വയനാട്: സ്‌കൂളിൽ നിന്നും പാമ്പ് കടിയേറ്റ വിദ്യാർത്ഥിനി ഷഹ്‌ല ഷെറീൻ മരണപ്പെടാൻ അദ്ധ്യാപകരുടെ ഉദാസീനതയാണ് കാരണമെന്ന് ഷഹ്‌ലയുടെ സഹപാഠികൾ. പാമ്പ് കടിച്ച വിവരം ഷഹ്‌ല അറിഞ്ഞില്ലെന്നും ഷഹ്‌ലയുടെ കാലിൽ മുറിപ്പാടുകൾ കണ്ടപ്പോൾ തന്നെ താൻ അദ്ധ്യാപകരോട് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും എന്നാൽ ഷഹലയുടെ അച്ഛൻ വന്നശേഷം ശേഷം അവളെ ആശുപത്രിയിൽ കൊണ്ടുപൊയ്ക്കോളും എന്നാണ് അദ്ധ്യാപകർ പറഞ്ഞതെന്നാണ് ഷഹ്‌ലയുടെ സഹപാഠികൾ പറയുന്നത്. കുറച്ചുനേരം കഴിഞ്ഞ് ഷഹലയുടെ കാലിൽ നീലനിറം രൂപപ്പെട്ടതായി കണ്ടിട്ടും അദ്ധ്യാപകൻ ക്ലാസെടുക്കാൻ തുടർന്നുവെന്നും വിദ്യാർത്ഥിനികൾ പറയുന്നു.
എന്നാൽ പാമ്പ് കടിച്ചുവെന്ന് മനസിലായ ഉടനെ തന്നെ തങ്ങൾ ഷഹ്‌ലയെ ആശുപത്രയിൽ എത്തിച്ചുവെന്നും ജൂനിയർ ഡോക്ടർമാർ മാത്രം അവിടെ ഉണ്ടായിരുന്നതിനാൽ വിദ്യാർത്ഥിനിയുടെ ചികിത്സ വൈകുകയായിരുന്നു എന്നായിരുന്നു അദ്ധ്യാപകർ പറഞ്ഞിരുന്നത്. സംഭവത്തെ തുടർന്ന് സ്‌കൂളിന്റെ അനാസ്ഥയ്ക്കെതിരെ കുട്ടികളുടെ രക്ഷിതാക്കളും നാട്ടുകാരും വൻ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സുൽത്താൻ ബത്തേരിയിലെ സർവജന ഹൈസ്‌കൂളിൽ ഇന്നലെ വൈകിട്ട് മൂന്നര മണിയോടെയാണ് സംഭവം. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ഷഹല ഷെറീൻ (10). അഭിഭാഷകരായ പുത്തൻകുന്ന് ചിറ്റുരിലെ ഞെണ്ടൻവീട്ടിൽ അബ്ദുൾ അസീസിന്റെയും സജ്‌നയുടെയും മകളാണ്. സഹോദരങ്ങൾ: അമിയ ജെബിൻ, ആഖിൽ.