സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ആരംഭിക്കുന്ന സെക്സ് എഡ്യൂക്കേഷനിൽ ആദ്യമായി പഠിപ്പിക്കുന്നത് ബന്ധങ്ങളെക്കുറിച്ചാണ്. കുടുംബം, സുഹൃത്തുക്കൾ, മറ്റു ബന്ധങ്ങൾ എല്ലാം കുട്ടികളെ പറഞ്ഞു മനസിലാക്കും. സമൂഹത്തിലുള്ള എല്ലാത്തരം ആളുകളെയും അംഗീകരിക്കാനുള്ള മാനസിക നിലയ്ക്ക് അടിസ്ഥാനമിടുകയാണ് ഈ വിദ്യാഭ്യാസം ചെയ്യുന്നത്. എന്തുകൊണ്ടാണ് കുട്ടികൾക്ക് കുടുംബങ്ങൾ ഉണ്ടാകേണ്ടത്?: കുട്ടികൾക്ക് സ്നേഹം, സുരക്ഷ, സ്ഥിരത എല്ലാം കുടുംബം നൽകുന്നു എന്നാണ് കുട്ടികളെ പഠിപ്പിക്കുന്നത്. അംഗങ്ങൾ തമ്മിൽ പ്രതിബദ്ധതയുള്ള, ഒരുമിച്ച് സമയം ചെലവിടുന്ന, ബുദ്ധിമുട്ടുള്ള സമയത്ത് ഒരുമിച്ച് നിൽക്കുന്ന, പരസ്പരം സഹായിക്കുന്ന, ബഹുമാനിക്കുന്ന മനസാണ് കുടുംബ ബന്ധത്തിന്റെ അടിസ്ഥാനം എന്നതാണ് പാഠം. ഭാവിയിൽ നല്ല കുടുംബബന്ധത്തിന് അടിത്തറയിടുക മാത്രമല്ല ഈ പാഠങ്ങൾ ചെയ്യുന്നത്. സ്വന്തം കുടുംബത്തിൽ കുട്ടികൾ പീഡനം അനുഭവിക്കുന്നുണ്ടെങ്കിൽ അത് തെറ്റാണെന്ന് മനസിലാക്കാനും കൂട്ടുകാരോടും അധ്യാപകരോടും പങ്കുവയ്ക്കാനുമുള്ള അവസരം ഉണ്ടാക്കുകയും കൂടിയാണ്. സൗഹൃദമാണ് അടുത്ത വിഷയം.
ഭാവിയിൽ പങ്കാളികളെ കണ്ടെത്തുമ്പോൾ തുല്യതയും ബഹുമാനവും നൽകണമെന്നും ലൈംഗിക ബന്ധങ്ങളുടെ കാര്യത്തിൽ സമ്മതം അടിസ്ഥാനമാണെന്നുമുള്ള പാഠങ്ങളുടെ അടിത്തറ നൽകലും ഈ വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. മൂന്നു വയസ് മുതലേ കുട്ടികൾ സ്മാർട്ട് ഫോണുകളും ടാബ്ലറ്റുകളുമായി ഇന്റർനെറ്റിൽ എത്തുന്നു. ഇന്റർനെറ്റിലൂടെ കുട്ടികളെ വളച്ചെടുക്കുന്ന പീഡകരുടെ എണ്ണവും കൂടിയ സാഹചര്യത്തിൽ ഓൺലൈൻ ബന്ധങ്ങളെയും അതിന്റെ സാദ്ധ്യതകളെയും ചതിക്കുഴികളെയും പറ്റി കുട്ടികളെ പറഞ്ഞു മനസിലാക്കണം. എങ്ങനെയാണ് സൈബർ ഇടങ്ങൾ സുരക്ഷിതമായി ഉപയോഗിക്കുന്നത്, ഏതെങ്കിലും തരത്തിൽ പീഡന ശ്രമമുണ്ടായാൽ ആരെയാണ് അറിയിക്കേണ്ടത് എന്നെല്ലാം കുട്ടികളെ പറഞ്ഞു മനസിലാക്കാം. കുടുംബം മുതൽ സൈബർ ഇടങ്ങളിൽ വരെയുള്ള ബന്ധങ്ങളുടെ രീതിയും പ്രാധാന്യവും മനസിലാക്കിയതിന് ശേഷമാണ് ലൈംഗിക വിദ്യാഭ്യാസത്തിലേക്ക് വരുന്നത്.
കൗമാരത്തോട്
അടുക്കുമ്പോൾ
നമ്മുടെ കുട്ടികൾ ഇപ്പോൾ വളരെ ചെറിയ പ്രായത്തിൽ തന്നെ ഇന്റർനെറ്റും സിനിമയും കാണുന്നുണ്ട്. ലൈംഗികതയുള്ള രംഗങ്ങൾ അവർ അവിടെ കണ്ടെന്നിരിക്കും. മാതാപിതാക്കൾ ചേർന്നിടപഴകുന്നതും കണ്ടേക്കാം. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കണമെങ്കിലും കുട്ടികൾ കാണുന്ന സാഹചര്യമുണ്ടായാൽ സ്നേഹമുള്ളവർ തമ്മിൽ കെട്ടിപ്പിടിക്കുന്നതും ഉമ്മവയ്ക്കുന്നതും സ്വാഭാവികവും ആരോഗ്യകരവുമാണെന്ന സന്ദേശമാണ് അവർക്ക് കൊടുക്കേണ്ടത്.
പെൺകുട്ടികളിൽ ആദ്യ ആർത്തവത്തിന്റെ പ്രായം കുറഞ്ഞു വരികയാണ്. ആൺകുട്ടികളും ചെറുപ്രായത്തിൽ തന്നെ പ്രായപൂർത്തിയിലെത്തുന്നു. പത്തുവയസിനു മുൻപേ ആർത്തവം എന്തെന്ന് പെൺകുട്ടികളെയും സ്വപ്നസ്ഖലനം എന്തെന്ന് ആൺകുട്ടികളെയും പറഞ്ഞു മനസിലാക്കണം. ഇവ സ്വാഭാവികമാണെന്നും ഭയപ്പെടാനില്ല എന്നുമായിരിക്കണം പ്രധാന സന്ദേശം. ഇത്തരം സാഹചര്യത്തിൽ ശരീരം എങ്ങനെ വൃത്തിയായി സൂക്ഷിക്കണമെന്നതും ലൈംഗികവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണം. ലൈംഗികത ഒരു പോസിറ്റിവ് സംഭവമാണെന്ന മനോഭാവം അടുത്ത തലമുറയിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ് പ്രധാനം.
എതിർപ്പുകൾ സ്വാഭാവികം
ലൈംഗിക വിദ്യാഭ്യാസത്തിനെതിരെ യാഥാസ്ഥിതികരുടെ എതിർപ്പ് എല്ലാക്കാലത്തും കേരളത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രി പറഞ്ഞതുപോലെ പുതിയൊരു പാഠ്യപദ്ധതിയുണ്ടാക്കിയാൽ അതിനെതിരെയും എതിർപ്പുകൾ ഉണ്ടാകുമെന്നുറപ്പാണ്. സ്കൂളുകളിൽ ബന്ധങ്ങളും ലൈംഗികതയും പഠിപ്പിക്കുന്നതിനെതിരെയുള്ള എതിർപ്പുകൾ നമുക്ക് അതിശയമായി തോന്നിയേക്കാം. യാഥാസ്ഥിതികർക്ക് അങ്ങനെ കാലദേശം ഒന്നുമില്ല. അവരൊക്കെ ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. ഇത്തരം പിന്തിരിപ്പന്മാരെ അവിടുത്തെ സർക്കാർ എങ്ങനെ നേരിടുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. ആദ്യം ചെയ്യുന്നത് എന്താണ് പഠിപ്പിക്കുന്നത് എന്ന കൃത്യമായ വിവരങ്ങളും അതെങ്ങനെ പഠിപ്പിക്കണമെന്ന അദ്ധ്യാപകർക്കുള്ള നിർദ്ദേശങ്ങളും പൊതുസഞ്ചയത്തിൽ വെളിപ്പെടുത്തുക എന്നതാണ്. ശേഷം ഇക്കാര്യത്തിൽ എതിർപ്പുള്ളവരോട് സംസാരിക്കുക, അവരുടെ വാദമുഖങ്ങൾ കേൾക്കുക, അവരെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുക. മതമൗലികവാദം കൊണ്ടോ സംസ്കാരത്തെയോ പാരമ്പര്യത്തെയോ കുറിച്ചുള്ള തെറ്റിദ്ധാരണകൾ കൊണ്ടോ ഇതിനോട് എതിർപ്പുള്ളവർ കുറച്ചു പേരെങ്കിലുമുണ്ടാകും. അവർക്ക് വേണ്ടി മൊത്തം പാഠ്യപദ്ധതി മാറ്റുകയല്ല ബ്രിട്ടീഷ് സർക്കാർ ചെയ്തത്. അവർക്ക് വേണമെങ്കിൽ അവരുടെ കുട്ടികളെ ഈ വിഷയങ്ങൾ പഠിപ്പിക്കുന്ന ക്ലാസുകളിൽ ഇരുത്തരുതെന്ന് എഴുതിക്കൊടുക്കാം. ഇത്തരക്കാരെ കുട്ടികൾ ഭാവിയിൽ കുറ്റപ്പെടുത്തുന്ന സാഹചര്യം ഉണ്ടായേക്കാം. ബന്ധങ്ങളെയും സെക്സിനെയും ഉൾപ്പെടുത്തി 2020 മുതൽ ബ്രിട്ടനിൽ നടപ്പിലാക്കാൻ പോകുന്ന പാഠ്യപദ്ധതിയെപ്പറ്റി അറിയാൻ : https://www.gov.uk/government/publications/relationships-education-relationships-and-sex-education-rse-and-health-education
( ലേഖകൻ ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ ഉദ്യോഗസ്ഥനും കേരളസാഹിത്യ അക്കാദമി അവാർഡ് ജേതാവുമാണ്. ലേഖിക മനഃശാസ്ത്ര വിദഗ്ദ്ധയും കരിയർ മെന്ററും ആണ്. അഭിപ്രായങ്ങൾ വ്യക്തിപരമാണ്. )