമയം റിലീസ് ചെയ്യുന്ന മലയാള ചിത്രമെന്ന ഖ്യാതി മാമാങ്കം നേടുകയാണ്.
തലസ്ഥാനത്ത് ഏരീസ് പ്ളക്സിൽ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും റിലീസ് ചെയ്യും.
ഉണ്ണിമുകുന്ദൻ, സിദ്ദിഖ്, സുദേവ് നായർ, അച്യുതൻ, മണിക്കുട്ടൻ, തരുൺ രാജ് വോറ, പ്രാചി ടെഹ്ലാൻ, കനിഹ, അനു സിതാര, ഇനിയ തുടങ്ങിയവരും മാമാങ്കത്തിലെ താരനിരയിലുണ്ട്. മനോജ് പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എം. ജയചന്ദ്രന്റേതാണ് സംഗീതം.