ന്യൂഡൽഹി: ബി.ജെ.പി എം.പിയും മാലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായ പ്രഞ്ജാ സിംഗ് താക്കൂറിനെ പ്രതിരോധ മന്ത്രാലയത്തിന്റെ പാർലമെന്ററി ഉപദേശക സമിതിയിൽ ഉൾപ്പെടുത്തി. 21 പാർലമെന്റ് അംഗങ്ങളുള്ള സമിതിയുടെ അദ്ധ്യക്ഷൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ്. പ്രതിരോധ കാര്യങ്ങളിൽ പാർലമെന്റിലെ നയങ്ങളിൽ തീരുമാനം ഈ സമിതിയുടെ ഉപദേശം കൂടി പരിഗണിച്ചാണ് രൂപപ്പെടുത്തുന്നത്. പ്രതിപക്ഷ നേതാക്കളായ ശരത് പവാറും ഫറൂഖ് അബ്ദുള്ളയും സമിതിയിലുണ്ട്. മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന പ്രജ്ഞയുടെ പ്രസ്താവന ഏറെ വിവാദമുണ്ടാക്കിയിരുന്നു. ഭോപ്പാലിൽ നിന്നുള്ള എം.പിയാണ് പ്രഞ്ജ.