പനാജി: 'മായി ഘട്ട്.ക്രൈം നമ്പർ 103-2005.' നീതിക്കായി സധൈര്യം പോരാടിയ ഒരമ്മയുടെ കഥയാണിത്. മലയാളിയായ ഒരമ്മ നടത്തിയ പോരാട്ടത്തെ മറാത്തിയിലൂടെ അഭ്രപാളികളിൽ എത്തിച്ചിരിക്കുകയാണ് സംവിധായകനും നടനും മലയാളിയുമായ ആനന്ദ് മഹാദേവൻ. ചലച്ചിത്രോത്സവത്തിൽ രാജ്യാന്തര മത്സരവിഭാഗത്തിൽ ഇന്നലെ പ്രദർശിപ്പിച്ച ഈ മറാത്തി ചിത്രത്തിന്റെ കഥ തിരുവനന്തപുരത്ത് നടന്ന ഉദയകുമാർ ഉരുട്ടിക്കൊല സംഭവത്തിൽ അമ്മ പ്രഭാവതി അമ്മ നീതിക്കായി നടത്തിയ നിയമ പോരാട്ടത്തിന്റെ തനത് ആവിഷ്കാരമാണ്.
തിരുവനന്തപുരം സംഭവത്തെ മഹാരാഷ്ട്രയിലെ കൃഷ്ണാനദീതീരത്തെ സാംഗ്ളിയിലേക്ക് സംവിധായകൻ ആനന്ദ് മഹാദേവൻ പറിച്ചുനട്ടുവെന്നു മാത്രം. മായി ഘട്ട് അവിടെയുള്ള ഒരു സ്ഥലമാണ്. ചിത്രത്തിലെ മുഖ്യ കഥാപാത്രം പ്രഭാമായി അവിടെ അലക്കുതൊഴിലാളിയാണ്. പൊലീസ് യൂണിഫോമടക്കം കഴുകി തേച്ചു നൽകുന്ന അലക്കുകാരി. അവരുടെ മകൻ നിഥിനെയും കൂട്ടുകാരനെയും മോഷണക്കുറ്റം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയും ലോക്കപ്പ് മർദ്ദനത്തിൽ മകൻ മരിക്കുകയുമാണ്. യഥാർത്ഥ സംഭവത്തിൽ ഉദയകുമാറിനെയും കൂട്ടുകാരനെയും തിരുവനന്തപുരം ശ്രീകണ്ഠേശ്വരം പാർക്കിൽ വച്ച് സംശയാസ്പദമായി കണ്ടുവെന്നു പറഞ്ഞ് പൊലീസ് പിടികൂടുകയായിരുന്നു, ഉദയകുമാറിന്റെ കൈയിൽ അമ്മ നൽകിയ പണം ഉണ്ടായിരുന്നു. അത് കവർച്ചപ്പണമാണെന്ന് മുദ്രകുത്തി. ലോക്കപ്പ് മർദ്ദനത്തിൽ ഉദയകുമാർ മരിച്ചു. മകന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രഭാവതി അമ്മ നടത്തിയ പോരാട്ടമാണ് ഈ സിനിമയ്ക്ക് പ്രചോദനമായത്.
മലയാളം പത്രങ്ങളിൽ വന്ന വാർത്തയും മുഖപ്രസംഗവുമാണ് ഈ പ്രമേയത്തിലേക്ക് എന്റെ ശ്രദ്ധ ആകർഷിച്ചത്. ഞാൻ തിരുവനന്തപുരത്ത് പോയി പ്രഭാവതി അമ്മയെക്കണ്ടു. സിനിമയെടുക്കാനുള്ള അവകാശം വാങ്ങി. അവർ ധീരയായ ഒരു വനിതയാണ്. ഈ സിനിമ പ്രഭാവതി അമ്മയ്ക്കുള്ള എന്റെ പ്രണാമമാണ്. എന്റെ പ്രഭാമായി പ്രഭാവതി അമ്മ തന്നെയാണ്. സിനിമ പ്രഭാവതി അമ്മയെ കാണിക്കുകയും ചെയ്തു. - ആനന്ദ് മഹാദേവൻ കേരളകൗമുദിയോട് പറഞ്ഞു.
പ്രഭാമായി ഒരിക്കലും കരയുന്നില്ല. അവരുടെ ഉള്ളിൽ ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന പുകയുന്ന ഒരു അഗ്നിപർവതമുണ്ട്. 13 വർഷം നീണ്ടുനിന്ന നിയമപോരാട്ടത്തിൽ അവർ വിജയിച്ചു. രണ്ട് പൊലീസുകാരെ വധശിക്ഷയ്ക്ക് വിധിച്ചു. 2005 സെപ്തംബർ 27 നാണ് തിരുവനന്തപുരത്ത് ഉദയകുമാറിനെയും കൂട്ടുകാരനെയും പൊലീസ് പിടികൂടിയത്.13 വർഷത്തിനൊടുവിൽ 2018 ലാണ് വിധി വന്നത്. പ്രഭാവതി അമ്മയുടെ അപേക്ഷപ്രകാരം കേസന്വേഷണം സി.ബി.ഐക്ക് വിടുകയായിരുന്നു.
ഇതൊരു പ്രഭാവതി അമ്മയുടെ മാത്രം കഥയല്ല. എവിടെയും പൊലീസിൽ നിന്ന് ഇത്തരം അനീതി പ്രതീക്ഷിക്കാം. പ്രത്യേകിച്ചും താണജാതിക്കാരും പാവപ്പെട്ടവരുമാണെങ്കിൽ നീതി അകലെയായിരിക്കും. മലയാളത്തിൽ എടുക്കാതെ മറാത്തിയിൽ ചിത്രീകരിക്കേണ്ടി വന്നത് നിർമ്മാതാവിനെ കിട്ടാത്തതിരുന്നതിനാലാണ്.
ഈ വിഷയത്തിന് ആഗോള പ്രാധാന്യമുണ്ട്. മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയിട്ടുളള മറാത്തി നടി ഉഷാ ജാദവാണ് പ്രഭാമയിയെ അവതരിപ്പിക്കുന്നത്. പത്രപ്രവർത്തകനും എഴുത്തുകാരനുമായ സി.പി.സുരേന്ദ്രനും ആനന്ദ് മഹാദേവനും ചേർന്നാണ് തിരക്കഥ രചിച്ചത്. ഐ.എഫ്.എഫ്.കെയിൽ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. എല്ലാ മേളകളിലും മത്സരവിഭാഗത്തിൽ തിരഞ്ഞെടുത്ത ചിത്രത്തിന് കേരളത്തിൽ മത്സരവിഭാഗത്തിൽ സെലക്ഷൻ കിട്ടിയില്ലെന്നും ആനന്ദ് മഹാദേവൻ പറഞ്ഞു.
ഇസബെല്ലയടക്കം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ആനന്ദ് മഹാദേവൻ ദേശീയ പുരസ്കാരം നേടിയ സംവിധായകനുമാണ്. തൃശൂർ സ്വദേശിയാണ്.
ഇന്ത്യൻ പനോരമയ്ക്ക് തുടക്കമായി
ഇക്കുറി മികച്ച ചിത്രത്തിനുളള ദേശീയ അവാർഡ് നേടിയ ഗുജറാത്തി ചിത്രം ഹെല്ലാരെ പ്രദർശിപ്പിച്ചുകൊണ്ട് ഇന്ത്യൻ പനോരമയ്ക്ക് ഇന്നലെ തുടക്കമായി. ഫീച്ചർ ഫിലിം ജൂറി ചെയർമാൻ പ്രിയദർശനും മറ്റ് ജൂറി അംഗങ്ങളും സന്നിഹിതരായിരുന്നു. പണിയ ഭാഷയിൽ മലയാളി സംവിധായകൻ മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിറ പനോരമയിൽ ഇന്നലെ പ്രേക്ഷക ശ്രദ്ധയാകർഷിച്ചു.
ബച്ചൻ റെട്രോ തുടങ്ങി
അമിതാഭ് ബച്ചൻ ചിത്രങ്ങളുടെ സ്മൃതിപരമ്പരയ്ക്കും ഇന്നലെ തുടക്കമായി. കലാ അക്കാഡമിയിൽ അമിതാഭ് ബച്ചൻ ഉദ്ഘാടനം നിർവഹിച്ചു. പാ ആയിരുന്നു ആദ്യ ചിത്രം . തന്റെ ആദ്യ ചിത്രം സാത് ഹിന്ദുസ്ഥാനി ചിത്രീകരിച്ച നാടെന്ന നിലയിൽ ഗോവ തന്റെ ഹൃദയത്തിന്റെ ഭാഗമാണെന്ന് അമിതാഭ് ബച്ചൻ പറഞ്ഞു. ദീവാർ ഉൾപ്പെടെ ബച്ചന്റെ ആറ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്.
ഷാജി എൻ.കരുൺ സംവിധാനം ചെയ്ത സിഗ്നേച്ചർ ഫിലിം ഇടവേളയ്ക്കുശേഷം വീണ്ടും ഇഫിയുടെ ഭാഗമായി.