ipo

കൊച്ചി: തൃശൂർ ആസ്ഥാനമായുള്ള സി.എസ്.ബി ബാങ്കിന്റെ (പഴയ പേര് കാത്തലിക് സിറിയൻ ബാങ്ക്) പ്രാരംഭ ഓഹരി വില്‌പന (ഐ.പി.ഒ) ഇന്നുമുതൽ 26 വരെ നടക്കും. മൂലധന പ്രതിസന്ധി ഇല്ലാത്തതിനാൽ ലിസ്‌റ്രിംഗ് (ഓഹരി വിപണിയിലേക്കുള്ള പ്രവേശനം) ഉദ്ദേശിച്ചുള്ള ഐ.പി.ഒയാണ് ഒരുക്കുന്നത്.

ലവിലെ ഓഹരി ഉടമകൾ 1.97 കോടി ഓഹരികൾ 'ഓഫർ ഫോർ സെയിൽ" പ്രകാരം വിൽക്കും. 24 കോടി രൂപയുടെ പുതിയ ഓഹരികളും വിറ്രഴിക്കും. മൊത്തം 410 കോടി രൂപയുടെ സമാഹരണമാണ് പ്രതീക്ഷ. നിക്ഷേപകർക്ക് കുറഞ്ഞത് 75 ഓഹരികളോ അതിന്റെ ഗുണിതങ്ങളോ വാങ്ങാം. സമാഹരിക്കുന്ന തുക മൂലധന അടിത്തറ ശക്തമാക്കാനും ബേസൽ-3 മാനദണ്ഡങ്ങളും റിസർവ് ബാങ്കിന്റെ ചട്ടങ്ങളും പാലിക്കാനായും പ്രയോജനപ്പെടുത്തുമെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ സി.വി.ആർ. രാജേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

ആക്‌സിസ് കാപ്പിറ്റൽ ലിമിറ്റഡ്, ഐ.ഐ.എഫ്.എൽ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവയാണ് ഐ.പി.ഒയ്ക്ക് മേൽനോട്ടം (ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ) വഹിക്കുന്നത്. മൂലധന പ്രതിസന്ധിയും കിട്ടാക്കട വർദ്ധനയും മൂലം വലഞ്ഞിരുന്ന സി.എസ്.ബി ബാങ്കിന്റെ 51 ശതമാനം ഓഹരികൾ 1,208 കോടി രൂപയ്ക്ക് കനേഡിയൻ ശതകോടീശ്വരനും ഇന്ത്യൻ വംശജനുമായ പ്രേംവത്സയുടെ ഫെയർഫാക്‌സ് ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് സ്വന്തമാക്കിയിരുന്നു.

ഫെയർഫാക്‌സിന്റെ നോമിനിയും തോമസ്‌കുക്ക് ഇന്ത്യ ചെയർമാനുമായ മാധവൻ മേനോനാണ് ബാങ്കിന്റെ ചെയർമാൻ. സി.എസ്.ബി ബാങ്ക് റീട്ടെയിൽ ബാങ്കിംഗ് ഹെഡ് ഭരത് മണി, ഐ.പി.ഒ ഹെഡ് പി.വി. ആന്റണി, ഐ.ഐ.എഫ്.എൽ, സെക്യൂരിറ്രീസിന്റെ ഉജ്ജാവൽ കുമാർ എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

ഓഹരി വിപണിയിലേക്ക്

''പ്രതിസന്ധികളിൽ നിന്ന് സി.എസ്.ബി ബാങ്ക് മുക്തമായി. ഇനി വളർച്ചയുടെ കാലമാണ്. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും സാന്നിദ്ധ്യം ശക്തമാക്കും. റീട്ടെയിൽ വായ്‌പകളിൽ ശ്രദ്ധ കൂടുതൽ ചെലുത്തും. ഡിജിറ്റൽ രംഗത്തും മുന്നേറും"",

സി.വി.ആർ. രാജേന്ദ്രൻ,

എം.ഡി ആൻഡ് സി.ഇ.ഒ,

സി.എസ്.ബി ബാങ്ക്

ഓഹരി പങ്കാളിത്തം

ഒഴിവാക്കുന്നവർ

സി.എസ്.ബി ബാങ്കിന്റെ നിലവിലെ ഓഹരി ഉടമകൾ ഓഫർ ഫോർ സെയിൽ പ്രകാരം 1.97 കോടി ഓഹരികൾ ഐ.പി.ഒയിലൂടെ വിറ്രഴിക്കും. ഫെയർഫാക്‌സിന്റെ പങ്കാളിത്തം 50.09 ശതമാനത്തിൽ നിന്ന് 49.73 ശതമാനമായി കുറയും.

 ഫെഡറൽ ബാങ്ക് കൈവശമുള്ള 1.68 ശതമാനം ഓഹരികളും വിറ്രഴിക്കും

 റിലയൻസ് നിപ്പോൺലൈഫ്, എച്ച്.ഡി.എഫ്.സി ലൈഫ്, ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ എന്നിവയും ഓഹരി പങ്കാളിത്തം കുറയ്ക്കും

 ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് 2.1 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. അദ്ദേഹം ഓഹരികൾ വിറ്റൊഴിയുന്നില്ല

₹193-195

പത്തുരൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഓഹരിയും 193-195 രൂപ നിരക്കിലാണ് ബാങ്ക് വിറ്റഴിക്കുന്നത്.

ഓഹരി വിപണി

ബോംബെ സ്‌റ്രോക്ക് എക്‌സ്‌ചേഞ്ചിലും (ബി.എസ്.ഇ) ദേശീയ ഓഹരി വിപണിയിലും (എൻ.എസ്.ഇ) ഓഹരികൾ ലിസ്‌റ്ര് ചെയ്യും.

ലാഭത്തിന്റെ പാതയിൽ

ഫെയർഫാക്‌സിൽ നിന്ന് നിക്ഷേപം ലഭിച്ചതോടെ സി.എസ്.ബി ബാങ്കിന്റെ പ്രവർത്തനം മെച്ചപ്പെടുകയാണ്. നഷ്‌ടത്തിലായിരുന്ന ബാങ്ക് നടപ്പുവർഷം ആദ്യ ആറുമാസക്കാലയളവിൽ 44 കോടി രൂപയുടെ ലാഭം നേടി.

 മൊത്തം നിഷ്‌ക്രിയ ആസ്‌തി നിന്ന് 2.9 ശതമാനമായി കുറഞ്ഞു

 മൂലധന പര്യാപ്‌തതാ അനുപാതം 8.3 ശതമാനത്തിൽ നിന്ന് 22.8 ശതമാനത്തിലേക്ക് മെച്ചപ്പെട്ടു

 മൊത്തം നിക്ഷേപം ₹15,500 കോടി, വായ്‌പകൾ ₹11,300 കോടി

 ശാഖകൾ 412, എ.ടി.എം 290

 മൊത്തം പണമിടപാടിൽ 65 ശതമാനം ഡിജിറ്റൽ

 ഉപഭോക്താക്കൾ 13 ലക്ഷം, ജീവനക്കാർ 3,250

 16 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലും സാന്നിദ്ധ്യം

സ്വർണവായ്‌പ

ഗോൾഡ് ലോൺ, കാർഷിക വായ്‌പ, എം.എസ്.എം.ഇ വായ്‌പ, വാഹന വായ്‌പ, ഭവന വായ്‌പ എൻ.ആർ.ഐ നിക്ഷേപം എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് വളരാനാണ് ബാങ്കിന്റെ ലക്ഷ്യമെന്ന് സി.വി.ആർ. രാജേന്ദ്രൻ പറഞ്ഞു.

 ബാങ്കിന്റെ മൊത്തം വായ്‌പകളിൽ 33% സ്വർണ വായ്‌പകളാണ്

 സ്വർണവായ്‌പകളുടെ വളർച്ച 24 ശതമാനം

 പ്രതിമാസം 1,000 ടൂവീലർ വായ്‌പകൾ ബാങ്ക് കേരളത്തിൽ നൽകുന്നു

 കോർപ്പറേറ്റുകൾക്കും പ്ളാന്റേഷനുകൾക്കും വായ്‌പയില്ല