ന്യൂഡൽഹി: അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. രാജ്യത്തെ ഏറ്റവും വലിയ പെട്രോളിയം കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ) ഓഹരികൾ വിറ്റഴിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. കൊച്ചിൻ റിഫൈനറി ഉൾപ്പെടെയുള്ള അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കാനാണ് തീരുമാനം. ഭാരത് പെട്രോളിയം കോർപറേഷൻ (ബി.പി.സി.എൽ), ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ (എസ്.സി.ഐ), കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യ (കോൺകോർ) തുടങ്ങിയവയുടെ ഓഹരികളാണ് വിറ്റഴിക്കുന്നത്. എയർ ഇന്ത്യയും ഭാരത് പെട്രോളിയവും അടുത്ത മാർച്ചിൽ വിൽക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
ബി.പി.സിഎല്ലിന്റെ 53.29 ശതമാനം ഓഹരിയാണ് വിൽക്കുന്നത്. അസമിലെ നുമലിഗഡ് റിഫൈനറി ബി.പി.സി.എല്ലിൽ നിന്നൊഴിവാക്കിയ ശേഷമാകും ഓഹരികൾ വിൽക്കുക. എസ്.സി.ഐയുടെ 53.75 ശതമാനം, കോൺകോറിന്റെ 30. 9 ശതമാനം ഓഹരികളുമാണ് വിൽക്കുന്നത്. തെഹ്‌രി ഹൈഡ്രോ ഡവലപ്മെന്റ് കോർപറേഷൻ (ടിഎച്ച്ഡിസി), നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ കോർപറേഷൻ (നീപ്കോ) എന്നിവയുടെ ഓഹരികൾ മറ്റൊരു പൊതുമേഖലാ സ്ഥാപനമായ എൻടിപിസിക്ക് വിൽക്കാനും തീരുമാനിച്ചതായി ധനമന്ത്രി അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ മാർച്ചോടെ എയർ ഇന്ത്യയും ഭാരത് പെട്രോളിയം കോർപറേഷനും (ബിപിസിഎൽ) വിൽക്കുമെന്നു നിർമല സീതാരാമൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കടവും നഷ്ടവും ഏറുന്നത് എയർ ഇന്ത്യയെയും പ്രവർത്തന ലാഭം ഇടിയുന്നതു ബിപിസിഎല്ലിനെയും പ്രതികൂലമായി ബാധിച്ചിരുന്നു.