-red-193

''സാർ...?"

ചോദ്യം പോലെ ഒരു ശബ്ദം സി.ഐ അലിയാരുടെ കണ്ഠത്തിൽ നിന്നുയർന്നു.

എസ്.പി ഷാജഹാൻ അയാളുടെ മുഖത്തേക്കു നോക്കിക്കൊണ്ട് പുഞ്ചിരിച്ചു.

''അലിയാരേ... മനുഷ്യരാണ് നമ്മൾ. കോടതിക്കും തെളിവുകൾക്കും അപ്പുറം സത്യം എന്ന ഒന്നുണ്ട്. പോലീസുകാരായ നമുക്ക് ചിലപ്പോൾ സത്യം കണ്ടെത്താനാവും. എങ്കിലും തെളിവുകൾ നിരത്താൻ കഴിയില്ല. അത്തരം കേസുകളിൽ പ്രതികൾ നമുക്കു മുന്നിലൂടെ നെഞ്ചും വിരിച്ചു നടക്കുന്നതു കാണുമ്പോൾ ആത്മരോഷം ഉള്ളിൽ ഒതുക്കുവാനല്ലാതെ നമുക്ക് എന്തു ചെയ്യുവാൻ കഴിയും?

നിനക്ക് തോന്നിയിട്ടില്ലേ അലിയാരേ ചിലപ്പോൾ പിസ്റ്റൾ കയ്യിലെടുക്കാനും കുറ്റവാളികളെ വെടിവയ്ക്കാനും?

അങ്ങനെ ചെയ്തുകഴിഞ്ഞാൽ പിന്നെ മനുഷ്യാവകാശ സംഘടനകളും അതുപോലെ മറ്റു പലരും നമുക്കെതിരെ തിരിയും. മാദ്ധ്യമങ്ങൾ അടക്കം. സത്യം കുഴിച്ചുമൂടപ്പെടുകയും തെളിവുകളുടെ അസാന്നിദ്ധ്യം കുറ്റവാളികൾക്കു തണലേകുകയും ചെയ്യും... അത്തരം എത്രയോ സംഭവങ്ങൾ. കാക്കിയ്ക്ക് കാരിരുമ്പിന്റെ കരുത്ത് കണക്കാക്കുന്ന നിന്നെപ്പോലെയുള്ളവർക്ക് ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് എനിക്കറിയാം അലിയാരേ...

ഇവിടെ സത്യം ജയിക്കണം. നീതി നടക്കണം. അതിന് ഞാൻ കാണുന്ന ഏക പോംവഴി പാഞ്ചാലിക്ക് നീതി കിട്ടുകയാണ്.

എസ്.പി ഷാജഹാൻ പറഞ്ഞുനിർത്തി.

അയാൾ ഉദ്ദേശിച്ചതിൽ പലതും അലിയാർക്കു വ്യക്തമായില്ലെങ്കിലും വാക്കുകൾക്കിടയിൽ ഒളിഞ്ഞുകിടന്നിരുന്ന അർത്ഥത്തിന്റെ വ്യാപ്തി ആ മനസ്സ് തിരിച്ചറിഞ്ഞു.

അറിയാതെ അയാളുടെ ചുണ്ടിലും ഒരു പുഞ്ചിരി മിന്നി.

വാതിലിൽ ആരോ തട്ടുന്ന ശബ്ദം.

''യേസ്."

ഷാജഹാൻ പറഞ്ഞു.

വാതിൽ തുറന്ന് ഒരു ഗസ്റ്റ് ഹൗസ് ജീവനക്കാരൻ കടന്നുവന്നു.

കയ്യിൽ ഇരുന്ന ട്രേയിൽ ആവി പറക്കുന്ന ചായ.

ടീപ്പോയിൽ ചായ വച്ചിട്ട് അയാൾ പോയി.

''കഴിക്ക് അലിയാരേ."

ഷാജഹാൻ ഒരു കപ്പ് കയ്യിലെടുത്തു.

അലിയാർ ഒരിറക്ക് ചായ അകത്താക്കി. നല്ല രുചി.

അയാൾ എസ്.പിയെ നോക്കി.

''പാഞ്ചാലിക്ക് നീതി കിട്ടിയിരിക്കും സാർ. അതിന് ഏതൊക്കെ വളഞ്ഞ വഴികൾ ഉപയോഗിക്കേണ്ടി വന്നാലും അത് ഞാൻ ചെയ്തിരിക്കും."

''ഉം." ഷാജഹാൻ തലയാട്ടി.

******

സന്ധ്യ.

വടക്കേ കോവിലകം.

ശബ്ദം താഴ്‌ത്തി ടിവി കണ്ടുകൊണ്ടിരിക്കുകയാണ് കിടാക്കന്മാരും പണിക്കാരൻ യശോധരനും.

ചാനലുകാർ തങ്ങളെ വിട്ടിട്ടില്ലെന്ന് കിടാക്കന്മാർ കണ്ടു.

ഇരുവരുടെയും തിരോധാനത്തെക്കുറിച്ചായിരുന്നു ന്യൂസിന്റെ ഹെഡ്‌ലൈൻ പോലും!

കേരള രാഷ്ട്രീയത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത കാര്യമായിരുന്നു ഒരു എം.എൽ.എ ഒളിച്ചുകടക്കുക എന്നത്.

''നാറികൾ." ശ്രീനിവാസ കിടാവ് പല്ലുകടിച്ചു. ''ഇന്നത്തെയും രാത്രി​ചർച്ചയി​ൽ അവന്മാർ നമ്മളെക്കുറി​ച്ചായി​രി​ക്കും പറയുക."

ശേഖരകിടാവ് തലയാട്ടി.

''രണ്ട് മാസം കൂടി കഴിഞ്ഞായിരുന്നെങ്കിൽ ഇവന്മാരെക്കുറിച്ച് നമ്മളും ഒരു ലൈവ് ഡിസ്‌കഷൻ നടത്തിയേനെ..."

അയാളുടെ ശബ്ദത്തിൽ നിരാശയുണ്ടായിരുന്നു.

കാരണം എം.എൽ.എ ശ്രീനിവാസകിടാവിന് ഒരു പുതിയ ചാനൽ ആരംഭിക്കുവാനുള്ള തീരുമാനം ഉണ്ടായിരുന്നു. അനുജൻ ശേഖരന്റെ പേരിൽ അതിനായി ഇരുനൂറ്റിയൻപത് കോടി രൂപ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.

ചാനലിന്റെ പേരുപോലും രജിസ്റ്റർ ചെയ്തിരുന്നു...

നിലമ്പൂർ വിഷൻ!

എത്ര വേഗമാണ് കാര്യങ്ങൾ തകിടം മറിഞ്ഞതെന്ന് ശ്രീനിവാസകിടാവ് ഓർത്തു.

അയാൾ ദീർഘമായി നിശ്വസിച്ചു.

പെട്ടെന്ന് കോവിലകത്തിന്റെ നിശ്ശബ്ദതയിലേക്ക് ലാന്റ് ഫോണിന്റെ ശബ്ദം ചിതറിവീണു.

ശേഖരകിടാവ് ഓടിപ്പോയി റിസീവർ എടുത്തു.

ഒറ്റയക്ഷരം മിണ്ടാതെ കാതോർത്തു.

''സാറേ... ഞാനാ."

അപ്പുറത്തുനിന്ന് പതിഞ്ഞ സ്വരം കേട്ടു.

''പറഞ്ഞോ..."

ശേഖരൻ ചുണ്ടു ചലിപ്പിച്ചു.

''ഇന്നു രാത്രിയിൽ പ്രജീഷും ചന്ദ്രകലയും എന്റെയൊപ്പം വരും."

''നല്ലത്. മറ്റുള്ള കാര്യം നേരത്തെ പറഞ്ഞതുപോലെ..."

കൂടുതൽ സംസാരിക്കാതെ ശേഖരൻ റിസീവർ ക്രാഡിലിൽ വച്ചു.

പിന്നെ ശ്രീനിവാസകിടാവിനോടു കാര്യം പറഞ്ഞു.

സെൽഫോൺ ഉപയോഗിച്ചാൽ ആപത്താണെന്ന് അറിയാമായിരുന്നതിനാൽ കിടാക്കന്മാർ ഇപ്പോൾ ഉപയോഗിക്കുന്നത് കോവിലകത്തെ ലാന്റ് ഫോൺ ആയിരുന്നു.

അതാകുമ്പോൾ സൈബർസെല്ലുകാർ നിരീക്ഷിക്കില്ലെന്ന ഒരു വിശ്വാസവും ഉണ്ടായിരുന്നു.

ടിവിയിൽ ന്യൂസ് അവസാനിച്ചു.

''യശോധരാ... വിശക്കുന്നു."

ശേഖരൻ പണിക്കാരനെ നോക്കി.

''ഇപ്പഴ് എടുത്തുവയ്ക്കാം. സാർ." യശോധരൻ കോവിലകത്തെ കിച്ചണിലേക്കു പോയി.

മൊരിച്ച റൊട്ടിയും നേന്ത്രപ്പഴം പുഴുങ്ങിയതുമായിരുന്നു അത്താഴത്തിന് കരുതിയിരുന്നത്.

കിച്ചണിലേക്കു ചെന്ന യശോധരൻ പഴം പുഴുങ്ങിവച്ചിരുന്ന പാത്രം തുറന്നു.

''ങ്‌ഹേ?"

അയാളിൽ നിന്ന് അറിയാതെ ഒരു ശബ്ദമുയർന്നു.

പാത്രം ശൂന്യം!

ആറ് നേന്ത്രപ്പഴങ്ങൾ ഒരുമണിക്കൂർ മുൻപ് പുഴുങ്ങി വച്ചതാണ്.

''ഇതെവിടെപ്പോയി?"

പിറുപിറുത്തുകൊണ്ട് അയാൾ ചുറ്റും നോക്കി.

''എങ്ങും പോയി​ട്ടി​ല്ല...

പെട്ടെന്നൊരു ശബ്ദം.

യശോധരൻ ഞെട്ടി​ത്തി​രി​ഞ്ഞു. ആ ക്ഷണം അയാളുടെ മുഖത്ത് ഒരു പഴത്തി​ന്റെ തൊലി​ വന്നു വീണു.

''ഛേ...."

മുഖം തുടച്ചുകൊണ്ട് തിരിഞ്ഞ യശോധരൻ ആ കാഴ്ച കണ്ട് നടുങ്ങിപ്പോയി... ഒന്നു വിലപിക്കുവാൻ പോലും കഴിയാതെ അയാൾ അവിടെത്തന്നെ ബോധമറ്റുവീണു....

(തുടരും)