
മുംബയ്: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. ബി.ജെ.പി ഇതര സഖ്യ സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകും. ശിവസേന-എൻ.സി.പി.-കോൺഗ്രസ് പാർട്ടികൾ ചേർന്ന് വെള്ളിയാഴ്ച സംയുക്ത വാർത്തസമ്മേളനം നടത്തുമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിസ്ഥാനം രണ്ടരവർഷം വീതം ശിവസേനയ്ക്കും എൻ.സി.പിക്കുമായി പങ്കിടുക എന്നതാണ് പ്രധാന ധാരണ. എന്നാൽ, ഇതിനോട് ശിവസേന പൂർണമായും വഴങ്ങിയിട്ടില്ല.
ഇതുസംബന്ധിച്ച് കോൺഗ്രസ് നിലപാട് വ്യക്തിമാക്കി രംഗത്തെത്തിയിട്ടുണ്ട്. ‘മതേതരത്വം’ എന്ന വാക്കിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് കോൺഗ്രസ് പറയുന്നത്. പാർട്ടികളുടെ വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുടെ പശ്ചാത്തലത്തിലാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയത്. ‘ശിവസേനയുമായുള്ള സഖ്യം മതേതരമെന്ന ആശയത്തിൽ ഊന്നി മാത്രം. കോൺഗ്രസ്-എൻ.സി.പി ശിവസേന കൂട്ടുകെട്ടിന് സാമുദായിക അജണ്ട ഉണ്ടാവില്ലെന്നും ‘യഥാർത്ഥ ലിബറൽ’ ആണെന്ന് ശിവസേന ഉറപ്പ് നൽകിയതായും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, മുഖ്യമന്ത്രി പദം ശിവസേനയും എൻ.സി.പിയും തമ്മിൽ പങ്കിട്ടെടുക്കുകയെന്നാണ് ധാരണയായത്. രണ്ടര വർഷം തുല്യമായി പങ്കിടാനാണ് തിരുമാനം. അതേസമയം, ആദ്യ രണ്ടര വർഷം ആർക്ക് എന്നത് സംബന്ധിച്ച് വ്യക്തത ആയിട്ടില്ല. എന്നാൽ, എൻ.സി.പിക്കാകും ആദ്യ അവസരം ലഭിക്കുകയെന്ന് സൂചനയുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനം പൂർണമായും കോൺഗ്രസിന് ലഭിക്കുമെന്നും അവർ പറഞ്ഞു. ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതിൽ ആദ്യം വിമുഖത കാണിച്ച സോണിയാ ഗാന്ധി സഖ്യത്തിന് പച്ചകൊടി കാണിച്ചതായാണ് റിപ്പോർട്ട്.
എൻ.സി.പി മുഖ്യമന്ത്രിയാണ് ആദ്യം മഹാരാഷ്ട്രയിൽ അധികാരത്തിൽ ഏറുന്നതെങ്കിൽ അദ്ധ്യക്ഷൻ പവാറോ മകൾ സുപ്രിയ സൂലെയോ മുഖ്യമന്ത്രിയായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ശിവസേനയിൽ നിന്ന് ഉദ്ധവ് താക്കറെയാകും മുഖ്യമന്ത്രി. മൂന്ന് തട്ടിലുള്ള രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ച് കൈകോർക്കാൻ ഒരുങ്ങുമ്പോൾ പലവിധ പ്രശ്നങ്ങളും സഖ്യം മുന്നിൽ കാണുന്നുണ്ട്. ഈ സാഹചര്യത്തിൽ പാർട്ടികൾ തമ്മിലുള്ള ഏകോപനത്തിന് സമിതി രൂപീകരിക്കും. ശിവസേന തങ്ങളുടെ തീവ്ര ഹിന്ദുത്വ നിലപാടുകൾ ഉപേക്ഷിക്കാൻ തയ്യാറാകണമെന്ന കർശന നിർദ്ദേശവും കോൺഗ്രസും എൻ.സി.പിയും മുന്നോട്ട് വച്ചിട്ടുണ്ട്.