telangana-mla

ന്യൂഡൽഹി: തെലങ്കാന എം.എൽ.എ രമേശ് ചെന്നമനേനിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വസ്തുതകൾ ഒളിച്ചുവച്ചും വളച്ചൊടിച്ചും തെറ്റായ മാർഗങ്ങളിലൂടെയാണ് ടി.ആർ.എസ് എം.എൽ.എയായ രമേശ് തന്റെ പൗരത്വം കരസ്ഥമാക്കിയതെന്ന് കാണിച്ചാണ് കേന്ദ്രം അദ്ദേഹത്തിന്റെ പൗരത്വം എടുത്ത് കളഞ്ഞത്. രമേശ് ഇന്ത്യൻ പൗരനായി തുടരുന്നത് ജനങ്ങളുടെ നന്മയ്ക്ക് ഉതകുന്നതല്ല എന്നും കേന്ദ്രം പുറപ്പെടുവിച്ച 13 പേജുള്ള ഓർഡറിൽ പറയുന്നുണ്ട്. പൗരത്വത്തിനു അപേക്ഷിക്കുന്നതിന് മുൻപുള്ള ഒരു വർഷ കാലയളവിൽ രമേശ് ചെന്നമനേനി നടത്തിയ വിദേശ യാത്രകളുടെ വിവരങ്ങൾ അദ്ദേഹം മറച്ചുവച്ചുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. രമേശിന് ജർമൻ പൗരത്വം ഉണ്ടെന്നും 2009 ഇന്ത്യൻ പൗരത്വം ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം സമർപ്പിച്ച ഹർജിയിൽ ആവശ്യമായ നടപടിക്രമങ്ങൾ രമേശ് പാലിച്ചിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

രമേശിന്റെ അപേക്ഷയിൽ ആദ്യം പൗരത്വം അനുവദിച്ചിരുന്നുവെന്നും എന്നാൽ പിന്നീടാണ് ഒരു വർഷ കാലയളവിൽ താൻ രാജ്യത്ത് ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹം വെളിപ്പെടുത്തിയതെന്നും, ഇതറിഞ്ഞിരിന്നുവെങ്കിൽ പൗരത്വം അനുവദിക്കില്ലായിരുന്നുവെന്നും ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഓർഡറിൽ പറയുന്നുണ്ട്. എന്നാൽ തെലങ്കാന ഹൈക്കോടതി ഈ വിഷയത്തിൽ തനിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും പൗരത്വം റദ്ദാക്കിയ സ്ഥിതിക്ക് താൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നും 2009 മുതൽ എം.എൽ.എയായിരിക്കുന്ന രമേശ് ചെന്നമനേനി പ്രതികരിച്ചു. പൗരത്വം റദ്ദാക്കിയ അവസ്ഥയിൽ രമേശിന് ഇനി എം.എൽ.എയായി തുടരാൻ സാധിക്കില്ല. ഇരട്ടപൗരത്വം അനുവദിക്കാത്ത രാജ്യമാണ് ഇന്ത്യ. പൗരത്വമില്ലാത്ത ഒരാൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ വോട്ട് ചെയാനോ ഉള്ള അവകാശവും ഇല്ല.