helmet

പിൻസീറ്റിലിരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ വഴിയരികിൽ കൈകാണിക്കുന്നവർക്ക് 'ലിഫ്റ്റ്' നൽകിയുള്ള സഹായം അവസാനിക്കുകയാണ്. ഹെൽമെറ്റ് ധരിക്കാതെ യാത്രചെയ്യുന്ന പിൻസീറ്റുകാർ പിടിക്കപ്പെട്ടാൽ 1000 രൂപയാണ് പിഴ. പിഴയടക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെടുക പിൻസീറ്റുകാരനോടാണെങ്കിലും അയാൾ നൽകിയില്ലെങ്കിൽ ബൈക്കോടിക്കുന്നയാൾ കൊടുക്കേണ്ടിവരും. ഈ ഭയം കൊണ്ടുതന്നെ പലരും ലിഫ്‌റ്റ് സമ്പ്രദായം പാടെഉപേക്ഷിക്കാനാണ് സാധ്യത.

പുതിയ നിയമം കുടുംബയാത്രയെ എന്നപോലെ പരസഹായത്തേയും നിരുത്സാഹപ്പെടുത്തിയേക്കാം. നാട്ടിൻപുറങ്ങളിലടക്കമുള്ള ഗതാഗതസൗകര്യം കുറഞ്ഞ സ്ഥലങ്ങളിൽ പലരും സുഹൃത്തുക്കളുടെയും മറ്റും ബൈക്കിന് കൈകാണിക്കുക പതിവാണ്. ആർക്കും ഉപദ്രവമില്ലാത്ത പരസഹായമായതുകൊണ്ട് നിറുത്തികൊടുക്കാറുമുണ്ട്. എന്നാൽ ഇനി സൗഹൃദത്തിന്റെ പേരിൽപ്പോലും ഇതു പ്രതീക്ഷിക്കേണ്ട. ബൈക്കിൽ രണ്ടാമത് ഹെൽമെറ്റ് സൂക്ഷിക്കുന്നവരിൽ നിന്നൊഴികെ.

അതേസമയം, പുതിയ നിമയത്തിന്റെ ചുവടുപിടിച്ച് ബൈക്കിൽ ഹെൽമെറ്റ് വച്ച് പൂട്ടുന്ന ഉപകരണത്തിന്റെ കച്ചവടം കൂടിയിട്ടുണ്ട്. 50 രൂപമുതൽ 200 രൂപവരെ വിലയുള്ള പൂട്ടുകൾ ഇറങ്ങിക്കഴിഞ്ഞു. ചങ്ങലയായും വയറായും മറ്റുപല രൂപത്തിലും ഇത്തരം പൂട്ടുകൾ മാർക്കറ്റിൽ ലഭ്യമാണ്.