maharashtra

മുംബയ്: മഹാരാഷ്ട്രയിൽ ബി.ജെ.പി ഇതര സർക്കാർ രൂപീകരണം സംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിലേക്ക്. സർക്കാർ പ്രഖ്യാപനം ഇന്ന് നടന്നേക്കും. ശിവസേന - എൻ.സി.പി - കോൺഗ്രസ് പാർട്ടികൾ ചേർന്ന് ഇന്ന് സംയുക്ത വാർത്താസമ്മേളനം നടത്തുമെന്നാണ് റിപ്പോർട്ട്. മൂന്ന് പാർട്ടികളിലെയും നേതാക്കൾ മുംബയിൽ നടത്തുന്ന ചർച്ചയ്ക്ക് ശേഷമായിരിക്കും ഒൗദ്യോഗിക പ്രഖ്യാപനം.

മുഖ്യമന്ത്രിസ്ഥാനം രണ്ടര വർഷം വീതം ശിവസേനയ്ക്കും എൻ.സി.പിക്കുമായി പങ്കിടുക എന്നതാണ് ഇരു പാർട്ടികളും തമ്മിലുള്ള പ്രധാന ധാരണ. എന്നാൽ, പൂർണമായും വഴങ്ങാൻ ശിവസേന തയ്യാറായിട്ടില്ല. ഈ ഉപാധി അംഗീകരിച്ചാലും ആദ്യ ടേം വിട്ടുനൽകില്ല എന്ന നിലപാട് ശിവസേന നേതാക്കൾ എൻ.സി.പി-കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതായും വിവരമുണ്ട്‌. എൻ.സി.പിക്ക് ആദ്യ ടേം ലഭിച്ചാൽ ശരദ് പവാർ തന്നെ മുഖ്യമന്ത്രിയാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. പവാറിന്റെ മകൾ സുപ്രിയ സുലെ, അജിത് പവാർ എന്നിവരുടെ പേരുകളും മുഖ്യമന്ത്രിസ്ഥാനത്തേക്ക് കേൾക്കുന്നുണ്ട്. അതേസമയം, കോൺഗ്രസിന്റെ കടുംപിടിത്തമാണ് ആദ്യ ടേം എൻ.സി.പിക്ക് കിട്ടാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ ശേഷിക്കുന്ന രണ്ടര വർഷം ശിവസേനയ്ക്ക് മുഖ്യമന്ത്രിസ്ഥാനം ലഭിക്കും. ശിവസേനയിൽ നിന്ന് ഉദ്ധവ് താക്കറെയാകും മുഖ്യമന്ത്രി സ്ഥാനത്തേക്ക്. ഇത് സംബന്ധിച്ച അന്തിമ പ്രഖ്യാപനവും ഇന്ന് ഉണ്ടായേക്കും. ഉപമുഖ്യമന്ത്രി സ്ഥാനം പൂർണമായും കോൺഗ്രസിന് ലഭിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതിൽ ആദ്യം വിമുഖത കാണിച്ച സോണിയാ ഗാന്ധി സഖ്യത്തിന് പച്ചക്കൊടി കാണിച്ചതായാണ് റിപ്പോർട്ട്.

 ഏകോപന സമിതി രൂപീകരിക്കും

വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുള്ള രാഷ്ട്രീയ പാർട്ടികൾ ഒരുമിക്കുമ്പോൾ പല പ്രശ്നങ്ങളും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പാർട്ടികൾ തമ്മിലുള്ള ഏകോപനത്തിന് സമിതി രൂപീകരിക്കും. ശിവസേന തങ്ങളുടെ തീവ്ര ഹിന്ദുത്വ നിലപാടുകൾ ഉപേക്ഷിക്കാൻ തയ്യാറാകണമെന്ന കർശന നിർദ്ദേശം കോൺഗ്രസും എൻ.സി.പിയും മുന്നോട്ട് വച്ചിട്ടുണ്ട്. ശിവസേന മതേതരത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് കോൺഗ്രസ് പറയുന്നത്. ഇരു പാർട്ടികളുടെയും വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുടെ പശ്ചാത്തലത്തിലാണ് കോൺഗ്രസിന്റെ ഈ നിലപാട്. ‘ശിവസേനയുമായുള്ള സഖ്യം മതേതര ആശയത്തിൽ ഉൗന്നി മാത്രമാണെന്നും സഖ്യത്തിന് സാമുദായിക അജൻഡ ഉണ്ടാവില്ലെന്നും അത് യഥാർത്ഥ ലിബറൽ ആണെന്ന് ശിവസേന ഉറപ്പ് നൽകിയെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.