modi-trump

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തുകൂട്ടാൻ പുതിയ തോക്കുകൾ വാങ്ങുന്നു. 100 കോടി ഡോളർ ചിലവിട്ടാണ് ഇന്ത്യ യു.എസിൽ നിന്നും തോക്കുകൾ വാങ്ങുന്നത്. ഇന്ത്യയുമായുള്ള ആയുധ കരാർ വിഷയം യു.എസ് കോൺഗ്രസിൽ ചൊവ്വാഴ്ച അവതരിപ്പിച്ചിരുന്നു. 13 എം.കെ 45 ആന്റി സർഫേസ്, ആന്റി എയർ നാവിക തോക്കുകൾ വിൽക്കുന്നതിനാണ് യു.എസ് അനുമതി നൽകിയത്. വെടിക്കോപ്പുകളും അനുബന്ധ സംവിധാനങ്ങളുമടക്കം 102 കോടി ഡോളറിന്റേതാണ് കരാർ.

ഇന്ത്യ വാങ്ങാൻ ഉദ്ദേശിക്കുന്ന തോക്കുകൾ ബി.എ.ഇ സിസ്റ്റംസ് ലാൻഡാണ് നിർമിക്കുന്നത്. യു.എസ്, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ നാവിക സേനകൾ നിലവിൽ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ടെന്ന് ബി.എ.ഇ വെബ്‌സൈറ്റിൽ പറയുന്നു. 36 കിലോമീറ്ററിലധികമാണ് ഈ തോക്കുകളുടെ പരിധി. അതേസമയം തോക്കുകൾ എന്ന് ഇന്ത്യക്ക് കൈമാറുമെന്ന് അറിയിച്ചിട്ടില്ല.

തന്ത്രപരമായ പ്രാദേശിക പങ്കാളിയുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിലൂടെ അമേരിക്കയുടെ വിദേശ നയത്തെയും ദേശീയ സുരക്ഷയെയും ഈ വിൽപന കരാർ സഹായിക്കുമെന്ന് യു.എസ് ഡിഫൻസ് സെക്യൂരിറ്റി കോർപറേഷൻ ഏജൻസി (ഡി.എസ്.സി.എ) പ്രസ്താവനയിലൂടെ അറിയിച്ചു. ഈ വിഷയം ചൊവ്വാഴ്ച യു.എസ് കോൺഗ്രസിൽ അവതരിപ്പിച്ചു. ശത്രുക്കളുടെ ആയുധങ്ങളിൽ നിന്നും നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഭീഷണികളെ നേരിടാൻ ഇതിലൂടെ ഇന്ത്യക്ക് സാധിക്കുമെന്നും ഡി.എസ്.സി.എ വ്യക്തമാക്കി.