nishabdham

ഹോളിവുഡ് നടന്മാർ തെലുങ്ക് സിനിമയിൽ അഭിനയിക്കുന്നത് ഇപ്പോൾ വലിയ പുതുമയല്ലാതായിരിക്കുകയാണ്. സൂപ്പർ സംവിധായകൻ എസ്.എസ് രാജമൗലി 'ബാഹുബലി' സീരീസിന് ശേഷം സംവിധാനം ചെയ്യുന്ന 'ആർ.ആർ.ആർ' എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിദേശികളായ നടീനടന്മാരാണ് എന്ന വാർത്ത പുറത്ത് വന്ന ശേഷം, ഇപ്പോഴിതാ മറ്റൊരു തെലുങ്ക് ചിത്രത്തിലും ഹോളിവുഡ് നടൻ രംഗത്തെത്തുന്നു എന്നാണ് വിവരം. അനുഷ്കയും മാധവനും നായികാനായകൻമാരാകുന്ന 'നിശബ്ദം' എന്ന ചിത്രത്തിലാണ് ഈ അമേരിക്കൻ നടൻ അഭിനയിക്കുന്നത്. ആള് ചില്ലറക്കാരനൊന്നുമല്ല. വിശ്വപ്രസിദ്ധ സംവിധായൻ ക്വന്റിൻ ടാറന്റീനോയുടെ സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യമായ മൈക്കൽ മാഡ്‌സൺ ആണ് ഈ നടൻ.

ടാറന്റീനോയുടെ കിൽ ബിൽ, റിസർവോയർ ഡോഗ്സ്, ദ ഹേറ്റ്ഫുൾ എയിറ്റ്, ഒടുവിലത്തെ ചിത്രമായ വൺസ്‌ അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് എന്നീ ചിത്രങ്ങളിൽ മാഡ്‌സൺ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു. സ്ഥിരമായി നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രങ്ങളെയാണ് ഈ നടൻ കൂടുതലും അവതരിപ്പിച്ചിട്ടുള്ളത്. അതിനാൽ തന്നെ 'നിശബ്ദ'ത്തിൽ ഒരു വില്ലൻ കഥാപാത്രത്തെയാണ് മൈക്കൽ മാഡ്‌സൺ അവതരിപ്പിക്കുന്നതെന്ന് അഭ്യൂഹമുണ്ട്. ചിത്രത്തിൽ അമേരിക്കയിലെ സിയാറ്റിൽ പൊലീസിലെ ഉദ്യോഗസ്ഥനായ റിച്ചാർഡ് ഡിക്കൻസായാണ് മാഡ്‌സൺ പ്രത്യക്ഷപ്പെടുന്നത്. ഹേമന്ത് മധുകർ സംവിധാനം ചെയ്യുന്ന 'നിശബ്ദം' ഒരു ഹൊറർ സസ്‌പെൻസ് ചിത്രമാണ്. പൂർണമായും അമേരിക്കയിൽ ചിത്രീകരിച്ച 'നിശബ്ദം' തെലുങ്കിന് പുറമെ, തമിഴ്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങുന്നുണ്ട്.

കാഴ്ചവൈകല്യമുള്ള ആന്തണി എന്ന സെലിബ്രിറ്റി ഗായകനായാണ് ചിത്രത്തിൽ മാധവൻ അഭിനയിക്കുന്നത്.സാക്ഷി എന്ന ഊമയായ ചിത്രകാരിയായാണ് അനുഷ്‌കയുടെ കഥാപാത്രം. ചിത്രത്തിൻ്റെ ടീസറും ട്രെയിലറും ഏറെ ശ്രദ്ധ നേടിയിരുന്നു. 'നിശബ്ദം' എന്ന ചിത്രം ഒരു നിശബ്ദമായ ത്രില്ലറാണെന്നും അനുഷ്കയ്ക്ക് ചിത്രത്തിലെ സാക്ഷിയെ അവതരിപ്പിക്കാനായി ആംഗ്യഭാഷ പഠിക്കേണ്ടി വന്നെന്നും മുൻപ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചിത്രം നിർമ്മിക്കുന്നത് കോന ഫിലിം കോർപ്പറേഷനും പീപ്പിള്‍ മീഡിയ ഫാക്ടറിയും ചേർന്നാണ്.ഗോപി മോഹ, കൊന വെങ്കട് എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.